കോവിഡ് നിയന്ത്രണം: കാസർകോട് ജില്ല നിശ്ചലം, ഇന്നലെ 908 കോവിഡ് കേസുകൾ

Mail This Article
കാസർകോട് ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജില്ല പൂർണമായും നിശ്ചലമായി. കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളിലുൾപ്പെടെ എല്ലായിടത്തും ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. കെഎസ്ആർടിസി പകുതിയോളം സർവീസ് നടത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും അത്യാവശ്യ സ്ഥാപനങ്ങളും മാത്രം തുറന്ന് പ്രവർത്തിച്ചു. ചില ഹോട്ടലുകൾ തുറന്നെങ്കിലും ഇരുന്ന് കഴിക്കാൻ അനുവാദമില്ലായിരുന്നു.
പാഴ്സൽ വിൽപന മാത്രം. ജില്ലാ അതിർത്തിയായ തലപ്പാടിയിൽ പൊലീസിന്റെ കർശന പരിശോധനയുണ്ടായിരുന്നു. പ്രധാന ടൗണുകളിലേക്കുള്ള റോഡുകളിലും യാത്രക്കാരെ തടഞ്ഞു പരിശോധിച്ചു. അടിയന്തര ആവശ്യങ്ങൾക്കു പോകുന്നവരെയും ജോലിക്കു പോകുന്നവരെയും യാത്ര ചെയ്യാൻ അനുവദിച്ചു. സർക്കാർ ഓഫിസുകൾക്ക് അവധി നൽകിയിരുന്നു. കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്ന് 26 സർവീസുകളും കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് 28 സർവീസുകളും നടത്തി.
രണ്ടിടത്തുമായി 116 സർവീസുകളാണ് ആകെയുള്ളത്. ഉച്ചയ്ക്കു ശേഷം യാത്രക്കാർ കുറഞ്ഞതോടെ പല സർവീസുകളും വെട്ടിച്ചുരുക്കിയതു ജോലിക്കും മറ്റും പോയവരെ വലച്ചു. ലോക്ഡൗണിനു സമാനമായി ടൗണുകളെല്ലാം പൂർണമായും വിജനമായിരുന്നു. ഓട്ടോ- ടാക്സി വാഹനങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഓടിയത്. നിയന്ത്രണങ്ങൾ ഇന്നും തുടരും.
ഇന്നലെ കോവിഡ് 908
സമ്പർക്കത്തിലൂടെ രോഗബാധിതരായ 880 പേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 908 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 4 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 42313 ആയി. 18.1% ആണ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുണ്ടായിരുന്ന 222 പേർ അടക്കം ഇതുവരെ 34504 പേർക്കാണ് കോവിഡ് നെഗറ്റീവായത്. 7462 പേർ കോവിഡ് ചികിത്സയിലുള്ള ജില്ലയിൽ 11184 പേരാണു നിരീക്ഷണത്തിലുള്ളത്. സെന്റിനൽ സർവേ അടക്കം പുതുതായി 4378 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചതിൽ 1225 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.