വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

Mail This Article
വടകര ∙ ദേശീയ പാതയിൽ കണ്ണൂക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഒരാളെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ വിജയനഗർ എക്കാട്ടുമന പത്മനാഭൻ നമ്പൂതിരി (53), ഭാര്യ അനിത(43), ഇളയ മകൻ ശ്രാവൺ (21) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രേയസിനെ (23) നട്ടെല്ലിനു പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കുടജാദ്രി എന്നിവിടങ്ങൾ സന്ദർശിക്കാൻ വെള്ളിയാഴ്ച തൃശൂരിൽ നിന്നു പുറപ്പെട്ടതായിരുന്നു കുടുംബം.
മടങ്ങി വരുന്ന വഴി ഇന്നലെ പുലർച്ചെ 2.45 നായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. തൃശൂർ പാലിയേക്കര മണലി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തിയായിരുന്നു പത്മനാഭൻ നമ്പൂതിരി. പാലിയേക്കര ചിറ്റിശേരി ശാസ്താക്ഷേത്രം ശാന്തിക്കാരനും തൃശൂർ അരീന ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായിരുന്നു ശ്രാവൺ. ഇന്നലെ അളഗപ്പനഗറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വൈകിട്ട് ഇരിങ്ങാലക്കുട എടതിരിഞ്ഞിയിലെ തറവാട്ടു വീട്ടിലേക്കു കൊണ്ടുപോയി.