ADVERTISEMENT

സീരിയൽ താരം സാധിക വേണുഗോപാൽ. പലർക്കും പരിചയവും പറഞ്ഞു കേട്ടതുമെല്ലാം ഇങ്ങനെയായിരിക്കും. മഴവിൽ മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയലിലെ താമരയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി. പക്ഷേ, ഇന്ന് സാധികയ്ക്ക് ഏറെ ഇഷ്ടം മോഡലിങ്ങിനോടാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും ബോൾഡ് ഫാഷൻ സെൻസുകൊണ്ടും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാധിക. സ്റ്റൈൽ മാത്രമല്ല, വിമർശനങ്ങളോടുള്ള സാധികയുടെ നിലപാടും ആർക്കും ഇഷ്ടപ്പെടുന്നതാണ്. വിമർശിക്കുന്നവരെ വായടപ്പിക്കുന്ന തരത്തിൽ കുറിക്കു കൊള്ളുന്ന മറുപടിയും സാധികയ്ക്കുണ്ട്. നടിയായാണ് കൂടുതൽ പേർക്കും പരിചയമെങ്കിലും മോഡലിങ്ങാണ് സാധികയുടെ ജീവിതം മാറ്റിമറച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും മോഡലിങ്ങിലൂടെ. ഏറെ ഇഷ്ടപ്പെട്ട മോഡലിങ്ങിനെയും കരിയർ യാത്രയെ പറ്റിയും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് സാധിക വേണുഗോപാൽ. 

അച്ഛന്റെ പരസ്യങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി
സംവിധായകനായ അച്ഛനാണ് സാധികയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ‘അച്ഛന്റെ പല പരസ്യങ്ങളിലും പലപ്പോഴും കുട്ടികളുടെ സീൻ വരും. അപ്പോൾ അച്ഛന്‍ എന്നെയും അനുജനെയുമൊക്കെ കൂടെ കൂട്ടും. അങ്ങനെയാണ് ഞാൻ ശരിക്കും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. അന്നൊന്നും മോഡലിങ്ങിനെ പറ്റിയും അഭിനയത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. ഫാഷൻ ഡിസൈനിങ്ങിനോട് അന്നും ഇഷ്ടമായിരുന്നു. ക്യാമറയ്ക്ക് പുറകിൽ നിൽക്കാനായിരുന്നു ആഗ്രഹം. പിന്നീട് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുഹൃത്തുക്കള്‍ എന്നോട് മോഡലിങ്ങിനെ പറ്റി പറയുന്നത്. നല്ല ഉയരമൊക്കെ ഉള്ളതു കൊണ്ട് മോഡലിങ്ങിലെത്തിയാൽ നന്നാവുമെന്ന് അവരാണ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ ആദ്യമായി ഒരു കവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. 2007ൽ ‘മനോരമയ്ക്ക്’ വേണ്ടി ഒരു ക്യാമ്പസ് മോഡലായാണ് ആദ്യമായി പോസ് ചെയ്തത്. അതിന് ശേഷം എനിക്ക് കിട്ടിയ റസ്പോൺസാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഒരുപാട് നന്നായി എന്നൊക്കെ പലരും പറഞ്ഞു. പിന്നീട് മോഡലിങ്ങ് പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് ഒരുപാടു പരസ്യങ്ങളും ചെയ്തു. അതിനു ശേഷമാണ് സീരിയൽ എന്നെത്തേടി എത്തുന്നത്. അതിനിടയിൽ ചില സിനിമകളിലും ഭാഗമായി. സീരിയലിൽ തിളങ്ങിയെങ്കിലും എനിക്ക് മോഡലിങ്ങ് തന്നെയായിരുന്നു ഇഷ്ടം. ഇപ്പോഴും ഒരു നല്ല മോഡലായി അറിയപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 

