പോളയിൽ മുങ്ങി കുമരകം ബോട്ട്ജെട്ടി
Mail This Article
കുമരകം ∙ ബോട്ട്ജെട്ടിയിൽ വീണ്ടും പോളനിറഞ്ഞു. വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളിൽ കിടന്ന പോള വേലിയേറ്റത്തിനും പടിഞ്ഞാറൻ കാറ്റടിച്ച സമയത്തും ബോട്ട്ജെട്ടി തോട്ടിൽ കയറുകയായിരുന്നു. കായലിന്റെ കിഴക്കൻ ഭാഗത്ത് ഒത്തുകൂടുന്ന പോളയ്ക്കു കയറാൻ അവസരം പാർത്തു കിടക്കുന്നതു പോലെയാണു ബോട്ട്ജെട്ടി തോട്. ഈ ഭാഗത്ത് കൂടി പോകുന്ന പോള മുഴുവനും തോട്ടിൽ കയറി നിറയുന്ന അവസ്ഥയാണ്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടഞ്ഞുകിടന്ന സമയത്തു പോള എപ്പോഴും നിറഞ്ഞു കിടക്കുകയായിരുന്നു. ഷട്ടറുകൾ തുറന്നു പോള ഒഴുകി മാറിയതോടെ കുറെ നാളായി പോളശല്യം ഇല്ലായിരുന്നു. കുമരകം– മുഹമ്മ ബോട്ട് സർവീസിനെ പോള ബാധിച്ചിട്ടില്ലെന്നതാണ് ആശ്വാസം. പോള ഇനിയും കയറി തിങ്ങിനിറഞ്ഞാൽ ബോട്ട് സർവീസിനെ ബാധിക്കും. ഭാഗ്യമുണ്ടെങ്കിൽ വേലിയിറക്കത്തിനു പോളയിറങ്ങി പോകാനും സാധ്യതയുണ്ട്. ഉടൻ തരിച്ചുകയറുകയും ചെയ്യും.