കോടിമത ലോറി സ്റ്റാൻഡിലെ കയ്യേറ്റം;കയ്യുംകെട്ടി നിൽക്കില്ലെന്ന് നഗരസഭ

Mail This Article
കോടിമത ∙ നഗരസഭയുടെ കോടിമത ലോറി സ്റ്റാൻഡിലെ അനധികൃത കയ്യേറ്റങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ, നഗരസഭ അറിഞ്ഞത് ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ മാത്രം. കെട്ടിടങ്ങൾ കയ്യേറി ഹോട്ടലും വർക് ഷോപ്പും ഉൾപ്പെടെ വർഷങ്ങളായി പ്രവർത്തിച്ചു വരികയാണെന്നും ഇത് ഒഴിപ്പിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. നഗരസഭയുടെ കോടിമത ലോറി സ്റ്റാൻഡ് കെഎസ്ആർടിസി ഗാരിജ് പ്രവർത്തിക്കുന്നതിനു 2015 ൽ 2 വർഷത്തേക്ക് സൗജന്യമായി നൽകിയിരുന്നു.
സ്റ്റാൻഡ് നിർമാണത്തിന് വേണ്ടിയാണ് ഗാരിജ് മാറ്റിസ്ഥാപിക്കാൻ ലോറി സ്റ്റാൻഡ് കെഎസ്ആർടിസി ആവശ്യപ്പെട്ടത്. 2 വർഷത്തിനു ശേഷവും നിർമാണം ആരംഭിക്കാൻ വൈകിയതോടെ നഗരസഭ ഇടപെട്ട് കെഎസ്ആർടിസി ഗാരിജ് ഇവിടെ നിന്നു നീക്കി. ഇതിനു ശേഷം ഗാരിജ് പ്രവർത്തിച്ചിരുന്ന മുറികൾ കയ്യേറി സ്വകാര്യ വ്യക്തികൾ ഹോട്ടലും വർക്ക് ഷോപ്പും മറ്റു സ്ഥാപനങ്ങളും നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ പരിശോധനയിലാണ് ഇവർക്കെതിരെ നടപടി കർശനമാക്കിയത്.