chat-with-sadhika-venugopal4
Image Credits: Instagram/radhika_venugopal_sadhika

എന്ത്! എന്ന് പലരും ചോദിച്ചു
ഞാൻ മോഡലിങ്ങിലൂടെയാണ് സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ താമരയായാണ് എന്നെ പലരും കണ്ടത്. എല്ലാവരും കരുതുന്നതും എന്റെ തുടക്കം അതാണെന്നാണ്. അതുകൊണ്ട് തന്നെ സീരിയലിന് ശേഷം ഞാൻ മോഡലിങ്ങിലേക്ക് എത്തിയപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചു. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ഞാൻ ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. പിന്നെ അന്ന് സമൂഹമാധ്യമങ്ങൾ ഒന്നും ഒട്ടും സജീവമല്ലാത്തതുകൊണ്ട് പണ്ട് ഞാൻ ചെയ്തതൊന്നും ആരും അറിഞ്ഞില്ല. സീരിയലിൽ അഭിനയിച്ചതോടെ വേഷമൊക്കെ മാറ്റി തുടങ്ങി എന്നായി പലരും. ഒരു നാടൻ കഥാപാത്രമായിരുന്നു സീരിയലിലേത്. അതിൽ നിന്ന് എന്നെ ഗ്ലാമറസ് വേഷത്തിലൊക്കെ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ല. 

മോഡലിങ്ങിലേക്ക് അട്രാക്റ്റ് ചെയ്തത് കോസ്റ്റ്യൂം
ഫോട്ടോഷൂട്ടുകളോട് പണ്ടൊക്കെ താൽപര്യം ഇല്ലായിരുന്നെങ്കിലും ചെയ്ത് തുടങ്ങിയപ്പോൾ മോഡലിങ്ങിനെ ഞാൻ ഏറെ ഇഷ്ടപ്പെട്ടു. കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നതും മോഡലിങ്ങാണ്. ഒരിക്കലും ഇനി അതിനെ കൈവിടാൻ താൽപര്യമില്ല. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കുറച്ച് കാലം ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ മാറി നിന്നിരുന്നു. പക്ഷേ, അപ്പോഴും ഞാൻ ഇടയ്ക്കിടയ്ക്ക് കോസ്റ്റ്യൂമിട്ട് എന്റെ ഫോണിൽ തന്നെ ഫോട്ടോസ് എടുക്കുമായിരുന്നു. പലപ്പോഴും എന്റെ സുഹൃത്തുക്കൾ പോലും സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ എനിക്ക് പരിഭവമില്ല. പക്ഷേ, ഫാഷൻ ഷോയ്ക്കോ, ഫോട്ടോഷൂട്ടിനോ എന്നെ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോട് അവസരം ചോദിച്ച് വാങ്ങിക്കാറുണ്ട്. 

chat-with-sadhika-venugopal2
Image Credits: Instagram/radhika_venugopal_sadhika

ശരിക്കും കോസ്റ്റ്യൂമാണ് എന്നെ മോഡലിങ്ങിലേക്ക് അട്രാക്റ്റ് ചെയ്തത്. ഫാഷൻ ഡിസൈനിങ്ങ് പണ്ടേ ഇഷ്ടമായിരുന്നു. പിന്നെ ആഭരണങ്ങളുമൊക്കെ ഒരുപാട് ഇഷ്ടമാണ്. മോ‍‍ഡലിങ്ങിൽ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്. നന്നായി വസ്ത്രം ധരിക്കാനും ആഭരണങ്ങൾ സ്റ്റൈൽ ചെയ്യാനൊക്കെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. 

