തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി: വരുന്നു, സഹകരണ മാങ്കോസ്റ്റിനും റംബുട്ടാനും !
Mail This Article
തിരുവനന്തപുരം ∙ സഹകരണ സംഘങ്ങൾ കൃഷി ചെയ്യണമെന്ന നിർദേശവുമായി വകുപ്പ്. കേട്ടയുടനെ പച്ചക്കറി, നെൽക്കൃഷി , വാഴക്കൃഷി പോലെ പതിവു പരിപാടിയുമായി ഇറങ്ങി നഷ്ടക്കണക്കുമായി വരരുതെന്ന നിർദേശവും കൂടി സഹകരണ വകുപ്പ് നൽകുന്നുണ്ട് . ‘കേരളത്തിനെ ഹോർട്ടികൾചറൽ ഹബ്’ ആയി മാറ്റുന്ന കാർഷിക പദ്ധതിക്കാണ് നിർദേശം. ഇതിന് ആസൂത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെ ജില്ലാതല യോഗങ്ങളിലേക്കു വകുപ്പ് കടന്നു.
30 കോടിയെങ്കിലും പ്രാഥമികമായി ചെലവുവരുമെന്നാണ് കണക്ക്. തരിശുഭൂമി സഹകരണ സംഘങ്ങൾ പാട്ടത്തിനെടുക്കണം. തുടർന്ന് ഓരോ സ്ഥലത്തും എന്തൊക്കെ കൃഷി ചെയ്യാമെന്ന് കാർഷിക സർവകലാശാല വിദഗ്ധർ പഠനം നടത്തിയ ശേഷം അറിയിക്കും. അപൂർവവും എന്നാൽ മികച്ച വരുമാനം ലഭിക്കുന്നതുമായ ഇനങ്ങളുടെ കൃഷിയാണ് പരിഗണിക്കേണ്ടത്. മാങ്കോസ്റ്റിൻ, റംബുട്ടാൻ, പാഷൻഫ്രൂട്ട്, അബ്യു തുടങ്ങി കയറ്റുമതിക്ക് സാധ്യതയുള്ളവ കൃഷി ചെയ്യാം. കേരളത്തിന്റെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും അനുസരിച്ച് 11 ഏരിയകളായി തിരിച്ച് അവിടെ എന്തൊക്കെ കൃഷിയാകാമെന്നു നിർദേശിക്കും. നെൽക്കൃഷിയിൽ പിഎച്ച്ഡി നേടിയ ഡോ.സജിത് ബാബു സഹകരണ റജിസ്ട്രാറായി വന്നശേഷമാണ് ഇത്തരമൊരു പദ്ധതി മന്ത്രി വി.എൻ.വാസവനിൽ മുന്നിൽ അവതരിപ്പിക്കുന്നത്.
മലബാർ മേഖലയിൽ മാത്രം ചെങ്കൽ പ്രദേശങ്ങളായ ഒന്നര ലക്ഷം ഏക്കർ തരിശുഭൂമിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 10 ശതമാനമെങ്കിലും കൃഷിഭൂമിയായി മാറ്റിയെടുക്കാനാണു പദ്ധതി. ഇത്തരം കൃഷിയിൽ നിന്നുള്ള ഫലങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മറ്റ് ഉൽപന്നങ്ങൾ നിർമിക്കാൻ ചെറിയ യൂണിറ്റുകൾക്കും സംഘങ്ങൾ വായ്പ നൽകും.