കരസേനയിൽ എൻജിനീയറാകാം; നിയമനം ലഫ്റ്റനന്റ് റാങ്കിൽ, അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം

Mail This Article
കരസേനയുടെ 63–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സിലേക്കും 34–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
2024 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്കു 29 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി 21 വരെ ഓൺ ലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്‌സൈറ്റ് കാണുക.
∙ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം.
∙പ്രായം: 2024 ഒക്ടോബർ ഒന്നിന് 20–27.
∙പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
∙തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.
പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in