എക്സ്പോസ് ചെയ്യാൻ വേണ്ടി ചെയ്യുന്നതല്ല...അതാണ് അതിന്റെ ഭംഗി
ഞാൻ ചെയ്യുന്നത് എക്സ്പോസ് ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോൾ വയറൊക്കെ ചിലപ്പോൾ കാണിക്കേണ്ടി വരും. അല്ലാതെ മൂടിപുതച്ച് വച്ചാൽ സാരിയുടെ ഭംഗി കിട്ടില്ലല്ലോ. ലഹങ്കയാണെങ്കിൽ ചിലപ്പോൾ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണ്. കോസ്റ്റ്യൂം ധരിക്കുമ്പോൾ ചുമ്മാ ഇട്ടാൽ പോരല്ലോ. അതിന്റെ ഭംഗിയിൽ തന്നെ ധരിക്കണം. അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് കംഫർട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാൻ ധരിക്കും. ബിക്കിനി ധരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. കാരണം അത് എനിക്ക് കംഫർട്ടാവില്ല എന്നൊരു തോന്നലുണ്ട്. അവസരം കിട്ടിയിട്ടും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. പക്ഷേ, ബാക്കി എല്ലാം പരമാവധി ട്രൈ ചെയ്തിട്ടുണ്ട്. 

മോഡലിങ്ങിൽ ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിന്നാൽ പിന്നെ നമ്മളെ വിളിക്കാനൊന്നും ആരുമുണ്ടാവില്ല. ഞാൻ എന്റെ കരിയറിൽ ഓരോ റെസ്ട്രിക്ഷൻസും ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യ കാലത്തൊന്നും ഞാൻ പല വസ്ത്രങ്ങളും ഇടാൻ തയാറാവുമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നിട്ട് കാര്യമില്ല. നമ്മൾ തന്നെ നമുക്കുണ്ടാക്കുന്ന റസ്ട്രിക്ഷൻ ബ്രേക്ക് ചെയ്യണം. എന്നാലേ കരിയർ വളരൂ. 

സാരിയാണ് ഇഷ്ടം. സാരി ഉടുത്തിട്ടുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഏറ്റവും കംഫർട്ടബിളായി ധരിക്കാൻ പറ്റുന്നതും അതു തന്നെയാണ്. എനിക്ക് കംഫർട്ടബിളായിട്ടുള്ള വസ്ത്രങ്ങളൊക്കെ ധരിക്കും. ദീപിക, പ്രിയങ്ക, കങ്കണ, വിദ്യാ ബാലൻ എന്നിവരുടെയൊക്കെ സ്റ്റൈലും ഫാഷനുമൊക്കെ എന്നെ ഒരുപാട് അട്രാക്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ പാറ്റേണൊക്കെ ഫോളോ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. 

chat-with-sadhika-venugopal1
Image Credits: Instagram/radhika_venugopal_sadhika

പ്രൊഫഷണലാകണം, പറ്റില്ല എന്നു പറഞ്ഞാൽ അവസരം കുറയും
മോഡൽസ് ശരിക്കും പ്രതിമകൾ മാത്രമാണ്. ഒരു ക്ലൈന്റിന് നമ്മൾ നമ്മളെ കൊടുക്കുകയാണെങ്കിൽ അവിടെ പിന്നെ നമ്മൾക്ക് ഒന്നു ചെയ്യാനില്ല. അവർ പറയുന്നത് കേൾക്കുക മാത്രം. നമ്മളഉടെ വികാരവും വിചാരവും അവിടെ കാണിച്ചിട്ട് കാര്യമില്ല. ക്ലൈന്റിന്റെ പ്രോഡക്ട് സെല്ല് ചെയ്യാനുപയോഗിക്കുന്ന മീഡിയമാണ് നമ്മൾ. എല്ലാത്തിനും റെഡിയായ മോഡൽസാണ് നമ്മളെങ്കിൽ മാത്രമേ നമ്മളെ ക്ലൈന്റ്സ് വിളിക്കൂ...നമ്മൾ ഇതുപോലെ മാത്രമേ ചെയ്യു എന്ന് പറഞ്ഞാൻ അവസരം കുറയും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല. ഓരോ മോഡലും ഫോട്ടോഗ്രാഫറും കാര്യങ്ങൾ കാണുന്നത് പ്രൊഫഷണലായാണ്. അവിടെ സാധികയുടെ അല്ലെങ്കില്‍ മറ്റ് മോഡലുകളുടെ ബോഡി കണ്ട് ആരും മതിമറക്കുന്നില്ല. ഫോട്ടോയ്ക്ക് ഭംഗി നൽകാൻ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. പക്ഷേ, ചില ചതികളും ഇതിൽ നടക്കുന്നുണ്ട്. സ്ത്രീകളെ യൂസ് ചെയ്യാൻ മാത്രം ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധ നൽകുകയും വേണം. എന്നോട് പലരും കമന്റിൽ പറഞ്ഞിട്ടുണ്ട്, സാധികയുടെ ഫോട്ടോഗ്രാഫറായാൽ മതിയായിരുന്നു, അല്ലെങ്കിൽ ടാറ്റൂ ആർട്ടിസ്റ്റായാൽ മതിയായിരുന്നു എന്നൊക്കെ. പക്ഷേ, ഇന്നുവരെ ഞാൻ കൂടെ വർക്ക് ചെയ്ത ആരുമായിട്ടും എനിക്കൊരു ദുരനുഭവം ഉണ്ടായിട്ടില്ല. . ഞാൻ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് കൂടുതല്‍ കംഫർട്ടബിളായിട്ടുള്ളവരാണ്. 

