ടെന്നിസിൽ തിളങ്ങാന് മാറിടം ചെറുതാക്കിയ സിമോണ; 16-ാം വയസ്സിലെ ശസ്ത്രക്രിയയിൽ ഭയന്ന രാഖി: കാര്യം ഗൗരവമാണ്, കരിയറും

Mail This Article
കായിക മേഖലയിൽ സമാനതകളില്ലാത്ത കഴിവുണ്ടായിട്ടും അതിനേക്കാളുപരി സ്തന വലുപ്പത്തിന്റെ പേരിൽ ചർച്ചാവിഷയമാവുക. അങ്ങനെയൊരു സാഹചര്യത്തിൽ കരിയറിനു ശരീരം തടസ്സമാകുമെന്ന തോന്നലിലാണ് റുമാനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പ് 2009ൽ, തന്റെ പതിനേഴാം വയസ്സിൽ സ്തന വലുപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
സ്തനങ്ങളുടെ അസാമാന്യ വലുപ്പം കാരണം ടെന്നിസ് കോർട്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സിമോണ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. മനസ്സിൽ വിചാരിക്കുന്ന വേഗതയിൽ കളിക്കളത്തിൽ നീങ്ങാൻ താരത്തിനു സാധിക്കുമായിരുന്നില്ല. ഇതേ അവസ്ഥ തുടർന്നാൽ മുന്നോട്ടുപോകും തോറും തന്റെ പ്രകടനം മോശമാകുമെന്നും കരിയറിന് തിരിച്ചടിയാകുമെന്നുമുള്ള തിരിച്ചറിവിലാണ് ഹാലെപ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടാത്ത ശരീരഭാഗവും സ്തനങ്ങളായിരുന്നുവെന്ന് സിമോണ പറയുന്നുണ്ട്. കായിക മേഖലയിൽ എത്തിയില്ലായിരുന്നെങ്കിലും സ്തന വലുപ്പം മൂലമുള്ള ബുദ്ധിമുട്ടുകൾ കാരണം ശസ്ത്രക്രിയ ചെയ്യുമായിരുന്നു എന്നും സിമോണ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കളിക്കളത്തിൽ ഉദ്ദേശിച്ച പ്രകടനം കാഴ്ചവയ്ക്കാനും കരിയറിൽ പടിപടിയായി ഉയരാനുമുള്ള ആത്മവിശ്വാസം സിമോണയ്ക്ക് ലഭിച്ചത്.
സ്തന വലുപ്പം സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ പൊതുവേ ‘ബ്രസ്റ്റ് റിഡക്ഷൻ’ ചികിത്സ തേടുന്നവർ കുറവാണ്. നേരെമറിച്ച് ‘ബ്രസ്റ്റ് എൻഹാൻസ്മെന്റി’നു താത്പര്യം കാണിക്കുന്നവർ ഏറെയാണ്. ഇത്തരത്തിൽ സ്തനങ്ങളുടെ ആകൃതി കരിയറിനെയും സൗന്ദര്യത്തെയും സ്വാധീനിക്കുമെന്ന വിശ്വാസത്തിൽ ബ്രസ്റ്റ് എൻഹാൻസ്മെന്റ് നടത്തിയ ധാരാളം താരങ്ങൾ ഹോളിവുഡിലും ബോളിവുഡിലുമുണ്ട്. ബിഗ് സ്ക്രീനിൽ തങ്ങളുടെ ലുക്ക് അൽപം കൂടി മികവുറ്റതാക്കണമെന്ന ചിന്തയിലാണ് പലരും ബ്രസ്റ്റ് എൻഹാൻസ്മെന്റ് തിരഞ്ഞെടുക്കുന്നത്. അഭിനേത്രിയും ടെലിവിഷൻ നിർമാതാവുമായ സാറ ജസീക്കാ പാർക്കറിന്റെ കാര്യമെടുക്കാം. കായിക താരങ്ങളുടേതിന് സമാനമായ ശരീരപ്രകൃതത്തിന് യോജിച്ച സ്തനങ്ങളായിരുന്നു സാറയുടേത്. എന്നാൽ വെള്ളിവെളിച്ചത്തിൽ അൽപം കൂടി സുന്ദരിയായി തോന്നിപ്പിക്കാൻ ബ്രസ്റ്റ് എൻഹാൻസ്മെന്റിനു വിധേയയായ സാറ സ്തന വലുപ്പം രണ്ട് കപ്പ് സൈസ് വർധിപ്പിച്ചെടുത്തു. ഉദ്ദേശിച്ചതുപോലെ സാറയുടെ സ്വാഭാവിക ഭംഗി അൽപം കൂടി മെച്ചപ്പെടുത്തിയെടുക്കാനും അതിലൂടെ സാധിച്ചു.
