രാമനാട്ടുകര പാർക്ക് ജംക്‌ഷനിൽ സ്ഥിരം ഡിവൈഡറിനു പദ്ധതി

Mail This Article
രാമനാട്ടുകര ∙ നഗരത്തിൽ പാർക്ക് ജംക്‌ഷനിൽ സ്ഥിരം ഡിവൈഡർ നിർമിക്കാൻ മരാമത്ത് വകുപ്പിനു പദ്ധതി. നിലവിൽ നടപ്പാക്കുന്ന പഴയ എൻഎച്ച് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ഡിവൈഡർ നിർമിക്കാനാണു ശ്രമം. യൂണിവേഴ്സിറ്റി റോഡിൽ 55 മീറ്റർ നീളത്തിലാകും ഡിവൈഡർ. ഇതിൽ റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, മറ്റു അടയാളങ്ങൾ എന്നിവയും ഒരുക്കും. ഇതു സംബന്ധിച്ച് കത്ത് നൽകാൻ ട്രാഫിക് പൊലീസിനോട് പിഡബ്ല്യുഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിക്കുന്നതോടെ എയർപോർട്ട് റോഡും യൂണിവേഴ്സിറ്റി റോഡും സംഗമിക്കുന്ന കവലയിൽ ഡിവൈഡർ നിർമിക്കുമെന്നു അധികൃതർ അറിയിച്ചു.

നഗരത്തിൽ പതിവായി അപകടങ്ങളുണ്ടായ കവലയിൽ ട്രാഫിക് പൊലീസ് ഇടപെട്ടു 4 മാസം മുൻപാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിവൈഡർ ഒരുക്കിയത്. എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ നടത്തിയ ഇടപെടൽ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായകമായിരുന്നു.
നേരത്തേ ദിവസം 2 അപകടമെങ്കിലും റിപ്പോർട്ട് ചെയ്തിരുന്ന ജംക്‌ഷനിൽ ഡിവൈഡർ സ്ഥാപിച്ചതോടെ അപകടങ്ങൾ ഇല്ലാതായി. പരീക്ഷണം വിജയകരമായതോടെ സ്ഥിരം ഡിവൈഡർ സ്ഥാപിക്കാൻ ആവശ്യം ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് മരാമത്ത് റോഡ്സ് വിഭാഗം നടപടി സ്വീകരിക്കുന്നത്.
പഴയ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഒൻപതാം മൈൽസ് ഭാഗത്ത് ഡിവൈഡർ പുനർനിർമാണ പ്രവൃത്തി നടക്കുന്നുണ്ട്. ഇതു പൂർത്തിയായാൽ തോട്ടുങ്ങൽ മുതൽ എട്ടേനാല് വരെയുള്ള റോഡ് ടാറിങ് പ്രവൃത്തി പുനരാരംഭിക്കും.ടാറിങ് നടത്തിയ ശേഷം പാർക്ക് ജംക്‌ഷനിലെ ഡിവൈഡർ സ്ഥിരപ്പെടുത്തുന്ന പ്രവൃത്തി നടത്തുമെന്നു മരാമത്ത് അധികൃതർ സൂചിപ്പിച്ചു.