ഡാമുകളിൽ ജലനിരപ്പ് സുരക്ഷിത നിലയിൽ

Mail This Article
കൊച്ചി∙ കാലവർഷം ആരംഭിച്ചെങ്കിലും ശക്തമായ മഴ ലഭിക്കാത്തതിനാൽ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പുയർന്നില്ല. ഇടമലയാർ അണക്കെട്ടിലെ ജലവിതാനം ഇന്നലെ 131.44 മീറ്ററാണ്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭൂതത്താൻകെട്ട് അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും നിലവിൽ 50 സെന്റിമീറ്റർ വീതം ഉയർത്തിവച്ചിരിക്കുകയാണ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്.
എന്നാൽ ഇന്നലെ 5 മീറ്ററോളം വെള്ളം താഴ്ന്നു. 30 മീറ്ററായിരുന്നു കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായിട്ടില്ല. മലങ്കര ഡാമിലെ 3 ഷട്ടറുകൾ 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടെങ്കിലും മൂവാറ്റുപുഴയാറിൽ ജലനിരപ്പു കാര്യമായി ഉയർന്നിട്ടില്ല. കടുത്ത വേനലിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ 17 മുതൽ ഡാമിന്റെ ഷട്ടറുകൾ 20 സെന്റിമീറ്റർ ഉയർത്തി വെള്ളമൊഴുക്കാൻ ആരംഭിച്ചതോടെയാണ് പുഴയിൽ അൽപമെങ്കിലും ജലനിരപ്പ് ഉയർന്നത്.
ഇന്നലെ മുതൽ 20 സെന്റിമീറ്റർ കൂടി വർധിപ്പിച്ച് 40 സെന്റിമീറ്റർ ഉയരത്തിൽ ഷട്ടറുകൾ തുറന്നെങ്കിലും കാര്യമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. പെരിയാറിൽ സമുദ്രനിരപ്പിനു തുല്യമാണ് ഇന്നലെ ജലനിരപ്പ്. മഴക്കാലത്തു സാധാരണ കടൽ നിരപ്പിനെക്കാൾ മുകളിലാകും പുഴ ഒഴുകുക. പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിൽ ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതിനാൽ ഭൂതത്താൻകെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പുഴയിൽ നിൽക്കാതെ നേരിട്ട് കടലിൽ പതിക്കുന്നതാണു കാരണം.
കൺട്രോൾ റൂം
കാലവർഷക്കെടുതി നേരിടാൻ ആലുവയിലെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തു പ്രത്യേക കൺട്രോൾ റൂം തുറന്നു. വെള്ളപ്പൊക്കമുണ്ടായാൽ ജില്ലയിലെ 34 സ്റ്റേഷനുകളും കൺട്രോൾ റൂമുകളാക്കി മാറ്റാനുള്ള ഒരുക്കളും നടത്തിയിട്ടുണ്ടെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു. കടൽ ക്ഷോഭം മൂലം ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ തീരദേശ പൊലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും സേവനം ലഭ്യമാക്കും.