ADVERTISEMENT

ചെന്നൈ ∙ നഗരവാസികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും. ജോലിക്കും വിദ്യാഭ്യാസത്തിനുമായി ലക്ഷക്കണക്കിനു പേർ ദിവസേന സബേർബൻ, എംആർടിഎസ്, മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നു. അതിനാൽ റെയിൽവേ കാഴ്ചകളും ട്രെയിനിന്റെ വരവും പോക്കുമൊന്നും പുതുമ സമ്മാനിക്കുന്നില്ലെന്നു പറയാം. എന്നാൽ റോയപുരം സ്റ്റേഷനിലേക്കു വരുന്ന ഓരോ വ്യക്തിയും ചരിത്രത്തിലേക്കാണു കാലെടുത്തു വയ്ക്കുന്നത്. സ്റ്റേഷനിലെ ഓരോ ചുമരിലും ചരിത്രത്തിന്റെ കയ്യൊപ്പു കാണാം. കുതിച്ചു പായുന്ന ഓരോ ട്രെയിനും യാത്രക്കാരെ പഴയ കാലത്തേക്കു മടക്കി കൊണ്ടുപോകും.

നഗരത്തിന്റെ പൈതൃക സ്വത്ത് കൂടിയാണ് റോയപുരത്തെ റെയിൽവേ സ്റ്റേഷൻ. രാജ്യത്ത് ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സ്റ്റേഷൻ. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ കൂടിയാണ് റോയപുരം സ്റ്റേഷൻ. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് 1856ൽ ഇവിടെ നിന്നാണ് ഓടിത്തുടങ്ങിയത്. റോയപുരത്ത് നിന്ന് ആമ്പൂരിലേക്കും തിരുവള്ളൂരിലേക്കുമായിരുന്നു ആദ്യ ദിനത്തിലെ സർവീസുകൾ.

റെയിൽവേ കാഴ്ചകൾ കണ്ടു മടുത്ത നഗരത്തിനു പക്ഷേ, റോയപുരം എന്നുമൊരു റോയൽ അനുഭവമാണ് സമ്മാനിക്കുന്നത്. പഴമയുടെ സൗന്ദര്യവും പ്രൗഢിയും ഒരു തരി പോലും മാറാതെ ഇന്നും തലയെടുപ്പോടെ നിൽക്കുന്നതായി കാണാം. യാത്രാ ആവശ്യത്തിനാണെങ്കിലും അല്ലെങ്കിലും നഗരവാസികൾക്കു റോയപുരം സ്റ്റേഷൻ സന്ദർശനം ജീവിതത്തിൽ എന്നും ഓർക്കുന്ന കാഴ്ചയായി മാറുമെന്ന കാര്യം തീർച്ച. മനസ്സിൽ റോയപുരം സ്റ്റേഷന്റെ മനോഹരമായ കാഴ്ചകൾ തെളിഞ്ഞെങ്കിൽ ഉടൻ പോകാം–'റോയപുരം റെയിൽവേ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com