33 പന്തിൽ 73, മുൻ ആർസിബി താരം അടിച്ചത് അഞ്ച് സിക്സുകൾ; യുപിയെ തകർത്ത് ഡൽഹി സെമിയിൽ- വിഡിയോ
Mail This Article
ബെംഗളൂരു∙ ഉത്തർപ്രദേശിനെ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ഡൽഹി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 19.5 ഓവറിൽ 174 റൺസെടുത്തു പുറത്താകുകയായിരുന്നു. ഡൽഹിയുടെ വിജയം 19 റൺസിന്. 13 ന് നടക്കുന്ന സെമി ഫൈനലിൽ മധ്യപ്രദേശാണ് ഡൽഹിയുടെ എതിരാളികൾ.
മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ഡൽഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്രിയാൻഷ് ആര്യയും യാഷ് ദുളും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 81 റൺസാണ് ഡൽഹിക്കുവേണ്ടി ചേർത്തത്. 31 പന്തുകൾ നേരിട്ട പ്രിയാൻഷ് 44 റൺസും 34 പന്തുകൾ നേരിട്ട യാഷ് 42 റൺസുമെടുത്തു പുറത്തായി. 33 പന്തിൽ 73 റൺസടിച്ച അനൂജ് റാവത്തിന്റെ ബാറ്റിങ്ങായിരുന്നു ഡൽഹി സ്കോർ അതിവേഗം ഉയർത്തിയത്.
അഞ്ച് സിക്സുകളും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തി. ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് ഗുജറാത്ത് ടൈറ്റൻസ് അനൂജ് റാവത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിച്ച താരത്തെ ക്ലബ്ബ് നിലനിർത്തിയിരുന്നില്ല. ലേലത്തിൽ വന്നപ്പോൾ താരത്തെ വാങ്ങാനും ആർസിബിക്കു താൽപര്യമില്ലായിരുന്നു. 3.40 കോടി രൂപയായിരുന്നു ആർസിബിയിൽ അനൂജിന്റെ പ്രതിഫലം.
യുപിയുടെ മറുപടി ബാറ്റിങ്ങിൽ അര്‍ധ സെഞ്ചറി നേടിയ പ്രിയം ഗാർഗിനു മാത്രമാണു മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചത്. 34 പന്തുകൾ നേരിട്ട താരം 54 റൺസടിച്ച് പുറത്തായി. സമീർ റിസ്‍വി (16 പന്തിൽ 27), ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ (13 പന്തിൽ 20) എന്നിവരാണ് യുപിയുടെ മറ്റ് പ്രധാന സ്കോറർമാർ. ഡൽഹിക്കു വേണ്ടി പ്രിൻസ് യാദവ് മൂന്നും സുയാഷ് ശർമ, ആയുഷ് ബദോനി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.