ADVERTISEMENT

ഓരോ മരങ്ങളുടേയും ആയുസ് അതിന്റെ തടിക്കുള്ളിലെ മരവളയങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. അത് മാത്രമല്ല പ്രപഞ്ചത്തിലെ തന്നെ പല പ്രതിഭാസങ്ങളുടേയും തെളിവുകള്‍ ശാസ്ത്രലോകത്തിന് മരങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുൻപ് അസാധാരണമാം വിധം കോസ്മിക് കിരണങ്ങള്‍ ഭൂമിയിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിരിക്കുന്നതും ഇത്തരം മരവളയങ്ങളില്‍ നിന്നാണ്. 

 

അസാധാരണമാം വിധം വിദൂര പ്രപഞ്ചത്തില്‍ നിന്നുള്ള കോസ്മിക് കിരണങ്ങള്‍ (Cosmic Storm) ഭൂമിയിലേക്കെത്തുന്ന ഈ പ്രതിഭാസത്തിനെ മിയാകി ഇവെന്റ്‌സ് എന്നാണ് വിളിക്കുന്നത്. ആയിരം വര്‍ഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. ഇപ്പോഴും ഇതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ മുൻപ് ഇത്തരം മിയാകി ഇവെന്റ്‌സ് ഉണ്ടായാലുണ്ടാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോഴുണ്ടായാല്‍ സംഭവിക്കുക. നമ്മുടെ സാറ്റലൈറ്റുകളും ഇന്റര്‍നെറ്റ് സംവിധാനത്തേയും വൈദ്യുതി വിതരണ ശൃംഖലകളേയും തകരാറിലാക്കാന്‍ അസാധാരണ അളവിലെത്തുന്ന കോസ്മിക് കിരണങ്ങള്‍ക്ക് സാധിക്കും. 

 

റേഡിയോ കാര്‍ബണ്‍ എന്നു വിളിക്കുന്ന കാര്‍ബണ്‍ 14 സംയുക്തങ്ങളാണ് ഇത്തരം കോസ്മിക് കിരണങ്ങള്‍ വലിയ തോതില്‍ ഭൂമിയിലേക്കെത്തുന്ന പ്രതിഭാസങ്ങള്‍ക്കുള്ള തെളിവുകള്‍. ഭൂമിയില്‍ സാധാരണ വളരെ അപൂര്‍വമാണ് റേഡിയോ കാര്‍ബണുകള്‍. മാത്രമല്ല അന്തരീക്ഷത്തിന്റെ മുകളിലെ പാളിയിലാണ് ഇത് സാധാരണ കണ്ടുവരാറ്. എന്നാല്‍ കോസ്മിക് കിരണങ്ങള്‍ നൈട്രജന്‍ ആറ്റങ്ങളുമായി കൂട്ടിയിടിക്കുകയും റേഡിയോ കാര്‍ബണ്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

 

ഓരോ വര്‍ഷവുമാണ് മരത്തടിയില്‍ വളയങ്ങള്‍ രൂപപ്പെടുന്നതെന്ന് നമുക്കറിയാം. മിയാകി ഇവെന്റ്‌സ് നടക്കുന്ന വര്‍ഷത്തില്‍ മാത്രം വലിയ തോതില്‍ റേഡിയോ കാര്‍ബണ്‍ അടങ്ങിയ വളയങ്ങളാണ് മരങ്ങളില്‍ രൂപപ്പെടുക. ഭൂമിയുടെ പല ഭാഗത്തു നിന്നും ശേഖരിച്ച വൃക്ഷങ്ങളില്‍ ഒരേ കാലയളവില്‍ വലിയതോതില്‍ റേഡിയോ കാര്‍ബണ്‍ ഉണ്ടെങ്കില്‍ അതിന് പിന്നില്‍ മിയാകി ഇവെന്റാണെന്നാണ് കരുതപ്പെടുന്നത്. ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത്തരത്തില്‍ പതിനായിരം വര്‍ഷത്തെ മിയാകി ഇവെന്റുകളെക്കുറിച്ചുള്ള വിവര ശേഖരണമാണ് നടത്തിയത്. 

 

സൂര്യനില്‍ സംഭവിക്കുന്ന ഊര്‍ജസ്‌ഫോടനങ്ങളല്ല ഇത്തരം മിയാകി ഇവെന്റുകള്‍ക്ക് പിന്നിലെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. എഡി 774ല്‍ നടന്ന മിയാകി ഇവെന്റിന്റെ ഫലമായി ഭൂമിയിലെ പലയിടത്തും ഒരു വര്‍ഷത്തോളം ഉയര്‍ന്ന തോതില്‍ റേഡിയോ കാര്‍ബണ്‍ മരവളയങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. അതേസമയം, മറ്റു ചിലയിടങ്ങളില്‍ കുറഞ്ഞതോതില്‍ റേഡിയോ കാര്‍ബണിന്റെ സാന്നിധ്യം രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി ഇതേ കാലത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

 

ഏതെങ്കിലും സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായാണ് അസാധാരണമാംവിധം കോസ്മിക് കിരണങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നതെന്നാണ് ഗവേഷകരുടെ മറ്റൊരു അനുമാനം. പ്രൊസീഡിങ്‌സ് ഓഫ് ദ റോയല്‍ സൊസൈറ്റി എ മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ ആൻഡ് എൻജിനീയറിങ് സയന്‍സസിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Tree Rings Chronicle a Mysterious Cosmic Storm That Strikes Every Thousand Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com