സ്പെയിനിൽ ഫുട്ബോൾ പരിശീലനത്തിന് അവസരം; പോകാൻ സഹായംതേടി യുവതാരം

Mail This Article
എടക്കര ∙ വിദേശത്ത് ഫുട്ബോൾ പരിശീലനത്തിന് അവസരം ലഭിച്ചുവെങ്കിലും പോകാൻ സാമ്പത്തിക ശേഷിയില്ലാതെ വിദ്യാർഥി. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി സനിൽ ജോസഫിന് (21) ആണ് പണമില്ലാത്തതിനാൽ പരിശീലനം മുടങ്ങുന്ന അവസ്ഥ വന്നിരിക്കുന്നത്. കൊച്ചിയിൽ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമി നടത്തിയ സിലക്‌ഷൻ ക്യാംപിലൂടെ സ്പെയിനിലെ ഇഎസ് മിസാൽറ്റ ഫുട്ബോൾ ക്ലബ്ബിലാണ് പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാഴ്ചയും ഒരു മാസവും വീതം ദൈർഘ്യമുള്ള രണ്ടുതരം പരിശീലനത്തിന് സനിൽ ജോസഫിന് അവസരമുണ്ട്. 1,75,000 രൂപയാണ് രണ്ടാഴ്ചത്തെ പരിശീലനത്തിനുള്ള ചെലവ്. ഒരു മാസത്തിന് 2,60,000 രൂപ വരും.
പരിശീലനത്തിനൊപ്പം വിവിധ രാജ്യാന്തര മത്സരങ്ങൾ കാണാനും അവസരമുണ്ട്. പരിശീലന കാലത്ത് മികച്ച പ്രകടനം നടത്താനായാൽ സ്പെയിനിലെ ക്ലബ്ബുകളിൽ കളിക്കാനും അവസരമുണ്ട്. തൃശൂരിൽ സ്വകാര്യ കോളജിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന സനിൽ ജോസഫ് കണ്ണൂർ ആർജിഎസ് ഫുട്ബോൾ ടീമിൽ കളിക്കുന്നുണ്ട്. സ്പെയിനിലെ പരിശീലനത്തിനു പോകാൻ ഉടനെ തന്നെ പണം അടയ്ക്കണം. നാട്ടുകാരുടെ സഹായത്തിൽ പണിത വീട്ടിലാണ് സനിലിന്റെ കുടുംബം കഴിയുന്നത്. പിതാവ് ജോസഫിന് കാര്യമായ വരുമാനമില്ല. മാതാവ് അന്നമ്മ തൊഴിലുറപ്പ് ജോലിക്കും മറ്റും പോവുകയാണ്. സുമനസ്സുകളുടെ സഹായത്തിലാണ് ഫുട്ബോളിൽ മികച്ച ഭാവിയുള്ള ഈ താരത്തിന്റെ പ്രതീക്ഷ.