തിരുവനന്തപുരം∙ എതിരാളികളുടെ പ്രതിരോധം കുത്തിമലർത്തിയ ലക്ഷണമൊത്ത ഇരട്ട ഗോളുകളുമായി സ്വന്തം മണ്ണിലെ അരങ്ങേറ്റ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിന് വിജയം (2–0). സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ, തൃശൂർ മാജിക് എഫ്സിക്കെതിരെ പാലക്കാട്ടുകാരൻ ടി.എം.വിഷ്ണുവും മിസോറാം താരം ലാൽ മംഗയിസംഗയുമാണ് ഗോളുകൾ നേടിയത്. രണ്ടിനും വഴിയൊരുക്കിയത് ബ്രസീലിയൻ നായകനായ പാട്രിക് മോത്ത.
15–ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. കൊമ്പൻസിനു കോർണർ കിക്ക്. കിക്കെടുത്തതു മോത്ത. വലതു വിങ്ങിൽ നിന്നു പോസ്റ്റിന് ഇടതു വശത്ത് മുന്നിലായി നിലയുറപ്പിച്ചിരുന്ന ടി.എം.വിഷ്ണുവിനു തലപ്പാകത്തിൽ പന്ത് വളഞ്ഞെത്തി. മാർക്ക് ചെയ്യപ്പെടാതെ നിന്ന വിഷ്ണു അത് മനോഹരമായി പോസ്റ്റിലേക്ക് െഹഡ് ചെയ്തപ്പോൾ ഗോളി സഞ്ജീബൻ ഘോഷിനും നിലതെറ്റി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഗാലറിയിലെ അയ്യായിരത്തിലേറെ ആരാധകർക്ക് ആഘോഷമായി ലക്ഷണമൊത്ത കൊമ്പൻസ് ഗോൾ.
23–ാം മിനിറ്റിൽ അഖിൽ ചന്ദ്രന്റെ ഫൗളിന് തൃശൂരിന് അനുകൂലമായ ഫ്രീകിക്ക് കൊമ്പൻസ് പ്രതിരോധത്തിൽ തട്ടി തിരികെ വന്നത് നായകൻ സി.കെ.വിനീത് ബൈസിക്കിൾ കിക്കിലൂടെ പോസ്റ്റിലേക്ക് തിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും മുകളിലൂടെ പുറത്തേക്കാണ് പോയത്. ഇതിനിടെ റഫറിയുമായി തർക്കിച്ച തൃശൂർ ഗോളി സഞ്ജീബൻ ഘോഷ് മഞ്ഞക്കാർഡ് ചോദിച്ചു വാങ്ങി. 69–ാം മിനിറ്റിലായിരുന്നു തൃശൂരിന്റെ ആത്മവിശ്വാസം തകർത്ത രണ്ടാം ഗോൾ.
30 വാരയോളം അകലെ നിന്ന് മോത്തയുടെ ഫ്രീക്കിക്ക് പോസ്റ്റിന്റെ വലതുവശത്തു നിന്നിരുന്ന ഉയരക്കാരനായ കൊമ്പൻസിന്റെ ബ്രസീലിയൻ താരം മാർക്കോസ് വൈൽഡർ ക്ലിയർ ചെയ്ത് ഇടതു ഭാഗത്തേക്കു ഹെഡ് ചെയ്തു നൽകി. നിരങ്ങിയെത്തിയ ലാൽ മംഗയിസംഗ അത് കൃത്യമായി പോസ്റ്റിലെത്തിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കൊമ്പൻസിന്റെ ആദ്യ ജയമാണിത്. തൃശൂരിന്റെ തുടർച്ചയായ രണ്ടാം തോൽവിയും.
English Summary:
Super League Kerala, Thiruvananthapuram Kombans beat Thrissur Magic FC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.