കറങ്ങിയാലോ?; തുറന്ന ഡബിൾ ഡക്കർ ബസിൽ നഗരം കാണാം
Mail This Article
കൊച്ചി ∙ വൈകുന്നേരം രാത്രിയിലേക്കു സംഗമിക്കുന്ന നേരം തുറന്ന ഡബിൾ ഡക്കർ ബസിലൊന്നു നഗരം കറങ്ങിയാലോ ? കെഎസ്ആർടിസി വൈകാതെ അത്തരമൊരു സർവീസ് കൊച്ചിയിൽ തുടങ്ങും. തിരുവനന്തപുരത്ത് അതുണ്ട്. തലശ്ശേരിയിൽ ഉണ്ടായിരുന്നു. തലശേരിയിൽ ഓടിയിരുന്ന ബസാണു കൊച്ചിയിലേക്കു കൊണ്ടുവരുന്നത്. ബസിന്റെ സ്റ്റിക്കർ മാറ്റി, സീറ്റ് കവർ മാറ്റി, കാർപറ്റും സീറ്റ് കവറും മാറ്റിയാൽ ബസ് റെഡി. വൈകിട്ട് 5 മുതൽ രാത്രി 8 വരെ 39 കിലോമീറ്റർ സർവീസ് ആണിത്. ഡബിൾ ഡക്കർ ബസിന്റെ മുകളിൽ 40 പേർക്കും താഴെ 30 പേർക്കും ഇരിക്കാം. ഇത് സർവീസ് ട്രിപ് അല്ല. വൈകിട്ട് 5 നു ഹൈക്കോടതിക്കു സമീപത്തുനിന്നാരംഭിച്ച് കണ്ടെയ്നർ റോഡിലൂടെ ചേരാനല്ലൂർ ജംക്‌ഷനിലെത്തി ഇടപ്പള്ളി, കുണ്ടന്നൂർ, തോപ്പുംപടി വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ അവസാനിക്കുന്നതാണു സർവീസ്.
ടൂർ സർവീസിൽ ആളുണ്ടെങ്കിൽ പാതിരാത്രി ഒരു സർവീസ് കൂടി ആരംഭിക്കും. ആളില്ലെങ്കിൽ ആരംഭിക്കാൻ പോകുന്ന സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ഓപ്പൺ ഡബിൾ ഡക്കർ സർവീസ് നിലവിലുള്ളത്. സംസ്ഥാനത്തെ ഏക ഡബിൾ ഡക്കർ സർവീസ് കൊച്ചിയിലാണ്, തോപ്പുംപടി–അങ്കമാലി റൂട്ടിൽ. ഇത് യാത്രാ സർവീസ് ആണ്. ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിൽ കെഎസ്ആർടിസി ഗാരിജിൽ എത്തിച്ചു പരീക്ഷണ ഓട്ടം നടത്തി. ഫോർട്ട്കൊച്ചിക്കു സർവീസ് നടത്താനായിരുന്നു ആദ്യ ആലോചന. അങ്ങോട്ടേക്കു ബസ് ഓടിച്ചു നോക്കിയപ്പോൾ കേബിളുകളും മരച്ചില്ലകളും തടസ്സമായി. അതിനാലാണ് ഇപ്പോഴത്തെ റൂട്ട് നിശ്ചയിച്ചത്.