ജില്ലാ പഞ്ചായത്തിന്റെ ഓണം വിപണന മേളയ്ക്കു തുടക്കം

Mail This Article
കണ്ണൂർ ∙ ഓണത്തെ വരവേൽക്കാൻ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേളയുമായി ജില്ലാ പഞ്ചായത്ത്. മേള പൊലീസ് മൈതാനിയിൽ ഡോ. വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിനു കീഴിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉൽപന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉൽപന്നങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ നിന്നു നേരിട്ട് എത്തിക്കുന്ന കാർഷിക ഉൽപന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച 125 സ്റ്റാളുകളാണ് മേളയിലുള്ളത്. വിപുലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പ്രവർത്തനം തുടങ്ങിയ പപ്പുവാൻ, സഞ്ജീവനി ഹെർബൽ, കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ പുറത്തിറക്കിയ യൂണികോഫി തുടങ്ങിയ സ്റ്റാർട്ടപ്പ് ഉൽപന്നങ്ങളും മേളയിലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ എ.എസ്.ഷിറാസ് എന്നിവർ പ്രസംഗിച്ചു. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് മേള. പ്രവേശം സൗജന്യമാണ്. സെപ്റ്റംബർ 7നു സമാപിക്കും.