മഞ്ഞണിഞ്ഞ പൈന്‍ കാടിനിടയിലെ വീട്ടില്‍ താമസിക്കാം
![birdsonghome1 birdsonghome1](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-india/images/2021/9/29/birdsonghome1.jpg?w=1120&h=583)
Mail This Article
സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ താമസം ഒരുക്കുന്ന ഇടങ്ങളാണ് ഹോംസ്റ്റേകള്‍. തിരക്കുകളില്‍ നിന്നു മാറി സ്വകാര്യത ഉറപ്പുവരുത്തുന്നു എന്ന് മാത്രമല്ല, താമസത്തിന് ചെലവ് കുറവുമാണ് ഹോംസ്റ്റേകളില്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ചെറുകിട വ്യവസായം എന്ന നിലയില്‍ ഹോംസ്റ്റേകള്‍ പണിതുയർത്തിയിട്ടുണ്ട്. സ്വന്തം വീട്ടിലെന്ന പോലെയുള്ള കരുതലും നാടന്‍ രുചികളും ഒരുക്കുന്ന ഇത്തരമിടങ്ങള്‍ യാത്രകള്‍ കൂടുതല്‍ അവിസ്മരണീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു എന്നതില്‍ സംശയമില്ല. ഇങ്ങനെ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതും സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ മനം കവര്‍ന്നതുമായ ഒരു ഹോംസ്റ്റേയാണ് ഡാര്‍ജിലിങ്ങിലെ മിരികിലുള്ള ബേര്‍ഡ്സോങ്.
ഡാര്‍ജിലിങ്ങിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് മിരിക്. ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിിടം. അതിമനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സാവിത്രി പുഷ്പോദ്യാന്‍ ഉദ്യാനം, സുമേന്ദു തടാകം എന്നിവ ഇവിടുത്തെ ചില ശ്രദ്ധേയമായ കാഴ്ചകളാണ്. മിരിക് ബസാർ, താന ലൈൻ, കൃഷ്ണനഗർ, ദൗസെയ്ദാര, തുർബോ, മിരിക് ബസ്റ്റി, ബയാപാരി ഗോലൈ എന്നിവിടങ്ങളിലാണ് ടൂറിസ്റ്റുകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്.
![birdsonghome birdsonghome](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-india/images/2021/9/29/birdsonghome.jpg)
വളരെയേറെ റൊമാന്റിക് ആയ ഒരു അനുഭവമാണ് ബേര്‍ഡ്സോങ് ഒരുക്കുന്നത്. പൈന്‍ മരങ്ങള്‍ ഇടതിങ്ങി വളരുന്ന വനപ്രദേശത്തിനുള്ളിലാണ് ഈ വീട്. ചുറ്റും മഞ്ഞണിഞ്ഞ കാഞ്ചന്‍ജംഗയുടെ മനോഹര കാഴ്ചകള്‍ കാണാം. ലിവിംഗ് റൂമും ബെഡ്റൂമും ഒപ്പം ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന ഒരു വുഡന്‍ ഡെക്കുമാണ് ഇവിടെയുള്ളത്. കൂടാതെ വൈകുന്നേരങ്ങളില്‍ ക്യാംപ് ഫയറും ബാര്‍ബിക്യൂ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
അകത്തിരിക്കാന്‍ മടിയാണെങ്കില്‍ പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടു നടക്കാം. കാടിനുള്ളിലെ ശുദ്ധവായു ആവോളം ഉള്ളിലേക്കെടുത്ത് ശ്വാസകോശത്തിന് ഒരു ഡീടോക്സ് ആവാം. ചുറ്റുമുള്ള തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കാം, ചായപ്പൊടി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നേരിട്ട് കാണാം. ചായപ്രേമികള്‍ക്ക് വിവിധ രുചികളില്‍ ഉള്ള ചായകള്‍ പരീക്ഷിക്കാന്‍ അടുത്തുള്ള കടകള്‍ സന്ദര്‍ശിക്കുകയുമാവാം.
![birdsonghome3 birdsonghome3](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-india/images/2021/9/29/birdsonghome3.jpg)
ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ മിരിക് തടാകത്തില്‍ ബോട്ടിങ് നടത്താനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. അതുകഴിഞ്ഞ് അടുത്തുള്ള ബുദ്ധമത കേന്ദ്രത്തിലും പോകാം. ഹോംസ്റ്റേയില്‍ നിന്നും ഏതാനും മിനിട്ടുകള്‍ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
English Summary: Homestay In Darjeeling Set Amid Tea Plantations Overlooks The Kanchenjunga