നഗരത്തിൽ തിരിച്ചുവരട്ടെ വാട്ടർ ടാക്സികൾ

Mail This Article
ആലപ്പുഴ∙രാജ്യത്തെ ആദ്യ വാട്ടർ ടാക്സി സർവീസ് തുടങ്ങിയത് ആലപ്പുഴയിലാണ്. റോഡുകളിലെ ടാക്സി സർവീസിന് സമാനമായി വെളളത്തിലൂടെ സർവീസ് നടത്തുന്നതിനാണ് പത്ത് പേർക്ക് സഞ്ചരിക്കാവുന്ന നാല് കുഞ്ഞൻ ബോട്ടുകൾ വാങ്ങി സർവീസ് തുടങ്ങിയത്. 2020 ഒക്ടോബറിൽ ഇവ സർവീസ് തുടങ്ങിയെങ്കിലും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. യാത്രക്കാരെ ഏറെ ആകർഷിച്ചെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിലും ബോട്ടുകൾ സംരക്ഷിക്കുന്നതിലും അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതിനാൽ ബോട്ടുകൾ നശിക്കുകയും സർവീസുകൾ നിർത്തിവയ്ക്കുകയുമാണുണ്ടായത്.
വീതികുറഞ്ഞ റോഡുകളും ഗതാഗതക്കുരുക്കും മൂലം വീർപ്പുമുട്ടുന്ന ആലപ്പുഴ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇരു കനാലുകളും എ.എസ് കനാലും വഴി വാട്ടർ ടാക്സി സർവീസുകൾ വീണ്ടും തുടങ്ങിയാൽ അത് ആലപ്പുഴയുടെ ടൂറിസത്തിനും നഗരത്തിലെത്തുന്ന മറ്റു യാത്രക്കാർക്കും ഒരു പോലെ പ്രയോജനപ്രദമാകും. ഈ മൂന്ന് പ്രധാന കനാലുകൾ കൂടാതെ അമ്പതിലധികം ഇടത്തോടുകളും നഗരത്തിന്റെ പരിസര പ്രദേശങ്ങളിലൂടെ ഒഴുകുന്നുണ്ട്.
റെയിൽവേ, കടപ്പുറം, കലക്ടറേറ്റ്, മുനിസിപ്പാലിറ്റി, ജില്ലാ കോടതി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം വാട്ടർ ടാക്സി സർവീസുകൾ വഴി സുഗമമായി എത്തിച്ചേരാം. മുപ്പാലത്ത് നിർമാണം പൂർത്തിയാവുന്ന സ്ക്വയർ ബ്രിജിന് സമീപം വാട്ടർ ടാക്സിയുടെ ജെട്ടിയും തുടങ്ങാനാകും. ഇടത്തോടുകൾ കൂടി ടാക്സി സർവീസിനായി പ്രയോജനപ്പെടുത്തിയാൽ ചേർത്തലയടക്കമുള്ള സമീപ പട്ടണങ്ങളിലേക്ക് ഈ സർവീസ് വ്യാപിപ്പിക്കാനാകും.
കുറച്ചു വർഷം മുൻപ് വരെ കലവൂർ ഉദയാ സ്റ്റുഡിയോയുടെ സമീപത്തെ മാർക്കറ്റിലേക്ക് ചരക്കു ഗതാഗതത്തിനായി കൊമ്മാടി പാലത്തിന് താഴെക്കൂടി ഒഴുകുന്ന എ.എസ് കനാൽ പ്രയോജനപ്പെടുത്തിയിരുന്നു. കുട്ടനാട്ടിൽ നിന്നും കാർഷിക വിളകളും വൈക്കോൽ,പുല്ല് എന്നിവയും ഇതിലൂടെ വള്ളത്തിലെത്തിച്ചാണു കലവൂരിൽ കച്ചവടം നടത്തിയിരുന്നത്.എന്നാൽ ഈ കനാൽ ഇന്ന് പുല്ലും പോളയും നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. വാട്ടർ ടാക്സി സർവീസുകൾ ഇതുവഴി തുടങ്ങിയാൽ നഗരത്തിലെ ഇടത്തോടുകളുടെ വീണ്ടെടുപ്പ് കൂടിയാവും ഇത്.
കനാൽ സൗന്ദര്യവൽക്കരണം
കനാലുകളുടെ സൗന്ദര്യവൽക്കരണത്തിന് മാതൃകയാക്കാവുന്ന സമീപനമാണ് കയർ കോർപറേഷൻ അധികൃതർ സ്വീകരിച്ചിട്ടുള്ളത്. കയർ ഉൽപന്നങ്ങളുടെ പ്രചരണാർഥം കയർ കോർപറേഷൻ ഓഫിസിന് മുൻവശത്ത് വാണിജ്യ കനാലിന്റെ ഇരുകരകളിലുമായി അതിമനോഹരമായ കയർ പാർക്ക് സ്ഥാപിച്ചു. കയർ ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങളും ഊഞ്ഞാലും ചങ്ങാടവുമൊരുക്കി.
ചെടിച്ചട്ടികൾ സ്ഥാപിച്ച് കനാലിന്റെ ഇരുകരകളിലും പുൽത്തകിടിയും വച്ചു പിടിപ്പിച്ച് മനോഹരമാക്കി. കനാൽ കരയുടെ കുറച്ച് ഭാഗങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുകയും ലൈറ്റിങ് സംവിധാനങ്ങളും സെൽഫി പോയിന്റും സ്ഥാപിച്ചു. 280000 രൂപ ചെലവഴിച്ചാണ് കയർ പാർക്ക് നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കനാലിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് ഫ്ലോട്ടിങ് ബ്രിജ് കൂടി പരിഗണനയിലുണ്ടെന്ന് കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി പണിക്കർ അറിയിച്ചു. സായാഹ്നങ്ങൾ ചെലവഴിക്കാനായി ഒട്ടേറെപ്പേരാണ് കയർ പാർക്കിലേക്ക് എത്തുന്നത്.