ഒറ്റ രാത്രിയിൽ പത്തിലധികം സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ; വിലങ്ങാട് ഒഴിവായത് വൻ ദുരന്തം

Mail This Article
വിലങ്ങാട് ∙ ഒറ്റ രാത്രിയിൽ പത്തിലധികം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായെങ്കിലും കൂടുതൽ അപകടമുണ്ടാകാതിരുന്നത് നാട്ടുകാരുടെ മുൻ കരുതൽ കൊണ്ടു മാത്രം. രക്ഷാപ്രവർത്തനത്തിനെത്തിയ റിട്ട. അധ്യാപകൻ കെ.എ.മാത്യുന്റെ മരണം മാത്രമാണ് നാട്ടുകാർക്ക് തീരാവേദനയായത്. രാത്രി 12.30 മുതൽ അടിച്ചിപ്പാറ മല, പാനോം, വലിയ പാനോം, മലയങ്ങാട്, കുറ്റല്ലൂർ, പന്നിയേരി, വായാട്, മാടാഞ്ചേരി, ആലിമൂല തുടങ്ങിയവിടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. നാട്ടുകാർക്ക് അതു മനസ്സിലാക്കാൻ കുത്തിയൊഴുകുന്ന പുഴ കണ്ടാൽ മതി. സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ മുഖേനയുമെല്ലാം സുരക്ഷിതരായിരിക്കാനും മാറി താമസിക്കേണ്ടവരോടു മാറാനുമൊക്കെ നാട്ടുകാർ അഭ്യർഥിച്ചു. അടിച്ചിപ്പാറയ്ക്കു താഴെയുള്ള മഞ്ഞക്കുന്ന് ഭാഗത്ത് ജീവൻ പണയം വച്ചു പരിസരവാസികൾ മറ്റുള്ളവരെ സഹായിക്കാനെത്തി. ആലിമൂലയിൽ 4 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തം മുന്നിൽ കണ്ടായിരുന്നു പലരും മുൻകരുതൽ സ്വീകരിച്ചത്.

അടിച്ചിപ്പാറ മലയിൽ നിന്നു തുടങ്ങിയ ഉരുൾ മഞ്ഞക്കുന്നിലെത്തുമ്പോഴേക്കും ഇല്ലാതായ വീടുകളും കടകളും കൃഷി ഭൂമിയുമേറെയാണ്. വിലങ്ങാടിന്റെ ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ ദിവസങ്ങളുടെ കഠിനാധ്വാനവും കോടികളുടെ സാമ്പത്തിക ബാധ്യതയും വേണ്ടി വരും.

ആശ്വാസ ക്യാംപുകൾ സജ്ജമാക്കിയെങ്കിലും ക്യാംപുകളിലേക്ക് ദുരന്തമേഖലകളിൽ നിന്ന് ആളുകളെയെത്തിക്കാൻ വാഹനങ്ങൾക്ക് എത്താൻ കഴിയാവുന്ന പരുവത്തിലല്ല, വിലങ്ങാടിന്റെ ഇപ്പോഴത്തെ കിടപ്പ്. ഇ.കെ.വിജയൻ എംഎൽഎ, റൂറൽ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, ഡിവൈഎസ്പി എ.പി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുരയ്യ, കെ.പി.പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ആർഡിഒ അൻവർ സാദത്ത്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെല്ലാം ആശ്വാസ നടപടികൾക്കെത്തിയിരുന്നു.