0.06 സെക്കൻഡ്! മിക്സ്ഡ് റിലേ ടീമിന് യോഗ്യത നഷ്ടമായത് തലനാരിഴയ്ക്ക്
Mail This Article
കൊളംബോ ∙ സെക്കൻഡിന്റെ നൂറിൽ 6 അംശം (0.06). അത്ര ചെറിയ വ്യത്യാസത്തിൽ ഇന്ത്യൻ മിക്സ്ഡ് റിലേ ടീമിനു നഷ്ടമായത് ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യത. അടുത്തമാസം ഹംഗറിയിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ സമയപരിധി ഞായറാഴ്ച അവസാനിച്ചപ്പോൾ റാങ്കിങ്ങിൽ 17–ാം സ്ഥാനത്താണ് ഇന്ത്യൻ മിക്സ്ഡ് റിലേ ടീം. ആദ്യ 16 സ്ഥാനക്കാർക്കു മാത്രമാണ് യോഗ്യത. 16–ാം സ്ഥാനത്തുള്ള കെനിയൻ ടീമിന്റെ (3.14.64 സെക്കൻഡ്) പ്രകടനത്തെക്കാൾ 0.06 സെക്കൻഡ് മാത്രം പിന്നിലായതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്.
അവസാന നിമിഷത്തെ അതിവേഗ കുതിപ്പിൽ ലോക ചാംപ്യൻഷിപ്പിന് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം ഞായറാഴ്ച ശ്രീലങ്കൻ ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിച്ചത്. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, ഹിമാൻഷി മാലിക്, ഐശ്വര്യ മിശ്ര എന്നിവരടങ്ങിയ ടീം ശ്രീലങ്കയെ തോൽപിച്ച് മിക്സ്ഡ് റിലേ സ്വർണം നേടിയെങ്കിലും റാങ്കിങ് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. യോഗ്യത നേടിയ 16 ടീമുകളിലാരെങ്കിലും പിൻമാറിയാൽ മാത്രമേ ഇന്ത്യയ്ക്കു ഇനി സാധ്യതയുള്ളൂ. 2019ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിൽ ഇടം നേടിയ ഇന്ത്യൻ മിക്സ്ഡ് റിലേ ടീമിന് കഴിഞ്ഞവർഷത്തെ ചാംപ്യൻഷിപ്പിനു യോഗ്യത നേടാനായിരുന്നില്ല.
രോഹിത്തിന് പകരം കിഷോർ കുമാർ
കൈമുട്ടിനു പരുക്കേറ്റ രോഹിത് യാദവിന് പകരം ജാവലിൻത്രോ താരം കിഷോർ കുമാർ ജെന ഇന്ത്യൻ ഏഷ്യൻ ഗെയിംസ് ടീമിൽ. പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്രയ്ക്കൊപ്പം ഒഡീഷ സ്വദേശിയായ കിഷോർ കുമാർ മത്സരിക്കും. കഴിഞ്ഞദിവസം ശ്രീലങ്കൻ ദേശീയ ചാംപ്യൻഷിപ്പിൽ കരിയറിലെ മികച്ച പ്രകടനത്തോടെ (84.38 മീറ്റർ) കിഷോർ സ്വർണം നേടിയിരുന്നു.
English Summary: Indian mixed relay team misses upcoming World Athletics Championships