നമ്മളൊക്കെയാണ് യഥാർഥത്തിൽ ബോഡിയെ ഭയങ്കര സംഭവമായി കാണുന്നത്. ശരിക്കും ബോഡി വെറും ബോഡിയാണ് അതിൽ കൂടുതൽ ഒന്നും അതിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. ഇന്റർനാഷണല്‍ മോഡൽസിനെയെല്ലാം കണ്ടിട്ടില്ലേ, അവരൊന്നും അവരുടെ ശരീരത്തിനെ പറ്റി ബോദേർഡല്ല. ശരിക്കും നമ്മളും അങ്ങനെയാവണം. 

മോഡലിങ്ങ് ഉപേക്ഷിക്കാമെന്ന് കരുതി
ട്രോളുകളും കമന്റുകളുമൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. പല കമന്റുകളും കണ്ട് കരഞ്ഞിട്ടുണ്ട്. ഇനി മോഡലിങ്ങ് വേണ്ട എന്നുപോലും ചിന്തിച്ചിട്ടുണ്ട്. എടുത്ത ഫോട്ടോ പോലും ഇനി പോസ്റ്റ് ചെയ്യണ്ട എന്നുവരെ തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. സിനിമ കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന രീതിയിലൊക്കെ പലരും സംസാരിച്ചു. അതൊക്കെ ഏറെ വിഷമിപ്പിച്ചു. 

കാലം കഴിയുമ്പോൾ നമ്മളൊക്കെ മാറും. ജീവിതത്തിൽ ഒരുപാട് എക്സ്പീരിയൻസ് വരുമ്പോൾ മാറുന്നതാണ് അതൊക്കെ. ഞാനും അങ്ങനെയായിരുന്നു. നമ്മൾ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പറയാനുള്ളവർ പറഞ്ഞോണ്ടിരിക്കും. നാട്ടുകാരെ ഓർത്ത് എന്തെങ്കിലും ചെയ്യാതിരുന്നാൽ നഷ്ടം നമ്മൾക്ക് മാത്രമാണ്. ആളുകളെ പേടിച്ച് എക്സ്പോസ് ചെയ്യുന്ന ഒരു ഫോട്ടോ ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞാൽ എനിക്ക് നഷ്ടപ്പെടുന്നത് അവസരങ്ങളാണ്. ഞാൻ അത് ചെയ്തില്ലെങ്കിൽ അത് ചെയ്യാൻ ഒരുപാട് പേരുണ്ട്. നാട്ടുകാരുടെ തെറിവിളി കൊണ്ട് ഞാൻ എന്തിനാണ് എന്റെ സന്തോഷം കളയുന്നത്. 

