രാജ്യത്തിന്റെ കുതിപ്പിന് കരുത്തേകാൻ ക്രെഡിറ്റ് സ്കോറും വളരണം

Mail This Article
മ്യൂചല്‍ ഫണ്ടിനെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇന്ത്യയിലെ ഈ മേഖലയിലെ നിക്ഷേപകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിനാണ് വഴിവച്ചത്. സമാനമായ രീതിയില്‍ ഉള്ള ബോധവല്‍ക്കരണം ക്രെഡിറ്റ് സ്കോറിന്റെ കാര്യത്തിലും ഉണ്ടാകേണ്ടതുണ്ട്.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എട്ട് ശതമാനത്തിന് മുകളില്‍ എത്തുകയും ആ നിലവാരത്തില്‍ സ്ഥിരതയാര്‍ജിക്കുകയും ചെയ്യണമെങ്കില്‍ ഉപഭോഗം മെച്ചപ്പെട്ടേ മതിയാകൂ. രാജ്യത്തെ ജനങ്ങളുടെ ഉപഭോഗം വളരണമെങ്കില്‍ വായ്പയുടെ വിതരണം സുഗമമാകണം. ലോകത്തെ ഉപഭോഗം ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് മികച്ച വായ്പാ ലഭ്യതയാണ് ഉള്ളത്.

ഉപഭോഗത്തെ ചലിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് വായ്പാ ലഭ്യത. ജനങ്ങളുടെ വായ്പാ ലഭ്യത ആകട്ടെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചിരിക്കുന്നു. ക്രെഡിറ്റ് സ്കോര്‍ ഉയരണമെങ്കില്‍ വായ്പാ യോഗ്യത ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനസംഖ്യയിലെ ഭൂരിഭാഗത്തിനും സാമ്പത്തിക അച്ചടക്കമോ വായ്പാ യോഗ്യതയോ ഇല്ല.
കടക്കെണി
140 കോടിയിലേറെ ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് ഭൂരിഭാഗം പേരും വായ്പയ്ക്കായി ആശ്രയിക്കുന്നത് അമിതമായ പലിശ ഈടാക്കുന്ന സ്വര്‍ണ്ണ പണയ സ്ഥാപനങ്ങളെയും പ്രാദേശിക വായ്പാ വിതരണക്കാരെ ആണ്. സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവം പലരെയും കടക്കെണിയില്‍ അകപ്പെടുത്തുകയും ചെയ്യുന്നു.
നമ്മുടെ രാജ്യത്ത് വായ്പയെടുക്കുന്ന ബഹുഭൂരിഭാഗത്തിനും ക്രെഡിറ്റ് സ്കോര്‍ എന്താണെന്ന് പോലും അറിയില്ല. സാമ്പത്തിക തലത്തില്‍ നമ്മുടെ ഭാവിയെ ക്രെഡിറ്റ് സ്കോര്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യത്തെക്കുറിച്ചും ബോധവല്‍ക്കരണം പരിമിതമാണ്.
ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് കൂടി ആവശ്യമാണെന്ന ബോധ്യം സര്‍ക്കാറിനു ഉണ്ടാകണം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണത്തിന് സമാനമായ പരിപാടികള്‍ ക്രെഡിറ്റ് സ്കോര്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയും രൂപപ്പെടുത്തണം.
ആദായ നികുതി റിബേറ്റ് നല്കുന്നതു പോലെ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്കുന്ന ഒരു സ്കീം എന്തുകൊണ്ട് സര്‍ക്കാരിന് വിഭാവനം ചെയ്തു കൂടാ? അത്തരം സാമ്പത്തിക തലത്തിലുള്ള പ്രോത്സാഹനങ്ങള്‍ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗ വളര്‍ച്ച കൈവരിക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന് മുന്നില്‍ പുതിയ വഴികള്‍ തുറന്നിടുന്നതിന് തുല്യമായിരിക്കും.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)