അനലോഗിൽനിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം സാംസ്കാരികപരമെന്ന് പങ്കജ് റായ്

Mail This Article
ഒരു കൂറ്റന്‍ സ്ഥാപനത്തിനെ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള അനിവാര്യമായ മാറ്റത്തിന് നേതൃത്വം നല്‍കണമെങ്കില്‍ സാങ്കേതികവിദ്യാപരമായും മാനേജ്‌മെന്റ് തലത്തിലും അപാരമായ അറിവ് വേണമെന്ന് ആദിത്യാ ബിര്‍ള ഗ്രൂപ്പിന്റെ ചീഫ് ഡേറ്റാ അനലിസ്റ്റായ പങ്കജ് റായ്. അതേസമയം ഈ മാറ്റം ഒരു സാംസ്‌കാരികമാറ്റം കൂടെയാണ് എന്ന് തിരിച്ചറിയണമെങ്കില്‍ ഉത്തമമായ കാഴ്ച്ചപ്പാട് കൂടെ വേണം. ഈ കാഴ്ചപ്പാട് ഉള്ള ആള്‍ ആണ് എന്നതാണ് ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ തലയെടുപ്പുള്ള മേധാവിമാരില്‍ ഒരാളായി പങ്കജ് റായിയെ മാറ്റുന്നത്.
ജോലിയെടുക്കുന്ന കമ്പനി അനലോഗിൽനിന്ന് ഡിജിറ്റല്‍ മേഖലയിലേക്ക് ചേക്കേറിയത് ഒരു സാംസ്‌കാരിക മാറ്റമാണ് എന്നാണ് പങ്കജ് റായ് പറയുന്നത്. ഇത്തരം ഒരു സാംസ്‌കാരികമായ മാറ്റം മൂന്നു അടരുകളായാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചിന്തിക്കുന്ന രീതി, ജോലിയെടുക്കുന്ന രീതി, പ്രവര്‍ത്തന രീതിയില്‍ വേണ്ടിവരുന്ന പരിവര്‍ത്തനത്തിനൊപ്പം തന്ത്രപരമായ പദ്ധതികള്‍ നടപ്പാക്കുന്ന രീതികള്‍ എന്നിങ്ങനെയാണ് അവ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഈ മൂന്നു അടരുകളെയും ഫലപ്രദമായി ഏകീകരിക്കുക വഴി ഡിജിറ്റലൈസേഷന്‍ നന്നായി നടപ്പാക്കാമെന്നുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പങ്കജ് റായ് ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തി.
മാറ്റത്തെ സ്വാഗതം ചെയ്യുമ്പോള്‍ ആദ്യ മറികടക്കേണ്ട പ്രതിബന്ധം കിടക്കുന്നത് ജോലിക്കാരുടെ മാനസികാവസ്ഥയിലാണ്, അല്ലാതെ ടെക്‌നോളജിയിലല്ല, അദ്ദേഹം പറയുന്നു. ഇതുമായി പൊരുത്തപ്പെടേണ്ട വ്യക്തികളുടെ മാനസികാവസ്ഥയാണ് ശരിക്കുള്ള വെല്ലുവിളി.
ചിലര്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ വിഷമിക്കും, ചിലര്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് നൂതനാശയങ്ങള്‍ കൊണ്ടുവരാനും പാടുപെടും. ഈ അവസ്ഥയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും, മാറ്റത്തോട് പൊരുത്തപ്പെടാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കുക എന്നതും അതി പ്രാധാന്യമുള്ള കാര്യങ്ങളാണ്. അങ്ങനെയാണ് ഈ തടസങ്ങള്‍ മറികടക്കേണ്ടത് എന്നാണ് പങ്കജ് റായ് പറയുന്നത്.
ആദിത്യാ ബിര്‍ള ഗ്രൂപ്പിന്റെ ഡേറ്റാ സയന്‍സ്, വിശകലനം, തുടങ്ങിയ തന്ത്രപ്രധാനമായ കാര്യങ്ങള്‍ക്കാണ് പങ്കജ് റായ് നേതൃത്വം നല്‍കുന്നത്. അദ്ദേഹം ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ സിമന്റ്, കെമിക്കല്‍സ്, മെറ്റല്‍സ്, ഫാഷന്‍ റീട്ടെയില്‍, ഫിനാന്‍ഷ്യല്‍ സര്‍വിസസ് തുടങ്ങിയ വിഭാഗളെല്ലാം ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കര്‍മ്മരംഗം.
മൂന്നു പതിറ്റാണ്ടിന്റെ സമൃദ്ധമായ അനുഭവസമ്പത്തുമായാണ് അദ്ദേഹം ആദിത്യാ ബിര്‍ള ഗ്രൂപ്പിന്റെ തേരുതെളിക്കുന്നത്. തന്ത്രം മെനയല്‍, കണ്‍സള്‍ട്ടിങ്, ഫൈനാന്‍ഷ്യല്‍ സര്‍വിസസ് എന്നീ മൂന്നു മേഖലകളെക്കുറിച്ചും അദ്ദേഹത്തിന് അഗാധമായ അറിവുണ്ട്. വെല്‍സ് ഫാര്‍ഗോയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, ഡെല്‍ കമ്പനിയില്‍ അനലിറ്റിക്‌സ് വിഭാഗം മേധാവി, സ്റ്റാന്‍ഡര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ പിഎംഓ മേധാവി തുടങ്ങിയ തസ്തികകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഐടി ഡെല്ലിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദം സമ്പാദിച്ച ശേഷം ഐഐഎം അഹമ്മദാബാദില്‍ നിന്ന് എംബിഎയും നേടി.
ഡല്‍ഹിയിലെ ഫീഡ്ബാക് വെഞ്ച്വേഴ്സില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയാണ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഐസിഐസിഐ, ജിഇ ക്യാപ്പിറ്റല്‍ തുടങ്ങിയ ഫൈനാന്‍ഷ്യല്‍ കമ്പനികളില്‍, സെയില്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, സിക്‌സ്-സിഗ്മാ, ഓപ്പറേഷന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചു.തന്റെ അനുഭവങ്ങളും ആശയങ്ങളും ടെക്സ്പെക്റ്റേഷനില്‍ പങ്കുവയ്ക്കാന്‍ പങ്കജ് റായിയും എത്തും.
ടെക്സ്പെക്റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്സ്പെക്റ്റേഷൻസിന്റെ ആറാം പതിപ്പ് അരങ്ങേറുക.
ജെയ്ന്‍ യൂണിവേഴ്സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്സ്പെക്‌റ്റേഷന്‍സിന്റെ പ്രായോജകര്‍.റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്സ്പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്സ്പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയാണ് മനോരമ ഓണ്‍ലൈന്‍ 'ടെക്സ്പെക്‌റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.