ഇന്ത്യന്‍ ഇംഗ്ലിഷില്‍ ഇതാ എത്തി ആപ്പിള്‍ ഇന്റലിജന്‍സ്; ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കണം

Mail This Article
ആപ്പിള്‍ കമ്പനിയുടെ നിര്‍മ്മിത ബുദ്ധി (എഐ) സേവനമായ ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഇംഗ്ലിഷിലും ഉപയോഗിക്കാവുന്ന രീതിയില്‍ അപ്ഡേറ്റുകളോടെ പുറത്തിറക്കി. ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഐഓഎസ് 18.4, ഐപാഡ്ഓഎസ് 18.4, മാക്ഓഎസ് 15.4 എന്നിവയിൽ പുതുക്കിയ വേര്‍ഷനുകളില്‍ ഇത് ലഭിക്കും.
തുടക്ക ഘട്ടത്തില്‍ ആപ്പിള്‍ ഇന്റലിജന്‍സ് തിരിഞ്ഞെടുത്ത ചില മേഖലകളില്‍ മാത്രമാണ് നല്‍കിയിരുന്നത്. ഇത്തവണ ഇന്ത്യന്‍ ഇംഗ്ലിഷ് സപ്പോര്‍ട്ട് ഉണ്ട്. . ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍, രണ്ടാം ഘട്ടത്തില്‍ തന്നെ തങ്ങളുടെ എഐ ഫീച്ചര്‍ എത്തിക്കാന്‍ ആപ്പിള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.
പുതിയ അപ്‌ഡേറ്റിന്റെ സവിശേഷതയെന്ത്?
പുതിയ അപ്‌ഡേറ്റ് വഴി ആപ്പിള്‍ ഇന്റലിജന്‍സ് മുകളില്‍ പരാമര്‍ശിച്ച ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കും പ്രൊഡക്ടിവിറ്റി, ക്രിയേറ്റിവിറ്റി തുടങ്ങിയവ മുതല്‍ ദൈനംദിന ഉപയോഗത്തില്‍ വരെ ഇതിന്റെ സാന്നിധ്യം കണാമായിരിക്കും. എന്നാല്‍, ഇത് പുതിയ ഓഎസ് അപ്‌ഡേറ്റ് ലഭിക്കുന്ന എല്ലാ ഉപകരണങ്ങളെയും ഒരേപോലെ ആയിരിക്കില്ല ബാധിക്കുക.
ഉദാഹരണത്തിന് വിഷ്വല്‍ ഇന്റലിജന്‍സ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഐഫോണ്‍ 15 പ്രോ സീരിസ് എങ്കിലും ഉണ്ടായിരിക്കണം. ആദ്യമായി എഐ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ അടിമുടി വാര്‍ത്തെടുത്തത്, ഐഫോണ്‍ 16 സീരിസ് ആണെന്ന് ആപ്പിള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
റൈറ്റിങ് ടൂള്‍
ഇത് പ്രയോജനപ്പെടുത്തിയാല്‍ എഴുത്തിലെ തെറ്റുകള്‍ കുറയ്ക്കാമത്രെ. റീറൈറ്റ് ചെയ്യുക, പ്രൂഫ് റീഡ് ചെയ്യുക, ടെക്സ്റ്റിന്റെ രത്‌നച്ചുരുക്കം നല്‍കാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യിക്കാം. മെയില്‍ മെസേജസ്, നോട്സ് എന്നീ ആപ്പുകളില്‍ ഇത് ലഭിക്കും.
എഴുത്തിന് പ്രൊഫഷണലുകള്‍ കാണിക്കുന്ന തരം ഇരുത്തം കിട്ടുമെന്നും ചില വാദഗതികളുണ്ട്. എഴുത്ത് ആര്‍ക്ക് ആണോ സമര്‍പ്പിക്കുന്നത് അവര്‍ക്ക് ചേര്‍ന്ന രീതിയില്‍ പ്രൊഫഷണല്‍, കണ്‍സൈസ്, സൗഹാര്‍ദ്ദപരം എന്നിങ്ങനെ എഴുത്ത് കസ്റ്റമൈസ് ചെയ്യാം.
ജോലിക്കുള്ള അപേക്ഷ തയാറാക്കുമ്പോള്‍ അതിലെ ഭാഷ കൂടുതല്‍ വ്യക്തതയുള്ളതാക്കാം. അത്താഴവിരുന്നിന് വരണമെന്ന് അഭ്യര്‍ത്ഥിച്ച് അയയ്ക്കുന്ന കത്ത് കാവ്യാത്മകവുമാക്കാം.
ഫോട്ടോസ് ആപ്
ഫോട്ടോസ് ആപ്പില്‍ ഏതു തരം ഫോട്ടോയാണ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് കണ്ടെത്തി തരും. ക്ലീന്‍ അപ് ടൂള്‍ ഉപയോഗിച്ച് ഫോട്ടോയിലെ ആവശ്യമില്ലാത്ത വസ്തുവിനെയും മറ്റും നീക്കംചെയ്യാം.
