ദേശീയപാത 66 നിർമാണം ഈ വർഷവും പൂർത്തിയാകില്ല; 2026 മാർച്ച് വരെയെങ്കിലും നീളാൻ സാധ്യത

Mail This Article
പറവൂർ ∙ പുതിയ ദേശീയപാത– 66 നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ നടത്തുന്ന പണികൾ ഈ വർഷവും തീരാൻ സാധ്യതയില്ല. 2025 ഏപ്രിൽ മാസത്തിൽ തീർക്കാനാണു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും നിലവിലെ സാഹചര്യത്തിൽ 2026 മാർച്ച് വരെയെങ്കിലും നീളാനാണു സാധ്യത. സർവീസ് റോഡുകളുടെ ടാറിങ് പലയിടത്തും നടക്കുന്നുണ്ടെങ്കിലും പ്രധാന റോഡിന്റെ നിർമാണം തുടങ്ങിയിട്ടില്ല
മണ്ണ്, കല്ല് എന്നിവയുടെ ക്ഷാമത്തിന് ഇപ്പോഴും പരിഹാരമായില്ല. ക്വാറി സർക്കാർ അനുവദിച്ചെങ്കിലും ജിയോളജി വിഭാഗത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ തമിഴ്നാട്ടിൽ നിന്നു തന്നെയാണു മെറ്റലുകൾ കൊണ്ടുവരുന്നത്.
മണ്ണെടുക്കാനും പലയിടത്തും തടസ്സമുണ്ട്. മണ്ണെടുക്കുന്ന പല സ്ഥലങ്ങളിലും പ്രാദേശികമായി പരാതി ഉയരുകയും കോടതിയുടെ സ്റ്റേ ഉണ്ടാകുകയും ചെയ്തതാണു പ്രതിസന്ധിയായത്. മണ്ണിന്റെയും കല്ലിന്റെയും ലഭ്യത സുലഭമായാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്കു വേഗം കൈവരൂ.
അടിപ്പാത നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഈ വർഷം മാർച്ച് മാസത്തോടെ പാതയുടെ സ്ട്രക്ചർ ഏകദേശം വ്യക്തമാകും. നിർമിച്ചപ്പോൾ ഉയരം കുറഞ്ഞുപോയെന്ന് ആക്ഷേപമുയർന്ന പറവൂർ പാലം ഉയർത്തി നിർമിക്കുന്നതു തുടരുകയാണ്. തൂണുകളുടെ ഉയരം കൂട്ടിയ ശേഷം ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ചെറിയപ്പിള്ളിയിലും പാലം നിർമാണം നടക്കുന്നുണ്ട്. കുര്യാപ്പിള്ളിയിൽ പൊളിച്ച പഴയ പാലത്തിന്റെ ഭാഗത്തു പുതിയ പാലം നിർമിക്കും. പല പാലങ്ങളും പല തരത്തിലാണു നിർമിക്കുന്നത്.
മൂത്തകുന്നം– കോട്ടപ്പുറം പാലത്തിൽ സ്റ്റീൽ ഗർഡറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം ഗർഡറുകൾ ഈ മേഖലയിൽ കൊണ്ടുവന്നു വച്ചിട്ടുണ്ട്. ഇവ പാലത്തിന്റെ തൂണുകളിൽ ഘടിപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്യും. വരാപ്പുഴ പാലം സാധാരണ പാലം നിർമാണത്തിന്റെ രീതിയിലാണു പണിയുന്നത്.