ശുചീകരണ തൊഴിലാളികളെ പുറത്താക്കി, റെയിൽവേ സ്റ്റേഷൻ ട്രാക്ക് നാറുന്നു; എന്താ ഇങ്ങനെ?

Mail This Article
പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് കാരണം പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. ട്രെയിനുകളിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുളള മാലിന്യങ്ങൾ ട്രാക്കുകളിൽ പലയിടത്തും കൂടിയിട്ടുള്ളത്. ട്രെയിനുകൾ കടന്ന് പോകുമ്പോൾ പൊടി പടലങ്ങൾക്കൊപ്പം പ്ലാസ്റ്റിക് കവറുകളും പ്ലാറ്റ്ഫോമുകളിലേക്കും മറ്റും വ്യാപിക്കുകയാണ്.
ശുചീകരണ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്ന് സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്നു. യാത്രക്കാരുടെ ദുരിതം മലയാള മനോരമ ചിത്രം സഹിതം വാർത്തയാക്കിയതോടെ സ്റ്റേഷൻ ജീവനക്കാർ മുൻകൈയെടുത്ത് പ്ലാറ്റ്ഫോമുകൾ താൽക്കാലികമായി ശുചീകരിച്ചിരുന്നു. എന്നാൽ ട്രാക്ക് ശുചീകരിക്കാൻ നടപടി ഉണ്ടായില്ല. ട്രാക്കുകളിൽ മാലിന്യം കൂടുന്നത് പകർച്ച വ്യാധി ഭീഷണിക്ക് കാരണമാകും. ദിവസേനയുള്ള ശുചീകരണം ആരംഭിക്കാത്തത് കാരണം ജനപ്രതിനിധികളും യാത്രക്കാരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ശുചിമുറി നഹീ ഹേ!

പയ്യന്നൂർ ∙ ആകെയുള്ള ശുചിമുറി അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിയതോടെ ശങ്കതീർക്കാൻ ഇടമില്ലാതെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ. റെയിൽവേയുടെ സ്വന്തം ടോയ്‌ലറ്റ് അനധികൃതമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തി റെയിൽവേ കമേഴ്സ്യൽ ഡിവിഷനൽ മാനേജർ അടച്ചു പൂട്ടാൻ ഉത്തരവിട്ടത്. ഇന്നലെ മുതൽ ഇത് അടച്ചു പൂട്ടി. 60 വർഷം മുൻപ് പണിതതാണ് ഈ ടോയ്‌ലറ്റ്. കുടുസു മുറികളാണ് ഉള്ളത്. ഇത് ചായം തേച്ച് മിനുക്കി വലിയ തുകയ്ക്ക് റെയിൽവേ ലേലത്തിൽ വച്ചു.
എ ക്ലാസ് റെയിൽവേ സ്‌റ്റേഷനായതിനാൽ ആ സ്ലാബിലായിരുന്നു തുക നിശ്ചയിച്ചത്. അത് ലേലത്തിൽ എടുക്കാൻ ആരും തയാറായില്ല. ഇതേ കുറിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ റെയിൽവേ ടെൻഡർ നടപടി ഒഴിവാക്കിയിരുന്നു. ടോയ്‌ലറ്റ് അടച്ചു പൂട്ടിയതിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ റെയിൽവേ അധികൃതർ ആരെക്കൊണ്ടെങ്കിലും നടത്താൻ നിർദേശിച്ചു.
ഇതനുസരിച്ച് ഒരു സ്ത്രീക്ക് ശുചീകരണ ചുമതല നൽകി ടോയ്‌ലറ്റ് തുറന്നു കൊടുത്തു. കോവിഡ് കാലത്തും അതുപോലെ തുടർന്നു. പിന്നീട് ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. ഈയൊരു സാഹചര്യത്തിൽ അതു പോലെ മുന്നോട്ട് പോയി. റെയിൽവേയുടെ രേഖയിൽ ഇത് അടച്ചിട്ടിരിക്കുകയാണ്. പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂത്ത് നീക്കം ചെയ്യാൻ വന്ന ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ ‘അനധികൃതമായി’ പ്രവർത്തിക്കുന്ന ടോയ്‌ലറ്റ് ശ്രദ്ധയിൽ പെട്ടതോടെയാണ് അടച്ചു പൂട്ടാൻ ഉത്തരവിട്ടത്.
പ്രീപെയ്ഡ് ബൂത്ത് മാറ്റരുത്; ഓട്ടോ തൊഴിലാളികൾ മാർച്ച് നടത്തി

പയ്യന്നൂർ ∙ റെയിൽവേ സ്‌റ്റേഷനിലെ ഓട്ടോ റിക്ഷ പ്രീപെയ്ഡ് ബൂത്ത് മാറ്റാനുള്ള റെയിൽവേ നടപടിക്കെതിരെ ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി മാർച്ച് നടത്തി. മേൽപാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു.
സിഐടിയു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ ബിഎംഎസ് മേഖല പ്രസിഡന്റ് മുരളി കാരയിൽ അധ്യക്ഷത വഹിച്ചു. യു.വി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണൻ, എം.വി.പ്രഭാകരൻ, പി.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ഓട്ടോറിക്ഷ ബൂത്ത് നിലനിർത്താൻ നിവേദനം നൽകി
പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂത്ത് നിലനിർത്തണമെന്നാവശ്യപ്പെട്ട് ടി.ഐ.മധുസൂദനൻ എംഎൽഎ റെയിൽവേ പാലക്കാട് ഡിവിഷനൽ കമേഴ്സ്യൽ ഓഫിസർക്ക് നിവേദനം നൽകി. 2017ൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പ്രവർത്തനമാരംഭിച്ച പ്രീപെയ്ഡ് ഓട്ടോ ബൂത്ത് നല്ലനിലയിലാണ് പ്രവർത്തിച്ചു വരുന്നത്. സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഗുണപ്രദമായ രീതിയിലാണ് ബൂത്തിന്റെ പ്രവർത്തനമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.