മിക്ക കളികളിലും 4 ഓവർ എറിയിക്കാതെ ക്യാപ്റ്റന്റെ അവഗണന; ഒടുവിൽ കൊൽക്കത്തയ്ക്കെതിരെ മൂല്യം തെളിയിച്ച് ചെഹൽ മാജിക്– വിഡിയോ

Mail This Article
ചണ്ഡിഗഡ്∙ 18 കോടി രൂപയ്ക്ക് ഇത്തവണ പഞ്ചാബ് കിങ്സ് ടീമിലെത്തിയ യുസ്‍വേന്ദ്ര ചെഹൽ തന്റെ മൂല്യം തെളിയിച്ച മത്സരമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടം. സീസണിലെ ആദ്യ 5 മത്സരങ്ങളിലായി 15 ഓവർ പന്തെറിഞ്ഞ ചെഹൽ 167 റൺസ് വഴങ്ങി നിരാശപ്പെടുത്തിയിരുന്നു. നേടാനായത് 2 വിക്കറ്റ് മാത്രവും. മിക്ക മത്സരങ്ങളിലും ചെഹലിനെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 4 ഓവർ എറിയിച്ചതുമില്ല.
എന്നാൽ ഇന്നലെ എട്ടാം ഓവറിൽ ചെഹലിനെ പന്തേൽപിച്ച ശ്രേയസിന്റെ തീരുമാനം കളിയിൽ വഴിത്തിരിവായി. അജിൻക്യ രഹാനെ, ആംഗ്‌ക്രിഷ് രഘുവംശി, റിങ്കു സിങ്, രമൺദീപ് സിങ്, എന്നിവരുടെ വിക്കറ്റുകൾ ആദ്യ 3 ഓവറുകൾക്കുള്ളിൽ സ്വന്തമാക്കി ചെഹൽ പഞ്ചാബിന്റെ വിജയശിൽപിയായി.
അതേസമയം, തോളിനേറ്റ പരുക്കുമായി കളിച്ചാണ് ചെഹൽ പഞ്ചാബിന്റെ വിജയശിൽപിയായതെന്ന് മത്സരശേഷം സംസാരിക്കവെ പരിശീലകൻ റിക്കി പോണ്ടിങ് വെളിപ്പെടുത്തി. കഴിഞ്ഞ മത്സരത്തിനിടെയാണ് ചെഹലിന് പരുക്കേറ്റതെന്നും, യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് കളിക്കാൻ തയാറായത് അദ്ദേഹം തന്നെയാണെന്നും പോണ്ടിങ് വെളിപ്പെടുത്തി.
‘‘ചെഹലിനെക്കുറിച്ച് എന്തു പറയാനാണ്. ഉജ്വലമായ പ്രകടനം. ഈ മത്സരത്തിനു മുന്നോടിയായി ചെഹലിന് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ തോളിനു പരുക്കേറ്റ സാഹചര്യത്തിലായിരുന്നു ടെസ്റ്റ്. തുടർന്ന് ചെഹലുമായി ഞാൻ സംസാരിച്ചിരുന്നു. യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ധൈര്യം തന്നതും കളിക്കാൻ തയാറായതും ചെഹൽ തന്നെയാണ്’ – പോണ്ടിങ് വെളിപ്പെടുത്തി.
അതേസമയം കഴിഞ്ഞ മത്സരത്തിൽ 4 ഓവറിൽ 56 റൺസ് വഴങ്ങിയിരുന്നെങ്കിലും, ഒരു ഘട്ടത്തിലും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്ന് ചെഹൽ മത്സരശേഷം പറഞ്ഞു. ‘‘ഈ വിജയം ടീമിന്റെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ്. കളിയിലുടനീളം പോസിറ്റീവായിരിക്കാനാണ് ശ്രമിച്ചത്. പവർപ്ലേയിൽ 2–3 വിക്കറ്റുകൾ വീഴ്ത്താനായാൽ മത്സരത്തിൽ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവരുടെ സ്പിന്നർമാർക്ക് പിച്ചിൽനിന്ന് നല്ല ടേൺ ലഭിച്ചിരുന്നു. ഞങ്ങൾക്കും അതു ഗുണകരമായി.’ – ചെഹൽ പറഞ്ഞു.
‘‘ഞാൻ ആദ്യ പന്ത് എറിഞ്ഞപ്പോൾത്തന്നെ നല്ല ടേൺ ലഭിച്ചിരുന്നു. ഇതോടെ ഒരു സ്ലിപ്പ് കൂടി ഇട്ടാലോ എന്ന് ശ്രേയസ് ചോദിച്ചു. ഞങ്ങൾക്ക് കുറച്ചു റൺസേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, എത്രയും വേഗം വിക്കറ്റുകൾ എടുക്കുക മാത്രമായിരുന്നു ജയിക്കാനുള്ള മാർഗം.’ – ചെഹൽ പറഞ്ഞു.
‘‘കഴിഞ്ഞ മത്സരത്തിൽ നാല് ഓവറിൽ 56 റണ്‍സ് വഴങ്ങിയെങ്കിലും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ബാറ്റർമാരെ എങ്ങനെ പുറത്താക്കണമെന്ന ചിന്തയാണ് എപ്പോഴും എന്റെയുള്ളിൽ. അതുകൊണ്ട് ഞാൻ പന്തിന്റെ വേഗം കൂട്ടിയും കുറച്ചും പരീക്ഷണം നടത്തും. ഇത്തരം മത്സരങ്ങളിൽ വിജയം നേടുമ്പോൾ ടീമിന്റെ ആത്മവിശ്വാസം കുത്തനെ കൂടും. പഞ്ചാബ് ജഴ്സിയിൽ എന്റെ ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരമാണിത്. സ്വന്തം കഴിവിൽ വിശ്വസിച്ചാൽ കൂടുതൽ വിജയങ്ങൾ സ്വന്തമാക്കാനാകുമെന്നാണ് എന്റെ വിശ്വാസം’ – ചെഹൽ പറഞ്ഞു.