കടൽതീരത്തെ ആഘോഷം; ശ്രീലങ്കന്‍ യാത്രാചിത്രങ്ങളുമായി സീതാരാമം നായിക മൃണാള്‍

Mail This Article
റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമത്തില്‍, നൂര്‍ജഹാന്‍ രാജകുമാരിയായെത്തി, പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മൃണാള്‍ താക്കൂർ. ഹിന്ദിയിലും മറാത്തിയിലും തെലുങ്കിലുമെല്ലാം ഒട്ടേറെ സൂപ്പര്‍ഹിറ്റ് പ്രോജക്റ്റുകളുടെ ഭാഗമായ ഈ മഹാരാഷ്ട്രക്കാരിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. തിരക്കേറിയ അഭിനയജീവിതത്തിന്‍റെയും യാത്രകളുടെയും കുടുംബത്തിലെയുമെല്ലാം വിശേഷങ്ങള്‍ മൃണാള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശ്രീലങ്കന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോകളുമാണ് നടി ഏറ്റവും പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീലങ്കയുടെ പ്രകൃതിസൗന്ദര്യവും വെള്ളത്തില്‍ നീന്തുന്നതുമെല്ലാം ഒരു വിഡിയോയില്‍ കാണാം. മഞ്ഞ ടോപ്പും ജീന്‍സും ഹാറ്റുമണിഞ്ഞ്, ബീച്ചിനരികില്‍ നിന്നും എടുത്ത മനോഹരചിത്രങ്ങളും ഇക്കൂട്ടത്തില്‍ കാണാം.
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രാ കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രത്തിന്‍റെ ആകർഷകമായ ബീച്ചുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് ഓണ്‍ അറൈവല്‍ വീസ, ഇ വീസ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ശ്രീലങ്ക നല്‍കുന്നുണ്ട്. താരതമ്യേന ചെലവുകുറഞ്ഞതായതിനാല്‍ ബാക്ക്പാക്കർമാർക്കും ബജറ്റ് യാത്രക്കാർക്കും ഏറെ അനുയോജ്യമാണ് ശ്രീലങ്കന്‍ യാത്ര.
ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണൽ പാർക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള ബീച്ചുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനും പ്രസിദ്ധമാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണ്. എയർ ഇന്ത്യ , ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെല്ലാം ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
English Summary: Mrunal Thakur Enjoy Holiday in Sri Lanka