വിഷം നൽകുന്ന യുവതികൾ, വൈറലായി ഫാന്റസി വിഡിയോകൾ; ആശങ്കയാകുന്ന 'അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ൻ' എന്ന ട്രെൻഡ്
Mail This Article
വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാർഥങ്ങൾ ചേർക്കുന്ന സ്ത്രീകൾ. അമേരിക്കയില്‍ ടിക് ടോക്, എക്സ്, യുട്യൂബ് തുടങ്ങിയവയിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോകളാണ് ഇവ. അർഥരഹിതമെന്ന് പ്രാഥമികമായി നമ്മൾക്കു തോന്നുമെങ്കിലും ഈ വിഡിയോകളിലൂടെ പ്രചരിക്കുന്ന ആശയം ആശങ്ക ഉയർത്തുന്നതാണെന്നും അപകടകരമായ ട്രെൻഡാണെന്നും അധികാരികൾ പറയുന്നു.
ട്രംപിന്റെ പ്രചാരണ മുദ്രാവാക്യമായ "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" (MAGA) പാരഡിയാണ് 'MATGA 'പ്രസ്ഥാനം. മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ൻ എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. ഗർഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളോടുള്ള പ്രതികരണമായും ഈ ട്രെൻഡ് മാറുന്നുണ്ട്, പക്ഷേ...
ആരാണ് അക്വാ ടോഫാന?
17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയന്‍ സ്വദേശിനിയായ സീരിയൽ കില്ലറാണ് ടോഫാന. ഗാർഹിക പുരുഷ സ്വേച്ഛാധിപത്യത്തിനെതിരായ നിശ്ശബ്ദ പോരാളിയായി ഒരു കൂട്ടർ ടോഫാനയെ കരുതുന്നു. തങ്ങളെ പീഡിപ്പിക്കുന്ന ഭർത്താക്കന്മാരെ കൊല്ലാൻ ആഗ്രഹിച്ച ഭാര്യമാർക്ക് ടോഫാന തന്റെ "അക്വാ ടോഫാന" എന്ന പ്രത്യേക വിഷം വിൽക്കുകയും 600-ലധികം പുരുഷന്മാരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.
സൂക്ഷ്‌മമായി തയ്യാറാക്കിയ രഹസ്യ ചേരുവകളായിരുന്നു അക്വാ ടോഫാനയിലുണ്ടായിരുന്നു. ഇത് ചെറിയ അളവിൽ, നിരുപദ്രവകരമായ ഡോസുകളിൽ ഇരകൾക്കായി നൽകപ്പെട്ടു. ഫലങ്ങൾ മന്ദഗതിയിലായിരുന്നു, മാത്രമല്ല പലപ്പോഴും സ്വാഭാവിക രോഗാവസ്ഥയുടെ ലക്ഷണങ്ങളായിരുന്നത്രെ ഇരകളിൽ കണ്ടിരുന്നത്. രുചിയില്ലാത്തതും മരണശേഷം പൂർണ്ണമായും കണ്ടെത്താനാകാത്തതുമാണ് അക്വാ ടോഫാനയെന്ന് വിശ്വസിക്കപ്പെടുന്നു
വരാനിരിക്കുന്ന വിധിയെക്കുറിച്ച് ഒരാളും അറിയില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇത് സൗന്ദര്യവർദ്ധക ലേപനങ്ങളുടെ കുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. ബദൽ മാർഗങ്ങളുടെ അഭാവം മൂലം മോശം വിവാഹങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പല സ്ത്രീകളും ഈ രീതി തിരഞ്ഞെടുത്തതായി കരുതപ്പെടുന്നു.സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ ഉയർത്തിക്കാട്ടുന്നതിനും സമകാലിക സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമുള്ള ഒരു മാർഗമായി MATGA പ്രസ്ഥാനം ടോഫാനയുടെ പാരമ്പര്യത്തെ പരാമർശിക്കുന്നു.
അക്വാ ടോഫാനയുണ്ടാക്കൽ എളുപ്പമാണെന്ന് പറയുന്നതും, ഭക്ഷണ പാനീയങ്ങളിൽ ചേർക്കുന്നതും ഒപ്പം ശിരച്ഛേദ ആഗ്യം കാണിക്കുന്നതുമാണ് വിഡിയോയിൽ ദൃശ്യവത്കരിക്കുന്നത്. ഈ വിഡിയോകൾ ബ്ലാക് ഹ്യൂമറെന്ന പോലെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാലും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഭൂതകാലത്തിലെ ദോഷകരമായ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്നതിനുപകരം ആരോഗ്യകരമായ ബന്ധങ്ങൾ,ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നാണ് എതിർക്കുന്നവർ പറയുന്നു. എഫ്ബിഐ അന്വേഷണവും ഇക്കാര്യത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.