ADVERTISEMENT

സാരി ഉടുക്കാൻ ഇഷ്ടമുള്ള പലർക്കും അത് ധരിക്കുന്നതോർത്ത് പേടിയുണ്ടാകും. പ്രത്യേകിച്ചും ചെറുപ്പം പെൺകുട്ടികൾക്ക്. അത് അവരുടെ തെറ്റല്ല. കാരണം കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് അവർ കൂടുതൽ തിരഞ്ഞെടുക്കാറുള്ളത്. പക്ഷേ, ചില പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും ഒക്കെ സാരി ഉടുക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവും. പലപ്പോഴും അബദ്ധങ്ങള്‍ മാത്രമാണ് സാരി ഉടുക്കുമ്പോള്‍ സംഭവിക്കുക. ഏറ്റവും വൃത്തിയായും അത്രയും തന്നെ വൃത്തികേടായും ധരിയ്ക്കാവുന്ന വസ്ത്രമാണ് സാരി. എന്നാൽ ഇനി സാരി ഊരിപ്പോകുമോ എന്നോർത്ത് ടെൻഷൻ അടിക്കേണ്ട. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

ആദ്യം ചെരുപ്പ് പിന്നെ സാരി

സാരി ഉടുക്കുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് ചെരുപ്പാണ്. അല്‍പം ഹീലുള്ളത് തന്നെയാണ് സാരിയ്ക്കൊപ്പം മാച്ച് ആവുക. ഹീലിടുമ്പോള്‍ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടുന്നത് പോലെ തോന്നും. ഇത് സാരി ഉടുക്കുന്നതിനു മുമ്പേ ഇടുക. അല്ലെങ്കില്‍ സാരി കയറിപ്പോകും. ഇപ്പോഴത്തെ പെൺകുട്ടികൾ സാരിക്കൊപ്പം ഷൂസ് പോലും ധരിക്കാറുണ്ട്.

ഞൊറിയാണ് പ്രശ്നക്കാരൻ

സാരി ഉടുക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് സാരിയുടെ ഞൊറി തന്നെയാണ്. എത്ര തവണ ശ്രമിച്ചാലും ഏതെങ്കിലും രീതിയിൽ അത് വൃത്തികേടാവും. അതുകൊണ്ട് തന്നെ സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നടക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകും. ചിലപ്പോൾ ഞൊറി തടഞ്ഞ് വീഴാനും മതി. അതുകൊണ്ട് ചെറിയ ഞൊറികൾ എടുത്ത് നന്നായി ടക്ക് ഇൻ ചെയ്യാൻ വേണമെങ്കിൽ ഒരു സേഫ്റ്റി പിന്നും ഉപയോഗിക്കാം. ഹെയർ സ്ട്രെയ്റ്റ്നർ വച്ച് ഞൊറി ഒന്ന് ഒതുക്കി കൊടുക്കുന്നതും നന്നായിരിക്കും.

സാരിയുടെ സെലക്ഷൻ

സാരിയുടുക്കുമ്പോള്‍ ഒരു സ്ലീം ലുക്ക് തോന്നാന്‍ ഒതുങ്ങിയിരിക്കുന്ന ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, നല്ല ഹെവി വര്‍ക്കുള്ളതും, ഒതുങ്ങി നില്‍ക്കാത്തതുമായ ഫാബ്രിക്കിലുള്ള സാരികള്‍ അടുക്കുമ്പോൾ നമുക്ക് ഉള്ളതിനേക്കാള്‍ അമിതമായി വണ്ണം തോന്നിച്ചേക്കാം. അതിനാല്‍, ഷിഫോണ്‍, ജോര്‍ജെറ്റ്, ജ്യൂട്ട്, ലിനന്‍ കോട്ടന്‍ എന്നീ ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതായിരിക്കും.

പ്ലീറ്റിലും ഉണ്ട് കാര്യം

സാരിയുടെ പ്ലീറ്റ് എടുക്കുമ്പോഴും ശ്രദ്ധ വേണം. അമിതമായി വണ്ണം ഉള്ളവര്‍ സിങ്കിള്‍ ലെയര്‍ ആയി സാരി ഉടുക്കുന്നതായിരിക്കും നല്ലത്. ഇത് ശരീരം ഒതുങ്ങിയിരിക്കുന്നതായി തോന്നിപ്പിക്കും. ഇനി പ്ലീറ്റഡ് ആയിട്ടാണെങ്കിൽ അത് നല്ല വൃത്തിയില്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വിധത്തില്‍ പ്ലീറ്റ് ഒതുക്കി ഉടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മുൻപേ തന്നെ പ്ലീറ്റ് ഒക്കെ എടുത്ത് ഇസ്തിരി ഇട്ട് വയ്ക്കുകയാണെങ്കിൽ അത് നല്ല ഭംഗിയായി കിടക്കും.

അടിപ്പാവാട

സാരി ഉടുക്കുമ്പോള്‍ രണ്ട് അണ്ടര്‍ സ്‌കേര്‍ട്ട് ഉപയോഗിക്കാതിരിക്കുക. ഇത് കൂടുതല്‍ വണ്ണം തോന്നിപ്പിക്കും. എല്ലായിപ്പോഴും ഷേയ്പ്പുള്ള അണ്ടര്‍ സ്‌കേര്‍ട് ഉപയോഗിക്കുക. കോട്ടണ്‍ അടിപ്പാവാട ധരിക്കുന്നതാണ് സാരി ഉടുക്കുമ്പോള്‍ ഏറ്റവും നല്ലത്. അല്ലെങ്കിൽ നമ്മുടെ ബോഡി ടൈപ്പ് തന്നെ ഉള്ള ഷിഫോൺ പോലുള്ള അടിപ്പാവാട ലഭിക്കും അത് ഉപയോഗിക്കാം. ഇലാസ്റ്റിക് ഉള്ളതാണെങ്കിലും പാവാട കെട്ടി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല നിങ്ങളുടെ നീളത്തിനനുസരിച്ച് കൃത്യ അളവിലുള്ള പാവാട വാങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ പാവാട പുറത്തു കാണുകയോ, നീളം ഒപ്പിക്കാനായി വയറിൽ ചുരുട്ടി കൂട്ടി വയ്ക്കുകയോ ചെയ്യേണ്ടി വരും. ഇത് സാരി ഉടുക്കുന്നതിന്റെ ഭംഗി കളയും.

English Summary:

Conquer the Saree: Simple Tips for Effortless Draping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com