നെടുമ്പാശേരിയും കരിപ്പൂരും മട്ടന്നൂരും വളർന്ന വഴിയിൽ ചെറുവള്ളിയും;വിമാനത്താവളമെത്തുമ്പോൾ...
Mail This Article
കോട്ടയം ∙ ശബരിമല വിമാനത്താവളം ചെറുവള്ളിക്കു നൽകുന്നത് ‘വികസന ശൃംഖല
’. നെടുമ്പാശേരിയും കരിപ്പൂരും കണ്ണൂർ മട്ടന്നൂരും വളർന്ന വഴിയിൽ ചെറുവള്ളിയും യാത്ര തുടരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കണ്ണൂർ വിമാനത്താവളത്തിൽ മാത്രം രണ്ടായിരത്തിയഞ്ഞൂറിലേറെ പേർക്കാണ് ഒന്നര വർഷത്തിനുള്ളിൽ തൊഴിൽ ലഭിച്ചത്. ഹോട്ടൽ മുതൽ ചരക്കു സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് വരെ നീളുന്ന അവസരങ്ങളുടെ നിര ഓരോ വിമാനത്താവളത്തിനും പിന്നിലുണ്ടെന്നു ശബരിമല വിമാനത്താവളത്തിന്റെ സ്പെഷൽ ഓഫിസർ വി. തുളസീദാസ് പറഞ്ഞു. പ്രാഥമിക പഠന ഏജൻസി കണ്ടെത്തിയ വികസന സാധ്യതകൾ ഇവ.
തീർഥാടന ടൂറിസം
ശബരിമല തീർഥാടകരിൽ ഒരു ഭാഗം വിമാനത്താവളം ഉപയോഗിക്കും. ശബരി പാത വികസിക്കും. താമസ സൗകര്യങ്ങൾ ഒരുങ്ങും. എരുമേലിക്കു വികസന സാധ്യത.
വിനോദ സഞ്ചാര മേഖലകൾ
തേക്കടി, മൂന്നാർ, ഗവി, വാഗമൺ കേന്ദ്രീകരിച്ചു വനമേഖലാ ടൂറിസം വികസനത്തിനു സാധ്യത. സാഹസിക ടൂറിസം, പ്രകൃതി സൗഹൃദ ടൂറിസം എന്നിവയിലേക്ക് രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കും. ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടത്തിന്റെ പേര് മുതൽക്കൂട്ടാകും.
യാത്ര
വിവിധ എയർലൈൻ കമ്പനികൾ പ്രവർത്തനം ആരംഭിക്കും. ഇതിൽ രാജ്യാന്തര വിമാനങ്ങളും ആഭ്യന്തര വിമാനങ്ങളും ഉൾപ്പെടും. യാത്രക്കാർക്ക് വരാനും പോകാനും ടാക്സികൾ വേണം. പട്ടണങ്ങളെ ബന്ധിപ്പിച്ച് ബസ് സർവീസുകളും ആരംഭിക്കും.
ഗ്രൗണ്ട് ഹാൻഡ‍്‍ലിങ് വിഭാഗം
വിമാന സർവീസുകളുടെ മൂലക്കല്ലാണിത്. വന്നു പോകുന്ന വിമാനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും നൽകാൻ വിപുലമായ തൊഴിൽ സേന വേണം. വിമാനങ്ങളുടെ ശുചീകരണം മുതൽ ഇന്ധനം നിറയ്ക്കൽ വരെ ഈ മേഖലയിൽ ഉൾപ്പെടും.
ഹോട്ടൽ ശൃംഖല
യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടി പരിസര പട്ടണങ്ങളിൽ ഹോട്ടലുകൾ ഒരുങ്ങും. രാജ്യാന്തര ഹോട്ടൽ ഗ്രൂപ്പുകൾ മുതൽ സാധാരണ ഹോട്ടലുകൾ വരെ ഇതിൽപെടും. കോൺഫറൻസ് ഹാൾ, കൺവൻഷൻ സെന്റർ എന്നിവ ഉൾപ്പെടുന്ന ചെറു ടൗൺഷിപ്പുകൾ ഇപ്പോൾ വിമാനത്താവളത്തോടു ചേർന്നു വളരും. തീർഥാടന ടൂറിസം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ സാമീപ്യം എരുമേലിക്കു മുതൽക്കൂട്ടാകും.
ഭക്ഷണ ശാലകൾ
യാത്രക്കാർക്കും വിമാനത്തിലേക്കും വിപുലമായ ഭക്ഷണ ശൃംഖല ഒരുങ്ങും. വിമാനത്തിലേക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്ന എയർപോർട്ട് കിച്ചനുകൾ മികച്ച തൊഴിൽ സംരംഭം. പ്രത്യേക താപനിലയിൽ തയാറാക്കി സുരക്ഷിതമായി പായ്ക്ക് ചെയ്യുന്നതടക്കം എയർപോർട്ട് കിച്ചനുകൾക്ക് പ്രത്യേകതകൾ ഏറെ.
ചരക്കു നീക്കം
സുഗന്ധ ദ്രവ്യങ്ങൾ, റബർ എന്നിവയ്ക്കു മുൻതൂക്കം. ശബരിമല വിമാനത്താവളത്തിന്റെ വരുമാന മാർഗങ്ങളിൽ നിർണായകമാകും. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി പോലുള്ള സമീപ പട്ടണങ്ങളിൽ ചരക്കു നീക്കത്തിനുള്ള അനുബന്ധ സൗകര്യങ്ങൾ ഉയരും. കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസർ, വൻ ഗോഡൗണുകൾ എന്നിവയ്ക്കും സാധ്യത.
പച്ചക്കറി നീക്കം
മിക്ക വിമാനങ്ങളിലെയും കാർഗോ വിഭാഗത്തിൽ കൂടുതലും വിദേശ രാജ്യങ്ങളിലേക്കുള്ള പച്ചക്കറികൾ. തേനി, കമ്പം, ഇടുക്കി മേഖലകളിലെ പച്ചക്കറി ഉൽപാദന മേഖലയുമായുള്ള ബന്ധം ഗുണം ചെയ്യും.
എസ്റ്റേറ്റ്
കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നതിനാൽ മുക്കട കേന്ദ്രമാക്കിയാണു ദൂരം
കണക്കാക്കിയിരിക്കുന്നത്.