ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ച കേരള പൊലീസ് ഇനി ടിക് ടോക്കിലും. സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടിക് ടോക് അക്കൗണ്ടിനു തുടക്കം കുറിച്ചത്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകുന്ന വിഡിയോകൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ടിക് ടോക്കിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

മുന്നു വിഡിയോകളാണ് ഇതുവരെ കേരള പൊലീസ് പങ്കുവച്ചത്. ‘ഞങ്ങ ഇനി ടിക് ടോക്കിലും’ എന്ന വിഡിയോയിൽ കേരള പൊലീസിന്റെ വിവിധ വിഭാഗങ്ങളെയും സേവനങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു.

റോഡ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയ രണ്ടാമത്തെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഫെയ്സ്ബുക്കിലെ പ്രസിദ്ധമായ ട്രോളുകൾക്കു സമാനമാണ് ഈ വിഡിയോ. ഹെൽമറ്റ് വച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന വിഡിയോ ചിരിപ്പിച്ച് ചിന്തിപ്പിക്കും. കേരള പൊലീസിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്കു ലഭിച്ചത്. പൊലീസിന്റെ വിഡിയോകളിൽ അഭിനയിക്കാൻ താൽപര്യം അറിയിച്ചും കമന്റുകളുണ്ട്. മെച്ചപ്പെട്ട കാമറയും ഉപയോഗിക്കാനും ചിലർ നിർദേശിക്കുന്നു.

കേരള പൊലീസിന്റെ ടിക് ടോക് സാന്നിധ്യത്തിന് ആശംസകൾ അറിയിച്ചുള്ള സിനിമാ താരം സൈജു കുറുപ്പിന്റെ വിഡിയോയാണ് പുതിയത്. ‘‘കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് നിങ്ങളെപ്പോലെ ഞാനും പിന്തുടരുന്നുണ്ട്. പല അറിവുകളും ട്രോളുകളുടെ രൂപത്തിൽ നമുക്ക് ലഭിക്കാറുണ്ട്. മലയാളികൾ ടിക് ടോക് ഉപയോഗത്തിലും മുന്നിലാണ്. ആ പാത പിന്തുടര്‍ന്ന് കേരള പൊലീസ് എത്തിയിരിക്കുന്നു. ഇത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. കേരള പൊലീസിന് എന്റെ അഭിവാദ്യങ്ങൾ’’ – സൈജു പറഞ്ഞു.

ഒന്നര ലക്ഷത്തോളം പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. കേരള പൊലീസ് ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങുന്നു എന്ന വാർത്തയ്ക്ക് സോഷ്യൽ ലോകത്തു നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com