ഇമേജ് പ്ലേഗ്രൗണ്ട്
അമേരിക്കയിലും മറ്റും ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോഗിച്ചവര്‍ക്ക് ഏറ്റവും താത്പര്യജനകമായി തോന്നിയ ഫീച്ചറുകളിലൊന്ന് ഇമേജ് പ്ലേഗ്രൗണ്ട് ആണ്. ഉപയോക്താവിന്റെ ആവശ്യാനുസരണം പുതിയ ഇമേജ് സൃഷ്ടിച്ചു നല്‍കുന്ന ഫീച്ചറാണിത്.
അനിമേഷന്‍, ഇലസ്‌ട്രേഷന്‍, സ്‌കെച്ച് രീതികളില്‍, നല്‍കുന്ന വിവരണത്തിന് അനുസരിച്ച് ഇമേജ് സൃഷ്ടിച്ചു തരും. മെസെജസ്, കീനോട്ട്, ഫ്രീഫോം തുടങ്ങിയ ആപ്പുകളിലും ഇത് പ്രവര്‍ത്തിപ്പിക്കാം. വിഷ്വല്‍ കമ്യൂണിക്കേഷന്‍ കൂടുതല്‍ രസകരമാക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് ആപ്പിളിന്റെ അഭിപ്രായം.
ജെന്‍മോജി
നല്‍കുന്ന വിവരണത്തിന് അനുസരിച്ചോ, ഉപയോക്താവിന്റെ ലൈബ്രറിയിലെ ഫോട്ടോ നല്‍കിയാലോ കസ്റ്റം എക്‌സ്പ്രഷന്‍സ് സൃഷ്ടിച്ചു നല്‍കും.
പ്രയോരിറ്റി മെസേജസ്
മെയിലില്‍ പ്രയോരിറ്റി മെസേജസ് എന്നൊരു പുതിയ ഫീച്ചറും എത്തുന്നു. അതതു ദിവസം തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ അടങ്ങുന്ന മെയിലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
സിരി
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരിക്ക് വലിയൊരു അപ്‌ഡേറ്റ് തന്നെയാണ് നല്‍കിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പുതിയ ഇന്റര്‍ഫേസും സിരിക്കു ലഭിക്കുന്നു.
ഐഫോണില്‍ ചാറ്റ്ജിപിറ്റി ഇറങ്ങി!
പുതിയ അപ്‌ഡേറ്റില്‍ സിരി വഴി പ്രശസ്ത എഐ സേവനമായ ചാറ്റ്ജിപിറ്റിയും പ്രവര്‍ത്തിപ്പിക്കാം. ഇതിന് ഒരു ചാറ്റ്ജിപിറ്റി അക്കൗണ്ട് വേണ്ട. ഒരോരുത്തരും നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ചാറ്റ്ജിപിറ്റിയുടെ ഉടമയായ ഓപ്പണ്‍എഐ ശേഖരിച്ചുവയ്ക്കില്ലെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
അതേസമയം, ഇത്തരം ഫീച്ചറുകളിലേറെയും പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ മാസങ്ങളായി പ്രയോജനപ്പെടുത്തി വന്നവയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്രതീക്ഷിതമായി കടന്നുവന്നപ്പോള്‍ എന്തു ചെയ്യണെന്നറിയാതെ പകച്ച കമ്പനിയായാണ് ആപ്പിളിനെ പലരും വിശേഷിപ്പിക്കുന്നത്.
എഐ കമ്പനികളോട് ഏറ്റുമുട്ടാനുള്ള ശക്തിയില്ലാത്തതിനാലാണ് ആപ്പിള്‍ ചാറ്റ്ജിപിറ്റിയേയും മറ്റും ആശ്രയിക്കാന്‍ ശ്രമിക്കുന്നത്. പാശ്ചാത്യ നടുകളിലും ഇന്ത്യയിലും ആപ്പിള്‍ ഇന്റലിജന്‍സിലേക്ക് ഗൂഗിള്‍ ജെമിനൈയെയും ആപ്പിള്‍ സ്വാഗതം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയിലേ സേര്‍ച്ച് ഭീമന്‍ ബായിഡുവിന്റെയോ മറ്റേതെങ്കിലും ചൈനീസ് കമ്പനിയുടെയോ എഐ ആപ്പിള്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശ്രമവും കമ്പനി നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.
അടുത്തകാലത്ത് പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട ഓഎസ് അപ്‌ഡേറ്റുകളിലൊന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഓട്ടോമാറ്റിക് അപ്‌ഡേറ്റ് എനേബ്ള്‍ ചെയ്യാത്ത ഉപയോക്താക്കള്‍ സെറ്റിങ്‌സ് ആപ്പില്‍ എത്തുക. ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന പാതയില്‍ എത്തിയാല്‍ ഇത് സ്വീകരിക്കാം. തുടര്‍ന്ന് ഡൗണ്‍ലോഡ് ആന്‍ഡ് ഇന്‍സ്‌റ്റോള്‍ എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക.