കൃഷ്ണവേഷമണിഞ്ഞ് വീൽചെയറിൽ, ആഗ്രഹം സഫലമാക്കി മുഹമ്മദ് യഹിയാ സാക്കിഫ്; ശോഭായാത്രകൾ ഒഴുകിനിറഞ്ഞു, നഗരം അമ്പാടിയായി

Mail This Article
കോഴിക്കോട്∙ ചന്നംപിന്നം ചാറിയ മഴയെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹമായി കണ്ട്, ആവേശത്താൽ കൃഷ്ണ ഗീതങ്ങൾ ആലപിച്ച് നൂറുകണക്കിനു പേർ ജില്ലയിലെ വിവിധയിടങ്ങളിൽ ബാലഗോകുലം നടത്തിയ മഹാശോഭയാത്രകളിൽ അണിനിരന്നു. വൈകിട്ടു വരെ തെളിഞ്ഞ അന്തരീക്ഷത്തിൽ മഹാശോഭയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടന്നെങ്കിലും ശോഭായാത്ര തുടങ്ങുന്ന സമയത്ത് ജില്ലയിൽ മിക്കയിടത്തും മഴ കനത്തു.
പിച്ചവച്ചു തുടങ്ങിയ കൊച്ചു കുട്ടികളടക്കമുള്ള കൃഷ്ണ ഭക്തർ പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ കൃഷ്ണ സ്തുതി ഗീതങ്ങളുമായി മഹാശോഭയാത്രയ്ക്കൊപ്പം നീങ്ങി. തെരുവീഥികളിൽ മഹാശോഭയാത്ര കാണാൻ സ്ത്രീകളും കുട്ടികളുമായി ആയിരങ്ങൾ അണിനിരന്നു. ധർമ സംരക്ഷണത്തിനായി അവതാരമെടുത്ത ശ്രീകൃഷ്ണന്റെ ജന്മദിനം വിവിധ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളോടെയാണ് ആഘോഷിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

കൃഷ്ണവേഷമണിഞ്ഞ് ആഗ്രഹം സഫലമാക്കി മുഹമ്മദ് യഹിയാ സാക്കിഫ്
കോഴിക്കോട് ∙ ബാലഗോകുലം മഹാശോഭായാത്രയിൽ മതമൈത്രിയുടെ പ്രതീകമായി മുസ്‍ലിം ബാലനും ശ്രീകൃഷ്ണ വേഷം ധരിച്ചു പങ്കെടുത്തു. വെസ്റ്റ്ഹിൽ യൂണിറ്റിന്റെ ശോഭായാത്രയിലാണ് തലശേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ വിദ്യാർഥി മുഹമ്മദ് യഹിയാ സാക്കിഫ് പങ്കെടുത്തത്. ശ്രീകൃഷ്ണ വേഷം ധരിച്ച് വീൽചെയറിൽ സഞ്ചരിച്ച കുട്ടിക്കൊപ്പം ഉമ്മയുടെ ഉമ്മ എ.ഫരീദയും പങ്കെടുത്തു. ശ്രീകൃഷ്ണ വേഷം ധരിച്ച് ശോഭായാത്രയിൽ പങ്കെടുക്കണമെന്ന കൊച്ചു മകന്റെ ആഗ്രഹത്തിനൊപ്പം കുടുംബം നിൽക്കുകയായിരുന്നെന്നും അതിനു വേണ്ട സഹായങ്ങൾ വെസ്റ്റ്ഹില്ലിലെ ബാലഗോകുലം അംഗങ്ങൾ ചെയ്തു തന്നെന്നും എ.ഫരീദ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തലശ്ശേരി സ്വദേശികളായ ഈ കുടുംബം കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് കഴിഞ്ഞ 7 വർഷമായി വെസ്റ്റ്ഹില്ലിൽ താമസിക്കുന്നത്. ബിലാത്തികുളം ബിഇഎം യുപി സ്കൂളിൽ 3–ാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് യഹിയാ സാക്കിഫ്. കഴിഞ്ഞ വർഷം ഈ കുട്ടിയെ തെറപ്പിക്കു കൊണ്ടുപോയി തിരിച്ചുവരുമ്പോൾ ശോഭായാത്ര കണ്ടിരുന്നു. അന്ന് ശ്രീകൃഷ്ണ വേഷം ധരിച്ച് ശോഭായാത്രയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതാണ് വെസ്റ്റ്ഹിൽ ബാലഗോകുലം യൂണിറ്റ് അംഗങ്ങളുടെ സഹായത്താൽ സാക്ഷാൽക്കരിച്ചത്.