chat-with-sadhika-venugopal3
Image Credits: Instagram/radhika_venugopal_sadhika

മുഖമില്ലാത്തവർ എന്തും പറയട്ടേ...
എന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവർക്കെതിരെ സംസാരിക്കാൻ എനിക്ക് നന്നായി അറിയാം. പലപ്പോഴും പല മോശം കമന്റുകൾക്കും ഞാൻ പ്രതികരിച്ചിട്ടുണ്ട്. ആദ്യമൊക്കെ വളരെ റൂഡായിട്ടാണ് റിപ്ലൈ നൽകിയത്. പക്ഷേ, ഇപ്പോൾ ഒരു തമാശ മൂഡിലാണ് റിപ്ലൈ ഒക്കെ കൊടുക്കാറുള്ളത്. കുറെ കാര്യങ്ങൾ കേട്ട് കേട്ട് എനിക്ക് തന്നെ ചിരി വന്നു. പലരും സ്വന്തം പ്രൊഫൈലിലല്ല ഇത്തരം കമന്റുകൾ ഇടുന്നത്. ഫേക്ക് അക്കൗണ്ടിൽ വന്നാണ് പലതും വിളിച്ച് പറയുന്നത്. എനിക്ക് നട്ടെല്ലുള്ളത് കൊണ്ടാണ് ഞാനിത് ചെയ്യുന്നത് നിങ്ങൾക്ക് അതുപോലും ഇല്ലാത്തതുകൊണ്ടല്ലേ മുഖം പോലുമില്ലാതെ വരുന്നത് എന്നൊക്കെ പറയുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. പിന്നെ എന്റെ വീട്ടുകാരും എന്നോട് പറഞ്ഞത് നീ എന്തിനാണ് മറ്റുള്ളവരെ പേടിച്ച് ഇരിക്കുന്നത്, നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യു എന്നാണ്. എന്റെ മുന്നോട്ടുള്ള ജീവിതത്തിന് വലിയ പിന്തുണയും അതാണ്. 

ബോഡിഷെയിമിങ്ങൊക്കെ പരിതി കടക്കുന്നുണ്ട്
ബോഡിഷെയിമിങ്ങൊക്കെ വളരെ നിസാരമായ ഒരു കാര്യമായിട്ടാണ് പലരും കാണുന്നത്. ഒരാൾ തടിക്കുന്നതും മെലിയുന്നതുമൊക്കെ എന്തിനാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്. എന്നോട് പലപ്പോഴും പലരും പറയാറുണ്ട്, നീ തടിച്ചു മെലിഞ്ഞു കൈക്ക് വണ്ണം കൂടി എന്താ ബോഡി കെയർ ചെയ്യുന്നില്ലേ എന്നൊക്കെ. എന്തിനാണ് ശരിക്കും അതിന്റെയൊക്കെ ആവശ്യം. ഞാൻ എങ്ങനെയിരിക്കണം എന്ന് എന്തിനാണ് ഇവരൊക്കെ ചിന്തിക്കുന്നത്. ഈ കാണുന്ന എന്നെ എനിക്ക് ഇഷ്ടമാണ് പിന്നെ മറ്റുള്ളവർ എന്തിന് അതിനെ പറ്റി ചിന്തിക്കണം. എന്നെ ഇങ്ങനെ കാണാൻ പറ്റുന്നവർ കണ്ടാൽ മതി. ഇതൊന്നും അത്ര നല്ല കാര്യമല്ല. പലരും പല ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് തടിക്കാറും മെലിയാറുമൊക്കെയുണ്ട്. ഇതുപോലത്തെ ചിന്താഗതിയുമായി ആളുകൾ ഇനിയും മുന്നോട്ട് പോയാൽ സമൂഹത്തിന് തന്നെ അത് വലിയൊരു വിപത്താണ്. പലർക്കും ബോഡിഷെയിമിങ്ങ് കാരണം ഡിപ്രഷൻ വരെ ഉണ്ടായിട്ടുണ്ട്. നമ്മളെങ്ങനെയാണോ അതുപോലെ നമ്മളെ സ്വീകരിക്കാൻ മറ്റുള്ളവരും പഠിക്കേണ്ടത് അനിവാര്യമാണ്. 

Content Summary: Chat With Sadhika Venugopal

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com