ഒരു രാത്രി ഉറങ്ങി എഴുന്നേക്കുമ്പോഴല്ല വിജയികളുണ്ടാകുന്നത്, നൗകരി പ്ലാറ്റ്ഫോം മേധാവി പറയുന്നു

Mail This Article
താന്‍ കംപ്യൂട്ടര്‍ സയന്‍സില്‍ അത്ര മിടുക്കനല്ലെന്നു തോന്നിയതിനാലാണ് ബിടെക്കിനു ശേഷം ഉപരി പഠനത്തിന് എംബിഎ തിരഞ്ഞെടുത്തതെന്ന് നൗകരി.കോം മേധാവി ഹിതേഷ് ഒബ്റോയ്. എന്നാല്‍, അങ്ങനെ ഐഐഎം ബെംഗളുരില്‍ ചേർന്നത് അദ്ദേഹത്തിന് ഗുണംചെയ്തു എന്നത് മറ്റൊരു കഥ.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുറന്നു കൊടുക്കുന്ന കാലത്തെ എംബിഎ പഠനം അദ്ദേഹത്തിന് പല കോര്‍പറേറ്റ് വാതിലുകളും തുറന്നു നല്‍കുകയായിരുന്നു. ഇപ്പോള്‍ ഒബ്റോയ്(53) ഇന്‍ഫോ എജ് ഇന്ത്യ ലിമിറ്റഡിന്റെ കോ-പ്രമോട്ടര്‍, എംഡി, സിഇഓ എന്നീ പദവികളാണ് അലങ്കരിക്കുന്നത്.
ഈ സ്ഥാപനത്തിനു കീഴിലാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലന്വേഷണ വെബ്‌സൈറ്റായ നൗകരി.കോം പ്രവര്‍ത്തിക്കുന്നത്. അതിനു പുറമെ 99ഏക്കേഴ്‌സ്.കോം, ജീവന്‍സാഥി.കോം, ശിക.കോം തുടങ്ങിയ വെബ്‌സൈറ്റുകളും ഇന്‍ഫോ എജിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, സൊമാറ്റൊ, പോളിസിബസാര്‍ തുടങ്ങി വിവിധ സ്റ്റാര്‍ട്ട്അപ്പുകളില്‍ നിക്ഷേപവും ഇറക്കിയിട്ടുണ്ട് ഇന്‍ഫോ എജ്.
ഹുറണ്‍ (Hurun) ഇന്ത്യ തയാറാക്കിയ ധനികരുടെ പട്ടികയില്‍ നോയിഡയിലെ ഏറ്റവും വലിയ പണക്കാരനാണ് ഹിതേഷ് ഒബ്റോയ് എന്നു പറയുന്നു. അദ്ദേഹത്തിന് 7,600 കോടി രൂപയുടെ നെറ്റ് ആസ്തിയുണ്ടെന്നാണ് ലിസ്റ്റില്‍ പറയുന്നത്.ഒരു കമ്പനി വിജയിപ്പിച്ചെടുക്കാന്‍ നടത്തേണ്ടത് ഒരു നൂറു മീറ്റര്‍ ഓട്ടമല്ല, മറിച്ച് ഒരു മാരത്തോണ്‍ പ്രകടനമാണെന്നാണ്, പ്രസാദം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഒബ്റോയ്പറയുന്നത്.
ഒരു രാത്രി ഉറങ്ങി എണീക്കുമ്പോള്‍ വിജയി ആയി മാറാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പെടുക്കാന്‍ പരമ്പരാഗത രീതി അനുവര്‍ത്തിക്കണം എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്ന് അദ്ദേഹത്തിന്റെ 2019ലെ ടെഡ്‌ടോക് പ്രസംഗത്തില്‍ നിന്നും മനസിലാകും. വിശിഷ്ടമായ ഒരു ആശയവും, അത് ഫലിപ്പിച്ചെടുക്കാന്‍ പ്രയത്‌നവുമാണ് ബിസിനസ് വിജയത്തിലെത്താന്‍ ആവശ്യം. എന്നാല്‍, ഇതിന് ഉള്‍പ്രേരണയുടെ പ്രാധാന്യവും എടുത്തുപറയാതിരിക്കാന്‍ വയ്യ.
ലക്ഷ്യത്തിലെത്താന്‍ വേണ്ട നിശ്ചയദാര്‍ഢ്യം, നിര്‍ന്ധബുദ്ധി, കാഴ്ചപ്പാട്, അഭ്യുദയേച്ഛ തുടങ്ങിയവയാണ് ഉള്‍പ്രേരണ എന്ന വാക്കില്‍ ഒതുക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ട്അപ് കമ്പനി നടത്തിപ്പുകാരോട് അദ്ദേഹത്തിനു പറയാനുളളത്, കസ്റ്റമര്‍മാരില്‍ നിന്ന് പണമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ നിക്ഷേപകരില്‍ നിന്ന് മാത്രമല്ല എന്നാണ്.
ഇന്‍ര്‍നെറ്റ് വ്യവസായത്തില്‍നിന്ന് 24 വര്‍ഷത്തിലേറെയായി ആര്‍ജ്ജിച്ച അനുഭവസമ്പത്താണ് ഒബ്റോയിക്ക് ഉള്ളത്. ഈ മേഖലയിലെ വിവിധ ഫോറങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ന്യൂ ഡല്‍ഹി ടൈയുടെ (TiE) ബോര്‍ഡ് അംഗമാണ് അദ്ദേഹം. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ മുന്‍ ചെയര്‍മാനുമാണ് അദ്ദേഹം. അശോക യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകാംഗങ്ങളിലൊരാളുമാണ് അദ്ദേഹം. പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലക്ഷാ (Plaksha) യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപകാംഗമാണ്.
ഏണസ്റ്റ് ആന്‍ഡ് യംങിന്റെ പ്രശസ്ത അവര്‍ഡായ മികച്ച യുവ ബിസിനസുകാരനുള്ള 2008ലെ പുരസ്‌കാരം ഒബ്റോയിയും പാര്‍ട്ണറും നേടിയിട്ടുണ്ട്. ഐഐഎം ബെംഗളൂരിന്റെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് 2019ലാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതേ പുരസ്‌കാരം ഐഐടി ഡല്‍ഹി അദ്ദേഹത്തിന് 2021ൽ നല്‍കി ആദരിച്ചു.തന്റെ അനുഭവങ്ങളും ആശയങ്ങളും ടെക്‌സ്‌പെക്‌റ്റേഷനില്‍ പങ്കുവയ്ക്കാന്‍ ഹിതേഷ് ഒബ്റോയിയും എത്തും.
ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍.റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയാണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.