ജാപ്പനീസ് ജിംനാസ്റ്റ് അകിനോരി നകയാമ അന്തരിച്ചു

Mail This Article
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
1972 മ്യൂണിക് ഒളിംപിക്സിൽ ഓൾറൗണ്ട് ടീം, റിങ്സ് എന്നിവയിൽ സ്വർണം നിലനിർത്തി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും നേടി. ആകെ 6 സ്വർണം, 2 വെളളി, 2 വെങ്കലം എന്നിങ്ങനെയാണ് ഒളിംപിക് മെഡൽ നേട്ടം. ലോക ചാംപ്യൻഷിപ്പുകളിൽ 7 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയിട്ടുണ്ട്. ജപ്പാൻ ജിംനാസ്റ്റിക്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.