ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനം’

Mail This Article
കൊച്ചി∙ വ്യാപാരത്തിലും വാണിജ്യത്തിലും കേരളം ഇന്ത്യയിൽ തന്നെ ഒന്നാമതായിരുന്ന കാലം ഉണ്ടായിരുന്നെന്ന് പ്രശസ്ത ചരിത്രകാരനായ വില്യം ഡാൽറിംപിൾ. ലോക ജിഡിപിയുടെ 70% വരെ ഇന്ത്യയുടെയും ചൈനയുടെയും സംഭാവന മാത്രമായിരുന്നു. ആ കാലഘട്ടത്തിലേക്ക് ഇന്ത്യ മടങ്ങി പോവുകയാണെന്നും ഡാൽറിംപിൾ പറഞ്ഞു.
ദി ഇൻഡസ് ഒൻട്രപ്രനർ (ടൈ) സംഘടിപ്പിച്ച ടൈകോൺ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് ഈജിപ്ത്തിലേക്ക് ഏറ്റവും കുടുതൽ കയറ്റുമതി ചെയ്തത് ആനക്കൊമ്പും കുരുമുളകും പട്ടു തുണിത്തരങ്ങളും മലബാറിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളുമായിരുന്നു. വൻ വിലയ്ക്കാണ് ഈ ആഡംബര വസ്തുക്കൾ വിറ്റിരുന്നത്. അങ്ങനെ കിട്ടുന്ന പണം കൊണ്ട് റോമാസാമ്രാജ്യത്തിൽ നിന്നു സ്വർണവും വീഞ്ഞും മറ്റും വാങ്ങുകയായിരുന്നു. ഏറ്റവും കൂടുതൽ റോമാ സ്വർണനാണയങ്ങൾ കണ്ടെത്തിയിട്ടുള്ളത് കേരളത്തിലും പിന്നെ തമിഴ്നാട്ടിലും ശ്രീലങ്കയിലുമാണെന്നും ഡാൽറിംപിൾ ചൂണ്ടിക്കാട്ടി.

കെഎസ്ഐഡിസി ചെയർമാൻ സി.ബാലഗോപാൽ പ്രഭാഷണം നടത്തി. ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയി അധ്യക്ഷത വഹിച്ചു. ടൈകോൺ ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ രാജസ്ഥാൻ പ്രസിഡന്റ് ഡോ.ഷീനു ജാവർ, ടൈ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് മേനോൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ പരിവർത്തനം സംബന്ധിച്ച സെമിനാറിൽ ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ്, ഇസാഫ് സിഇഒ പോൾ തോമസ്, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി പി.രാജീവ് ഓൺലൈൻ സന്ദേശം നൽകി.