വിവാഹവും ഗൃഹപ്രവേശവും പോലുള്ള മംഗളകർമങ്ങൾ കുംഭത്തിൽ നടത്താമോ?
Mail This Article
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ പറഞ്ഞുവച്ചിട്ടുണ്ട്.
വിവാഹത്തിന് കുംഭമാസത്തിനു പുറമേ കന്നി, ധനു, കർക്കടകം എന്നീ മാസങ്ങളും മീനത്തിന്റെ അവസാന പകുതിയും ഒഴിവാക്കണമെന്നാണു പറയുന്നത്. ഗൃഹപ്രവേശത്തിനു കന്നി, കുംഭം, കർക്കടകം മാസങ്ങൾ പാടില്ല. ഗൃഹപ്രവേശം കുംഭമാസത്തിൽ പാടില്ലെന്നു പറയുന്നുണ്ടെങ്കിലും ഗൃഹാരംഭം (വീടിനു തറക്കല്ലിടൽ) കുംഭമാസത്തിൽ ആകാം.
ദിനമാസകാര്യങ്ങൾക്കു കുംഭം ദോഷമല്ല. ഇരുപത്തെട്ടാം ദിവസം നൂലുകെട്ട്, ആറാംമാസത്തിൽ ചോറൂണ് തുടങ്ങി ദിവസത്തിന്റെയും മാസത്തിന്റെയും എണ്ണത്തിനു പ്രാധാന്യമുള്ള കാര്യങ്ങളിൽ കുംഭം ഉൾപ്പെടെ ഒരുമാസത്തിനും വിലക്കില്ല. കുട്ടി ജനിച്ച് ഇരുപത്തെട്ടാം ദിവസം വരുന്നത് കുംഭമാസത്തിലാണെങ്കിൽ ഒട്ടും ആശങ്ക വേണ്ട, ആ ദിവസം തന്നെ ഏറ്റവും ശുഭകരം. അതുപോലെ ആറാം മാസം വരുന്നത് കുംഭത്തിലാണെങ്കിൽ ഈ മാസത്തിൽ തന്നെ ചോറൂണു നടത്താം.