കറങ്ങുന്ന ഡൈനിങ് റൂം, കൃത്രിമ തടാകം, നീറോയുടെ മണ്ണിനടിയിലായ സ്വർണക്കൊട്ടാരം

Mail This Article
ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. ഈ പ്രയോഗത്തിൽ പറയുന്നതു പോലെ തന്നെ പൗരാണിക നഗരമായ റോം കനത്ത അഗ്നിബാധയിൽ കത്തിയമർന്നിരുന്നു. നീറോ ചക്രവർത്തിയായിരുന്ന കാലത്തു തന്നെയായിരുന്നു ഈ ദുരന്തം. എഡി 64ൽ ഇതുപോലൊരു ജൂലൈ 18 രാത്രിയിൽ.അന്നു യൂറോപ്പിന്റെ ഹൃദയമായിരുന്നു റോം. പുകൾപ്പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം. സമ്പന്നരും പാവപ്പെട്ടവരും മധ്യവർഗത്തിലെ ആളുകളും നഗരത്തിൽ താമസമുറപ്പിച്ചിരുന്നു. പാവപ്പെട്ടവർ പൊതുവെ പലകകളും തടികളും ഉപയോഗിച്ചുള്ള വീടുകളിലാണു കഴിഞ്ഞിരുന്നത്.
റോമിലെ പ്രശസ്തമായ ചില നിർമിതികൾ നീറോയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ഒന്നാണ് റോമിലെ ഗോൾഡൻ ഹൗസ്. ഡോമസ് ഓറിയ എന്ന പേരിലാണ് റോമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണമായതും വലുപ്പമുള്ളതുമായ കെട്ടിടങ്ങളിലൊന്നായ ഈ കൊട്ടാരം അറിയപ്പെടുന്നത്. 320 മുറികളും ഒരു കൃത്രിമ തടാകവും ഈ കൊട്ടാരത്തിലുണ്ടായിരുന്നു. എട്ട് വശങ്ങളുള്ള ഒക്ടഗണൽ റൂം എന്ന നിർമിതിയാണ് ഈ കൊട്ടാരത്തിലെ ഏറ്റവും പ്രശസ്തമായ മുറി. മറ്റൊരു അദ്ഭുതം കൊട്ടാരത്തിലെ കറങ്ങുന്ന തീൻമുറിയായിരുന്നു. രാവും പകലുമില്ലാതെ ഈ മുറി കറങ്ങിക്കൊണ്ടേയിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന അതിഥികളുടെ മേൽ പൂക്കളും സുഗന്ധദ്രവ്യങ്ങളും ചൊരിയാനുള്ള സംവിധാനങ്ങളും ഈ മുറിയിലുണ്ടായിരുന്നു.

റോമിൽ അഗ്നിബാധ ഉടലെടുത്ത ദിനം നീറോ ചക്രവർത്തി നഗരത്തിലുണ്ടായിരുന്നില്ല. റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തീരനഗരമായ ആന്റിയത്തിൽ സുഖവാസത്തിലായിരുന്നു അദ്ദേഹം. റോമിലെ അക്കാലത്തെ പ്രശസ്തമായ കുതിരയോട്ട വേദിയായ സർക്കസ് മാക്‌സിമസിനു ചുറ്റുമുള്ള കടകളിൽ ഏതിലോ ആണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് അന്നു നഗരത്തിൽ വീശിയിരുന്നു. കാറ്റിന്റെ കൂട്ടുപിടിച്ച് തീ ഒരു നരകാഗ്നിയായി മാറി.
ജനനം മുതൽ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന നീറോ ചക്രവർത്തിയുടെ വ്യക്തിത്വത്തിൽ എന്നന്നേക്കുമായി കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു റോമിലെ അഗ്നിബാധ. ഇതിനു ശേഷം റോമാസാമ്രാജ്യത്തിലെ കരുത്തരായ സെനറ്റും ചക്രവർത്തിയും തമ്മിലിടയുകയും സെനറ്റ് നീറോയെ ജനദ്രോഹിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിധി തനിക്കെതിരായെന്നു മനസ്സിലാക്കിയ നീറോ ഒളിച്ചോട്ടങ്ങൾ നടത്തുകയും നാലു വർഷങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു. 30 വയസ്സായിരുന്നു അന്നു നീറോയ്ക്ക്.