ADVERTISEMENT

കോട്ടയം ∙ ട്രാവൻകൂർ സിമന്റ്സിന്റെ പ്രതിസന്ധിക്കു പരിഹാരമാകുന്ന വസ്തു വിൽപനയ്ക്കു ടെൻഡർ ക്ഷണിച്ചു. കമ്പനിയുടെ ഉടമസ്ഥതയിൽ കാക്കനാട് വാഴക്കാല ദേശീയ കവലയിലുള്ള 2.79 ഏക്കർ സ്ഥലം വിൽക്കാനാണ് ആഗോള ടെൻഡർ ക്ഷണിച്ചത്. ഡിസംബർ 15 വരെ ടെൻഡർ നൽകാം. 18ന് ടെൻഡർ ഉറപ്പിക്കും. കഴിഞ്ഞ ദിവസത്ത യോഗത്തിലാണു ടെൻഡർ ക്ഷണിക്കാൻ തീരുമാനം സ്ഥലവിൽപന നടത്തിയാൽ കമ്പനിയുടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു കരുതുന്നത്. ഇതോടെ കോട്ടയത്തിന്റെ സ്വന്തം സിമന്റ്സിനു തിളക്കം വീണ്ടെടുക്കാം.

കമ്പനി ഓപ്പറേഷൻ മാനേജർ ബി.അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ.ജെ.സജി, സീനിയർ ഫിനാൻസ് മാനേജർ നിജേഷ് കുമാർ, പഴ്സനേൽ മാനേജർ സുജ സൂസൻ മാത്യു, കൊമേഴ്സ്യൽ മാനേജർ പ്രതീഷ് കുമാർ, ക്വാളിറ്റി കൺട്രോളർ പി.അശോക് കുമാർ, യൂണിയൻ പ്രതിനിധികളായ കെ.എൻ.മുഹമ്മദ് സിയ, ഷാജി തോമസ്, ജോബി ഏബ്രഹാം, സി.എം.അനി എന്നിവർ പങ്കെടുത്തു.

പ്രതിസന്ധിക്ക് പരിഹാരം എങ്ങനെ
 ∙ട്രാവൻകൂർ സിമന്റ്സിന് കാക്കനാട് സ്വന്തമായുള്ള  വസ്തു: 2.79 ഏക്കർ
 ∙സ്ഥലത്തെ ലാൻഡ് വാല്യു അനുസരിച്ചുള്ള തുക: 26 കോടി രൂപ.
 ∙പ്രതീക്ഷിക്കുന്ന തുക:  കുറഞ്ഞത് 40 കോടി രൂപ. കമ്പനിയുടെ ബാധ്യത
 ∙സിമന്റ് നിർമാണത്തിനുള്ള അവശ്യവസ്തുക്കൾ വാങ്ങിയത് അടക്കമുള്ള കുടിശിക: 22 കോടി രൂപ
 ∙വിരമിച്ച ജീവനക്കാർക്ക് അടക്കം നൽകാനുള്ള കുടിശിക: 8 കോടി രൂപ.  ആകെ 30 കോടി രൂപ 40 കോടി രൂപയ്ക്ക് വസ്തു വിൽക്കാനായാൽ 10 കോടി രൂപ കമ്പനിക്ക് ബാധ്യത തീർത്ത് ബാക്കി കിട്ടും. ഇതു പ്രവർത്തന മൂലധനമാക്കി കമ്പനിക്കു മുന്നേറാം.

തുക ലഭിച്ചാൽ
 ∙വസ്തു വിൽപനയായാൽ 2 കോടി രൂപ അഡ്വാൻസ് ലഭിക്കും. വിരമിച്ച ജീവനക്കാരുടെ കുടിശിക ഉടൻ കൊടുക്കാൻ സാധിക്കും. 
∙ക്ലിങ്കർ അടക്കം വാങ്ങാം. ഉൽപാദനം തുടങ്ങാം.
 ∙ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഇൻഷുർ ചെയ്ത് ഉറപ്പാക്കാനും നടപടിയുണ്ടാകുമെന്നു തൊഴിലാളി യൂണിയനുകൾ.

പ്രതിസന്ധികൾ
 ∙കമ്പനിയുടെ പ്രധാന ഉൽപന്നമായ വേമ്പനാട് വൈറ്റ് സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ ക്ലിങ്കർ ഇറക്കുമതി പ്രവർത്തന മൂലധനമില്ലാത്തതിനാൽ നടക്കുന്നില്ല. ഇതോടെ വൈറ്റ് സിമന്റ് ഉൽപാദനം നിലച്ചു.
∙രണ്ടാമത്തെ ഉൽപന്നമായ വാൾപുട്ടി നിർമാണവും പ്രതിസന്ധിയിൽ.
 ∙വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ മുടങ്ങി. ഇതിൽ 36 പേർ കോടതിയെ സമീപിച്ചു. ഇവർക്ക് 1.57 കോടി രൂപ ഉടൻ നൽകണമെന്ന് വിധി. കമ്പനി ജപ്തിയിലേക്കു വരെ ഈ പ്രശ്നം നീണ്ടു.
 ∙സർക്കാർ സഹായത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ട്രഷറിയിലുള്ള 50 ലക്ഷം പിൻവലിക്കാൻ അനുമതി നൽകി. ട്രഷറി നിയന്ത്രണമുള്ളതിനാൽ ഒരു ദിവസം 5 ലക്ഷം രൂപ വച്ച് പിൻവലിക്കാൻ അനുമതി ആവശ്യപ്പെട്ട് ധനവകുപ്പിനു വ്യവസായ വകുപ്പ് കത്തു നൽകിയിട്ടുണ്ട്.
 ∙ജീവനക്കാർക്ക് 2 മാസത്തെ ശമ്പളം നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com