ഒരു വനിത തുടങ്ങിയ നൃത്തം പടർന്നത് 400 പേരിലേക്ക്; മരണങ്ങൾക്കിടയാക്കിയ ഡാൻസിങ് പ്ലേഗ്

Mail This Article
ചരിത്രത്തിൽ അനേകം ഉത്തരമില്ലാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്യന്തം കൗതുകം നിറഞ്ഞ സംഭവങ്ങൾ.
ഇക്കൂട്ടത്തിൽ പ്രശസ്തമായ ഒന്നാണ് 1518ൽ സംഭവിച്ച ഡാൻസിങ് പ്ലേഗ് എന്ന സംഭവം. ജർമനിയിലെ സ്ട്രാസ്ബർഗിൽ ആയിരുന്നു ഈ സംഭവം നടന്നത്. അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്‌റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണു സ്ട്രാസ്ബർഗ്. ഒരിക്കൽ ഒരു ജൂലൈ മാസം. ഒരു ജർമൻ വനിത തെരുവിലേക്ക് ഇറങ്ങി നൃത്തം ചെയ്യാൻ തുടങ്ങി. ഫ്രോ ട്രോഫിയ എന്നായിരുന്നു അവരുടെ പേര്, ദിവസങ്ങളോളം ഇവർ നൃത്തം ചെയ്തുകൊണ്ടേയിരുന്നു. ഒരാഴ്ച ആയപ്പോഴേക്കും ഏകദേശം 30 പേരോളം ട്രോഫിയയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.
ഒരു മാസം പിന്നീട്ടപ്പോഴേക്കും ഏകദേശം 400 പേരാണ് ഇങ്ങനെ നൃത്തത്തിൽ ഏർപ്പെട്ടത്. ഇവരിൽ ചിലർ സ്‌ട്രോക്കും ഹൃദയാഘാതവുമൊക്കെ കാരണം മരിച്ചുവീഴുകയും ചെയ്തു. സെപ്റ്റംബർ മാസം വരെ ഈ നൃത്തം നീണ്ടുനിന്നു. അന്നു സ്ട്രാസ്ബർഗിനെ നിയന്ത്രിച്ച അധികാരികളും പിൽക്കാലത്ത് ശാസ്ത്രജ്ഞരും ചരിത്രകാരൻമാരുമൊക്കെ ഈ വിചിത്ര പ്രതിഭാസത്തിന്‌റെ കാരണം തേടി. ഡാൻസിങ് പ്ലേഗ് എന്നാണ് അവർ ഈ അദ്ഭുതനൃത്തത്തെ വിശേഷിപ്പിച്ചത്. വിദഗ്ധർ പല കാരണങ്ങൾ ഈ പ്രതിഭാസത്തിനു കാരണമായി പറയുന്നു.
അക്കാലത്തെ സ്ട്രാസ്ബർഗ് അസമത്വത്തിന്‌റെയും ദാരിദ്ര്യത്തിന്‌റെയും സംഘർഷങ്ങളുടെയും പിടിയിലമർന്നിരുന്നു ഇതു മൂലമുണ്ടായ മാനസികവൃഥകളാകാം നിയന്ത്രണമില്ലാതെ നൃത്തം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് ഒരു സിദ്ധാന്തം. മാസ് ഹിസ്റ്റീരിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഇതിനു മുൻപും പിൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹരിയുണ്ടാക്കുന്ന ഏതെങ്കിലും കൂണ് ഭക്ഷിച്ചതാകാം ഈ നൃത്തത്തിനിടവച്ചതെന്നു മറ്റൊരു സിദ്ധാന്തമുണ്ടെങ്കിലും ഇതിനു സാധ്യത കുറവാണ്. നൃത്തം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തും അധികാരികൾ ഇതിനെതിരെ വലിയ നടപടികളൊന്നുമെടുത്തില്ല. ആളുകൾ മരിക്കാൻ തുടങ്ങിയതിനെത്തുടർന്ന് സ്ട്രാസ്ബർഗിൽ കുറച്ചുകാലത്തേക്കു മറ്റുള്ളവർ നൃത്തം ചെയ്യുന്നതു നിരോധിച്ചു.