ആദ്യം 174.4 ഓവറിൽ 71 ഓവറും ബോൾ ചെയ്തു, തൊട്ടുപിന്നാലെ ‘വിജയം വരെ’ ഉറച്ച പ്രതിരോധം; കേരളത്തിനായി ‘ഇരട്ടിപ്പണി’ ചെയ്യുന്ന മധ്യപ്രദേശുകാരൻ!

Mail This Article
അഹമ്മദാബാദ് ∙ 174.4 ഓവർ നീണ്ട ഒരിന്നിങ്സിലെ 71 ഓവറുകളും (426 പന്തുകൾ) ബോൾ ചെയ്യുക, പിന്നാലെ 2 മണിക്കൂർ പോലും തികച്ചു വിശ്രമിക്കും മുൻപേ അടുത്ത ഇന്നിങ്സിലെ വിക്കറ്റ് വീഴ്ച തടയാനുള്ള കാവൽ ദൗത്യവുമായി പതിവിലും നേരത്തേ ക്രീസിലെത്തി പിടിച്ചു നിൽക്കുക...കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ എത്തുമ്പോൾ ജലജ് സക്സേനയെന്ന മധ്യപ്രദേശുകാരൻ അതിനായി നടത്തിയ അധ്വാനവും നൽകിയ സംഭാവനയും തിളങ്ങി നിൽക്കുന്നു.
71 ഓവറിൽ 149 റൺസ് മാത്രം വിട്ടുനൽകി ജലജ് വീഴ്ത്തിയ വിലപ്പെട്ട 4 വിക്കറ്റുകളാണ് മൂന്നാം ദിനം ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ നാലാം ദിനം വീണ്ടും പ്രതിരോധത്തിലാക്കി കേരളത്തെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഫസ്റ്റ് റൗണ്ടിലും കേരള വിജയങ്ങളിൽ നിർണായകമായത് ജലജിന്റെ മാന്ത്രിക സ്പിൻ തന്നെ. ഈ സീസണിലും കേരളത്തിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ് ജലജ്.
മുൻപ് 2017–2018, 2018–19 സീസണുകളിൽ കേരളം നോക്കൗട്ട് റൗണ്ടിലെത്തിയപ്പോഴും ബോൾ കൊണ്ടും ബാറ്റ് കൊണ്ടും ജലജിന്റെ സംഭാവനകൾ അതുല്യമായിരുന്നു. 8 സീസണുകളായി കേരള നിരയിലെ തുറപ്പുചീട്ടാണ് ഈ ഓൾറൗണ്ടർ. ടീമിലെ വല്യേട്ടനായ ഈ മുപ്പത്തിയെട്ടുകാരൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 7000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടതും ഇന്നലെ രണ്ടാം ഇന്നിങ്സിലെ ബാറ്റിങ്ങിലൂടെയാണ്. ജലജ് മനോരമയോട് സംസാരിക്കുന്നു.
∙ ഇത്രയേറെ ഓവറുകൾ ബോൾ ചെയ്ത ശേഷം വൈകാതെ തന്നെ ബാറ്റിങ്ങിനിറങ്ങുക ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയല്ലേ?
പ്രഫഷനൽ ക്രിക്കറ്റർ എന്ന നിലയിൽ അതിനുള്ള തയാറെടുപ്പ് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഓഫ് സീസണിൽ പോലും ദിവസവും 3 മണിക്കൂറോളമാണ് സിംഗിൾ സ്റ്റംപിലേക്ക് ബോൾ ചെയ്തു പരിശീലിക്കുന്നത്. ദിവസവും 60–70 ഓവർ എറിയും. അത്തരം പരിശീലനം ശീലമായതിനാൽ എത്രനേരം കളിക്കുന്നതും പ്രശ്നമല്ല.
∙ എത്രത്തോളം സമ്മർദം നിറഞ്ഞതായിരുന്നു മത്സരം?
ഈ സീസണിലെ തന്നെ പല മത്സരങ്ങളിലും വലിയ സമ്മർദ ഘട്ടങ്ങളെ അതിജീവിച്ചാണ് നമ്മൾ ഇവിടെ എത്തിയത്. കളിക്കാർക്ക് അതു പുതുമയുള്ള കാര്യമല്ല. കോച്ചിനു കൃത്യമായ പ്ലാനുണ്ട്. ഓരോ ഘട്ടത്തിലും സമ്മർദത്തെ എങ്ങനെ മറികടക്കാമെന്ന കൃത്യമായ നിർദേശം അദ്ദേഹം അപ്പപ്പോൾ നൽകുന്നു.
∙ രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
വലിയ സമ്മർദം തന്നെയാണ് ഞങ്ങൾ നേരിട്ടത്. പ്രത്യേകിച്ചും ചുറ്റും 3–4 കളിക്കാരുള്ളപ്പോൾ. പക്ഷേ നമ്മൾ ഫൈനൽ കളിക്കുമെന്ന് ഉറപ്പാക്കുക എന്നതു മാത്രമായിരുന്നു മനസ്സിൽ. 15–20 ഓവറെങ്കിലും വിക്കറ്റ് പോകാതെ പിടിച്ചു നിൽക്കണമെന്ന് ഇമ്രാനോടും പറഞ്ഞു.