അഭിനേതാക്കൾക്കു മാത്രമല്ല സ്റ്റേജ് പെർഫോമൻസുകൾ നടത്തുന്ന താരങ്ങൾക്കും ശരീരഭംഗി അതിപ്രധാനമാണ്. നൃത്തമോ സംഗീതമോ മേഖല ഏതുമാകട്ടെ സ്റ്റേജ് പ്രസൻസ് അൽപം ഒന്നു കൂട്ടുന്നതിൽ ശരീരഭംഗിക്ക് പ്രാധാന്യമുണ്ട്. അമേരിക്കൻ ഗായികയായ ക്രിസ്റ്റിന അഗ്വിലേറ സ്തനഭംഗി വർധിപ്പിച്ചത് ഇക്കാരണത്താലാണ്. 1990കളിൽ കരിയറിന്റെ തുടക്കത്തിൽ തന്നെ രൂപസൗന്ദര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ക്രിസ്റ്റിന ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. താരത്തിന്റെ സംഗീത ജീവിതം കൂടുതൽ ചലനാത്മകമായതും ഇതിനുശേഷമാണ്. ടെയ്‌ലർ സ്വിഫ്റ്റ്, മേഗൻ ഫോക്സ്, കാറ്റി പ്രൈസ്, സെലീന ഗോമസ് തുടങ്ങി ബ്രസ്റ്റ് ഇംപ്ലാന്റേഷൻ നടത്തി ശരീരഭംഗി വർധിപ്പിച്ച് കരിയറിന്റെ തിളങ്ങിയ സെലിബ്രിറ്റികളുടെ പട്ടിക നീളും. റിയാലിറ്റി ടിവി താരവും ഇൻഫ്ലുവൻസറുമായ കിം കർദാഷിയാനകട്ടെ 44 -ാം വയസ്സിലും 'പെർഫക്ട് ' ശരീര സൗന്ദര്യത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഇംപ്ലാന്റേഷൻ സർജറികൾ നടത്തിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ, നൂറുശതമാനം സ്വാഭാവികമായി സ്തനഭംഗി ഇങ്ങനെ നിലനിൽക്കില്ലെന്നാണ് സമൂഹമാധ്യമങ്ങളുടെ പ്രതികരണം. ധരിക്കുന്ന വസ്ത്രത്തിലെ അഡ്ജസ്റ്റ്മെന്റുകളാണ് സ്തനങ്ങൾ മികച്ച ആകൃതിയിൽ കാണപ്പെടുന്നതിന്റെ കാരണമെന്നാണ് ഇത്തരം വിമർശനങ്ങൾക്കുള്ള കർദാഷിയാന്റെ മറുപടി.
ആഗ്രഹിച്ച ശരീരഭംഗി ലഭിക്കുന്നതിനു വേണ്ടി ഒന്നിലധികം മാറിട ശസ്ത്രക്രിയകൾക്കു വിധേയരായ സെലിബ്രിറ്റികളുമുണ്ട്. അമേരിക്കൻ അഭിനേത്രി ഡെമി മൂറിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. മുപ്പത്തിനാലാമത്തെ വയസ്സിലാണ് ഡെമി ബ്രസ്റ്റ് ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഉദ്ദേശിച്ച ഭംഗി ലഭിക്കുന്നില്ല എന്ന് തോന്നിയതോടെ ഏതാനും വർഷങ്ങൾക്കു ശേഷം ഇംപ്ലാന്റേഷൻ നീക്കുന്നതിനുവേണ്ടി വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഒടുവിൽ സ്തന സൗന്ദര്യം മെച്ചപ്പെടുത്താൻ ബ്രസ്റ്റ് ലിഫ്റ്റിങ് നടത്തുകയും ചെയ്തു.
ഓൺ സ്ക്രീൻ പ്രസൻസും സൗന്ദര്യവും വർധിപ്പിക്കാനായി ബ്രസ്റ്റ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി വിജയിച്ച താരങ്ങൾ ബോളിവുഡിലും കുറവല്ല. സൗന്ദര്യത്തിലും ആരോഗ്യ പരിരക്ഷണത്തിലും സാധാരണക്കാർക്കു പോലും മാതൃകയായ ശിൽപ ഷെട്ടി തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ സ്തന ഭംഗി വർധിപ്പിക്കുന്നതിനുള്ള ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ. മല്ലിക ഷെരാവത്ത്, സുസ്മിത സെൻ, കങ്കണ റനൗട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളെല്ലാം ഇത്തരത്തിൽ ബ്രസ്റ്റ് എൻഹാൻസ്മെന്റ്, ബ്രസ്റ്റ് ലിഫ്റ്റിങ് ശസ്ത്രക്രിയകൾക്കു വിധേയരായവരാണ്. എന്നാൽ രാഖി സാവന്ത് മാത്രമാണ് ഇക്കാര്യം ഒരു മടിയും കൂടാതെ തുറന്നു സമ്മതിച്ചിട്ടുള്ളത്. പതിനാറാം വയസ്സിൽ ബ്രസ്റ്റ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയയായത് ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവങ്ങളിൽ ഒന്നായിരുന്നുവെന്നു രാഖി വെളിപ്പെടുത്തിയിരുന്നു.