മാമ്മത്തുകൾ മറഞ്ഞത് ജനിതകരോഗം കാരണമല്ല! വൻജീവികളുടെ വംശനാശത്തിന്റെ കാരണം ദുരൂഹം
Mail This Article
പതിനായിരം വർഷങ്ങൾക്ക് മുൻപ്. അന്ന് ഭൂമിയിലെ തന്നെ ഏറ്റവും വലിയ കരജീവികളിലൊന്നായ മാമ്മത്തുകളുടെ സ്ഥിതി പ്രതിസന്ധിയിലാകുകയായിരുന്നു. ഒരു കൂട്ടം വൂളി മാമ്മത്തുകൾ സൈബീരിയൻ തീരത്തുനിന്ന് അകലെയുള്ള റാംഗൽ ദ്വീപിൽ അകപ്പെട്ടു. മാമ്മത്തുകൾ മറ്റെല്ലായിടത്തും വംശനാശം വന്ന് ഒടുങ്ങിയപ്പോഴും ദ്വീപിലുള്ളവ നിലനിൽക്കുകയും അവ പെരുകുകയും ചെയ്തു. ആറായിരം വർഷം ഇവ ഇങ്ങനെ നിലനിന്നു. ഒടുവിൽ ഇവയ്ക്കും വംശനാശം വന്നു.
തമ്മിൽ തമ്മിൽ ഇണചേർന്നു സന്തതികളെ ഉത്പാദിപ്പിച്ചതുമൂലമുള്ള ഇൻബ്രീഡിങ് നിമിത്തം ഇവയ്ക്ക് ജനിതകപരമായ പ്രശ്നങ്ങൾ ഉടലെടുത്തെന്നും ഇതാകാം വംശനാശത്തിലേക്ക് നയിച്ചെതെന്നുമായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ ഈ ധാരണ തെറ്റാണെന്ന് പുതിയ പഠനത്തിൽ ശാസ്ത്രജ്ഞർ പറയുന്നു. റാംഗെൽ ദ്വീപിലെ മാമ്മത്തുകളുടെ ജനിതകവ്യവസ്ഥ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെട്ടത്.
എന്നാൽ എന്താണ് ഇവയുടെ വംശനാശത്തിനു വഴിവച്ചതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ പഠനത്തിനായിട്ടില്ല. ഒന്നുകിൽ ഏതോ വൈറസ് ബാധയോ അല്ലെങ്കിൽ അഗ്നിപർവത വിസ്ഫോടനം പോലെ ഏതോ പ്രകൃതിദുരന്തമോ ആകാം ഭൂമിയിലുണ്ടായിരുന്ന ഈ അവസാന മാമ്മത്ത് സംഘത്തിന് വംശനാശം സംഭവിക്കാനിടയാക്കിയതെന്ന് ഗവേഷകർ പറയുന്നു.
വമ്പൻ ജീവികളാണ് മാമ്മത്തുകൾ.13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായി.
ഏഷ്യൻ ആനകൾക്കും മാമ്മത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്.ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല. ഇടക്കാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു.