ഗിസയിൽ പിരമിഡുകൾക്ക് സമീപം ഭൂഗർഭസമുച്ചയം! പിരമിഡുകൾ ശരിക്കും യന്ത്രങ്ങളാണോ?

Mail This Article
ഗിസയിലെ പിരമിഡുകൾക്ക് സമീപം ബൃഹത്തായ ഭൂഗർഭ ഘടനകൾ കണ്ടെത്തി ഗവേഷകർ. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഗവേഷകർ കണ്ടെത്തൽ നടത്തിയത്. ഇറ്റലിയിലെ പിസ സർവകലാശാലയിൽനിന്നുള്ള കൊറാഡോ മാലംഗ, സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ഫിലിപ്പിയോ ബിയോൺഡി എന്നിവരാണു ഗവേഷണം നടത്തിയത്. ഗിസയിലെ പിരമിഡുകളായ ഗ്രേറ്റ് പിരമിഡ്, ഖഫ്റെ പിരമിഡ്, മെൻകൗറെ പിരമിഡ് എന്നിവയുടെ താഴെയായിട്ടാണു ഭൂഗർഭ ഘടന.
6500 അടി വ്യാപിച്ചിരിക്കുന്ന ഒരു വലിയ ഭൂഗർഭഘടനാ സമുച്ചയമാണു കണ്ടെത്തിയത്. ഖഫ്രെ പിരമിഡിനു താഴെയായി 5 സമാനരൂപമുള്ള ഘടനകളും കണ്ടെത്തി. ഈ ഘടനകൾ തമ്മിൽ പ്രത്യേക ഇടനാഴികളാൽ ബന്ധിക്കപ്പെട്ടിരുന്നു. ഈ പഥങ്ങൾക്ക് താഴെ 8 കിണറുകളും കണ്ടെത്തി. വീണ്ടും താഴേക്കുപോകുമ്പോഴും ക്യൂബ് ആകൃതിയിലുള്ള ഘടനകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പിരമിഡുകൾ ഈജിപ്ഷ്യൻ ചക്രവർത്തിമാരുടെ മൃതികുടീരങ്ങൾ എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകളുള്ള നിർമിതികളാണോയെന്ന സംശയം ഈ കണ്ടെത്തൽ ഉയർത്തുന്നു. പ്രഗത്ഭ ശാസ്ത്രജ്ഞനായ നിക്കോള ടെസ്‌ല പിരമിഡുകൾ ഭൂമിയിൽ നിന്നുള്ള ഊർജം ശേഖരിക്കുന്ന സംവിധാനങ്ങളാണെന്നു വിശ്വസിച്ചിരുന്നു. ക്രിസ്റ്റഫർ ഡൻ എന്ന എൻജിനീയർ പിരമിഡുകൾ മെഷീനുകളാണെന്നാണു പറഞ്ഞിട്ടുള്ളത്. ഈ വാദങ്ങളൊക്കെ പുതിയ കണ്ടെത്തലോടെ ബലവത്തായിട്ടുണ്ട്.
. ഗിസ പിരമിഡ്
ഗിസയിൽ 3 പിരമിഡുകളുണ്ടെങ്കിലും പൊതുവെ ഗിസയിലെ പിരമിഡെന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലെത്തുന്നത് ഗിസയിലെ ഗ്രേറ്റ് പിരമിഡാണ്. ഈജിപ്തിൽ ബിസി 2551 മുതൽ 2528 വരെ അധികാരത്തിലിരുന്ന ഫറവോയായിരുന്ന കുഫുവിന്റെ അന്ത്യവിശ്രമകേന്ദ്രം എന്ന നിലയ്ക്കാണ് ഇതു നിർമിച്ചത്. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അത്ഭുതവും ഈ പിരമിഡാണ്. ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്നാണ് രഹസ്യ അറ ഇതിനുള്ളിൽ ഉണ്ടായിരുന്നെന്ന സംശയം. ഇതെക്കുറിച്ചും ഗവേഷണമുണ്ട്. ഈ സംശയം ശരിയാണെന്നാണു നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോൾ തെളിയിക്കുന്നത്. പ്രാചീന ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ രണ്ടാമത്തെ ഫറവോയായിരുന്നു ഖുഫു. ഇദ്ദേഹത്തിന്‌റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ താരതമ്യേന കുറവാണ്. നാലാം സാമ്രാജ്യത്തിന്‌റെ സ്ഥാപകനായ സ്‌നെഫ്‌റുവിന്‌റെ പുത്രനാണു ഖുഫു. നാലു ഭാര്യമാരും 12 മക്കളും ഖുഫുവിനുണ്ടായിരുന്നു. ഗിസയിലെ പിരമിഡ് കൂടാതെ ഹാഥോർ, ബാസ്റ്റസ്റ്റ് എന്നീ ദേവകൾക്കായി ക്ഷേത്രങ്ങളും ഖുഫു നിർമിച്ചിരുന്നു.
. സ്ഫിൻക്സ്
പിരമിഡുകൾ കൂടാതെ ഗിസയിൽ സ്ഥിതി ചെയ്യുന്ന സ്ഫിൻക്‌സ് എന്ന പ്രതിമയും പ്രശസ്തമാണ്. മനുഷ്യശരീരവും സിംഹത്തിന്‌റെ ഉടലും, ചിറകുകളുമുള്ള ഈ പ്രതിമ, ഒറ്റക്കല്ലിൽ തീർത്ത ലോകത്തെ ഏറ്റവും വലിയ ശിൽപങ്ങളിലൊന്നാണ്. സ്ഫിൻക്‌സ് എന്തിനാണു നിർമിച്ചത്, എങ്ങനെയാണ് നിർമിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ചർച്ചകൾ ഗവേഷകർക്കിടയിൽ നടന്നിരുന്നു. ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ ഫറവോയായ ഖഫ്രെയുടെ മുഖമാണ് സ്ഫിൻക്‌സിനുള്ളതെന്ന് കരുതിപ്പോരുന്നു, ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ശിൽപമായ സ്ഫിൻക്‌സ് ലോകത്ത് ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന ശിൽപവുമാണ്.