കാണാമറയത്ത് കടുവ; ഭീതി മാറാതെ ജനം: അകറ്റിയത് വെടിയുതിർത്ത്
![കടുവയെ കണ്ട മുണ്ടയാംപറമ്പിൽ ആശങ്കയോടെ ഇരിക്കുന്ന നാട്ടുകാർ. ചിത്രം: മനോരമ കടുവയെ കണ്ട മുണ്ടയാംപറമ്പിൽ ആശങ്കയോടെ ഇരിക്കുന്ന നാട്ടുകാർ. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2022/12/9/kannur-tiger-threats-at-mundayamparamba-sub.jpg?w=1120&h=583)
Mail This Article
ഇരിട്ടി ∙ മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്ത് കഴിഞ്ഞ ദിവസം കണ്ട കടുവയെ തിരച്ചിൽ സംഘത്തിന് ഇന്നലെ കണ്ടെത്താനായില്ല. ബുധനാഴ്ച വനപാലക സംഘം കടുവയെ നേരിട്ടു കണ്ടിരുന്നു. അന്ന് തിരച്ചിൽ സംഘത്തെ ഭയപ്പെടുത്തി കടുവ മാറിക്കളയുകയായിരുന്നു. മുണ്ടയാംപറമ്പ് – വാഴയിൽ റോഡിലെ കുന്നൂപ്പറമ്പിൽ ജോർജിന്റെ പറമ്പിലേക്കു കടന്ന് അപ്രത്യക്ഷമായ കടുവ ജീർണിച്ചു കാടു പിടിച്ച നിലയിലുള്ള വീട്ടിലുണ്ടാകുമെന്ന സംശയത്തിൽ, സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ വനം ദ്രുത കർമ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
![കടുവയെ കണ്ട മുണ്ടയാംപറമ്പിൽ ആർആർടി സേനാംഗം തിരച്ചിൽ നടത്തുന്നു. ചിത്രം: മനോരമ കടുവയെ കണ്ട മുണ്ടയാംപറമ്പിൽ ആർആർടി സേനാംഗം തിരച്ചിൽ നടത്തുന്നു. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2022/12/9/kannur-tiger-threats-at-mundayamparamba.jpg)
കടുവ ഈ കുന്നിൽ നിന്ന് തെങ്ങോല, നാട്ടേൽ ഭാഗങ്ങളിലേക്കു പോയിട്ടുണ്ടാകാമെന്ന സംശയത്തിൽ കുന്നിൻ ചെരുവായ പ്രദേശങ്ങളിലും സംഘം തിരച്ചിൽ നടത്തിയെങ്കിലും കാൽപാട് പോലും കണ്ടെത്താനായില്ല.കടുവ നാടുവിട്ട് കാട്ടിൽ കയറിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ മുണ്ടയാംപറമ്പ് ഗ്രാമം രണ്ടാം ദിവസവും നിശ്ചലമായി. ഇന്നു പുലർച്ചെ വരെ പ്രദേശത്ത് കാവൽ തുടരാനാണു വനം വകുപ്പ് തീരുമാനം. 8 ദിവസത്തിനിടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ഉളിക്കൽ, പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ വനം വകുപ്പ് പട്രോളിങ് തുടരും.
ഇതിനിടെ പുതിയ സൂചനകളൊന്നും ലഭിച്ചില്ലെങ്കിൽ കടുവ കാടു കയറിയെന്ന നിഗമനത്തിലെത്തും. മാട്ടറ പീടികക്കുന്നിൽ 2ന് രാത്രി 7 ന് കണ്ടെത്തിയ കടുവ 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണു ബുധൻ പുലർച്ചെ മുണ്ടയാംപറമ്പിൽ എത്തിയത്. കടുവ തിരികെ കാടു കയറിയെന്ന് ഉറപ്പിക്കാതെ മേഖലയിലെ പ്രതിസന്ധി തീരില്ല. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, അറളം എസ്എച്ച്ഒ വിപിൻദാസ്, കരിക്കോട്ടക്കരി എസ്ഐ: പി.അംബുജാക്ഷൻ, എഎസ്ഐ റജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് സുരക്ഷ ഒരുക്കി.
അയ്യൻകുന്ന് പഞ്ചായത്ത് മുണ്ടയാംപറമ്പ് വാർഡ് അംഗം മിനി വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് സ്ഥലത്ത് ക്യാംപ് ചെയ്തു മുന്നറിയിപ്പു കൈമാറി. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർമാരായ എം.ജെ.രാഘവൻ, ടി.എൻ.ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, കണ്ണൂർ ആർആർടി സംഘാംഗങ്ങളും കൊട്ടിയൂർ റേഞ്ചിലെ വനപാലകരും ചേർന്നാണു പ്രദേശത്തു തിരച്ചിൽ നടത്തിയത്.
അകറ്റിയത് വെടിയുതിർത്ത്
ബുധൻ വൈകിട്ട് തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർക്കു നേരെ അലറിയെത്തിയ കടുവയുടെ ശ്രദ്ധ മാറ്റിയതു വെടിയുതിർത്ത്. ദ്രുതകർമ സേനാംഗങ്ങൾ ആകാശത്തേക്ക് 2 തവണ വെടിയുതിർത്തു. ഇതിനിടെ കടുവ മുണ്ടയാംപറമ്പ് – ആനപ്പന്തി റോഡ് മുറിച്ചു കടന്നു നേരത്തേ വന്നതെന്നു കരുതുന്ന വഴിയിലൂടെ ഓടി. പിക്കപ് വാഹനത്തിൽ വന്ന സാബു ചെമ്പകശ്ശേരിയും ഒരു സ്കൂട്ടർ യാത്രക്കാരനും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.