പള്ളിലാംകര ഗവ.എൽപി സ്കൂൾ ‘ഇന്റർനാഷനൽ’; നേപ്പാൾ മുതൽ കളമശേരി വരെയുള്ള 39 വിദ്യാർഥികൾ
![ernakulam](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2023/6/1/ernakulam-kalamassery-school.jpg?w=1120&h=583)
Mail This Article
കളമശേരി ∙ ‘ആവോ ബച്ചേ, അന്തർ ആവോ’ പള്ളിലാംകര ഗവ.എൽപി സ്കൂളിൽ ഇന്ന് പ്രവേശനോത്സവത്തിനെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും വാർഡ് കൗൺസിലറും കാത്തിരിക്കുകയാണ്. നഗരസഭയിലെ ‘ഇന്റർനാഷനൽ സ്കൂൾ ’ ആണ് പള്ളിലാംകര ഗവ.എൽപി. സ്കൂൾ. നേപ്പാൾ സ്വദേശികളുടെ കുട്ടിയും പഠിക്കുന്നതിനാലാണു സ്കൂൾ ‘രാജ്യാന്തര’ പദവി നേടിയത്. ഒന്നു മുതൽ 4വരെയുള്ള ക്ലാസുകളിലായി 39 കുട്ടികളാണ് പഠിക്കുന്നത്. ഇവരിൽ 11 പേർ ഈ വർഷം പ്രവേശനം നേടിയവരാണ്.
നേപ്പാൾ–1, തമിഴ്നാട്–4, ബിഹാർ–2, ബംഗാൾ –12, അസം–8, ജാർഖണ്ഡ് –7, സിക്കിം –1, ഒഡീഷ–1 , കേരളം–3 എന്നിങ്ങനെയാണ് പ്രാതിനിധ്യം. കെജി സെക്‌ഷനിൽ 10 കുട്ടികളുമുണ്ട്. കുട്ടികളെ സ്വീകരിക്കാൻ വാർഡ‍് കൗൺസിലർ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. 4 അധ്യാപകരാണുള്ളത്. അതിഥി വിദ്യാർഥികളുമായി ആശയവിനിമയം സുഗമമാക്കുന്നതിനു റോഷ്നി പദ്ധതിയുടെ ഭാഗമായി ഒരു അധ്യാപികയും എത്തും.