ADVERTISEMENT

ദേവീ പ്രീതിക്ക് പ്രധാനമായ നാളുകളാണ് ആഷാഢ നവരാത്രി കാലം. ഈ ദിനങ്ങളിൽ  ദേവീ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും  നിത്യവും ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതും സവിശേഷ ഫലദായകമാണ്. ദേവീ ഭജനത്തിലൂടെ കുടുംബത്തിലെ ദുരിതങ്ങൾ നീങ്ങി സർവൈശ്വര്യം നിറയും എന്നാണ് വിശ്വാസം . 

പ്രഭാതത്തിലും പ്രദോഷത്തിലും ദേവീ പ്രീതികരമായ നാമങ്ങൾ  ജപിക്കണം. നെയ്‌വിളക്കിനു മുന്നിലിരുന്നു ലളിതാദേവിയുടെ ആയിരം നാമങ്ങൾ ഉൾപ്പെടുന്ന ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നത് അത്യുത്തമ ഫലം നൽകും. അതിനു സാധിക്കാത്തവർ ലളിതാ സഹസ്രനാമ ധ്യാനം ജപിച്ചശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. ഇത് ജപിക്കുന്നതിനു പ്രത്യേക നിഷ്ഠകളില്ല. ജപസമയത്ത് കുങ്കുമം, ചന്ദനം, ഭസ്മം ഇവ  മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുര സുന്ദരീപ്രീതികരമാണ്.

ഈ കാലയളവിൽ ദേവീ മാഹാത്മ്യപാരായണം അത്യുത്തമമാണ്.  ദേവീ മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ അധ്യായത്തിലെ നാരായണീ സ്തുതി ആഷാഢ നവരാത്രി നാളിൽ  ജപിക്കുന്നത് അത്യുത്തമമെന്നാണ് വിശ്വാസം.  അതിനു സാധിക്കാത്തവർ നാരായണീ സ്തുതിയിലെ ' സർവ  മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ' എന്ന മന്ത്രം 36 തവണയോ  108 തവണയോ ഭജിക്കാം.

ദേവീ ക്ഷേത്രദർശനം നടത്തി കടുംപായസം വഴിപാടായി സമർപ്പിക്കുന്നത് സർവ ദുരിതശാന്തിക്ക് ഉത്തമമെന്നാണ് വിശ്വാസം. കൂടാതെ നാരങ്ങാ മാല സമർപ്പണം , രക്തപുഷ്പ്പാഞ്ജലി , സഹസ്രനാമ പുഷ്‌പാഞ്‌ജലി , നെയ്‌വിളക്ക് സമർപ്പണം എന്നിവ പ്രധാനമാണ്.

പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമായ ഭദ്രകാളിപ്പത്തു രാവിലെയും വൈകിട്ടും ജപിക്കാവുന്നതാണ്.അകാരണ ഭയം, തുടർച്ചയായ രോഗദുരിതം,നേരായ രീതിയിൽ  ആർജ്ജിച്ച ധനം ചോർന്നു പോവുക, കുടുംബ കലഹം എന്നീ ഒട്ടനവധി സന്ദർഭങ്ങളിൽ ജപിക്കുവാനുള്ള സഹായ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. ദും ദുർഗ്ഗായേ നമഃ എന്ന ദുർഗാ ദേവീ മൂലമന്ത്രജപവും ഉത്തമഫലം നൽകും.  

English Summary:

How to Celebrate Ashadha Navratri: Essential Rituals & Offerings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com