ചോര വീണ റോഡിൽ നിന്ന് ഉയർന്നു വരുന്നത് പ്രതിഷേധം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ അപകടം

Mail This Article
തൊടുപുഴ ∙ ഞറുക്കുറ്റി വണ്ടമറ്റം ബൈപാസിൽ വാഹനാപകടങ്ങൾ തുടർക്കഥ. ഇന്നലെ പുലർച്ചെ കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന 2 യാത്രക്കാർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ അപകടമാണ് ഇന്നലത്തേത്. ഈ അപകടം നടന്നതിനു സമീപത്തു തന്നെ 2 ദിവസം മുൻപ് മറ്റൊരു കാർ നിയന്ത്രണം വിട്ട് പറമ്പിലേക്കു മറിഞ്ഞ് ഒരാൾക്കു പരുക്കേറ്റിരുന്നു.
കുത്തനെയുള്ള ഇറക്കവും സൂചനാ ബോർഡുകളുടെ അഭാവവും റോഡിന്റെ ഇരു വശങ്ങളിലും കാടു കയറി കാഴ്ച മറച്ചിരിക്കുന്നതു മൂലം റിഫ്ലക്ടർ കാലുകൾ കാണാൻ ആവാത്ത സ്ഥിതിയും അപകടം വർധിക്കാൻ കാരണമായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.അശാസ്ത്രീയമായ റോഡ് നിർമാണവും അപകട കാരണമാണെന്ന് ആരോപണമുണ്ട്. ആധുനിക നിലവാരത്തിൽ ടാർ ചെയ്ത റോഡിന്റെ വീതിക്കുറവും അപകടത്തോത് കൂട്ടുന്നു.കഴിഞ്ഞ വർഷം ഇവിടെ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരനായ പുളിക്കത്തൊട്ടി സ്വദേശി മരിച്ചിരുന്നു.
ഇതെ തുടർന്ന് ഇടുക്കി ജോയിന്റ് ആർടിഒയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ അപകട മുന്നറിയിപ്പ് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാനും ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന മരങ്ങളും കാടുകളും നീക്കം ചെയ്യാനും നിർദേശം നൽകിയെങ്കിലും ഇതൊന്നും നടപ്പായില്ല.നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വളവിൽ റോഡിന്റെ വീതി കൂട്ടുന്ന നടപടികൾ മാത്രമാണ് നടക്കുന്നത്. എന്നാൽ അതും അശാസ്ത്രീയമായാണ് നടക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.
വണ്ണപ്പുറത്ത് ആലപ്പുഴ – തേനി സംസ്ഥാന പാതയിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഈ റോഡിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കൂടാതെ ജില്ലയുടെ ഹൈറേഞ്ച് മേഖലകളിൽ നിന്നു തൊടുപുഴ, കോട്ടയം മേഖലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതിനാൽ ആംബുലൻസുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന പ്രധാന പാത കൂടിയാണിത്. ഇതുവഴി കെഎസ്ആർടിസി ബസുകളും ഓടുന്നുണ്ട്. ഇഴഞ്ഞു നീങ്ങുന്ന റോഡ് പണികൾ എത്രയും വേഗം പൂർത്തീകരിച്ച് അപകടരഹിതമായി യാത്ര ചെയ്യാൻ കഴിയുന്ന വിധം റോഡ് നവീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.