കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിട നിർമാണം പൂർത്തിയായില്ല; വലഞ്ഞ് വിദ്യാർഥികളും അധ്യാപകരും
![palakkad-school-building palakkad-school-building](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2022/9/17/palakkad-school-building.jpg?w=1120&h=583)
Mail This Article
കുമരനല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിട നിർമാണം ഇനിയും പൂർത്തിയായില്ല: വലഞ്ഞ് വിദ്യാർഥികളും അധ്യാപകരും. ഹൈസ്കൂൾ വിഭാഗത്തിനായി 1.79 കോടി രൂപ ചെലവിലാണ് നവീന കെട്ടിട സമുച്ചയം വിഭാവനം ചെയ്ത് ഹാബിറ്റാറ്റിന് പണി നൽകിയത്. പ്രധാന പാതയ്ക്കരികിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം പണി നടത്തിയത്. ആധുനിക സൗകര്യങ്ങൾ ഉള്ള 10 ക്ലാസ് മുറികൾ, ഇതിന് അനുസൃതമായ ശുചിമുറികൾ എന്നിവയെല്ലാം രണ്ട് നിലകളിലായി സജ്ജീകരിച്ച കെട്ടിടത്തിലുണ്ട്..
വി.ടി. ബൽറാം എംഎൽഎ മുൻകൈ എടുത്ത് 2017ലാണ് ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. പ്രളയവും കോവിഡും ഉൾപ്പെടെ മറ്റ് പലതും പണികൾ വൈകാൻ കാരണമായി പറയുന്നുണ്ട്. ഫണ്ട് ലഭ്യതക്കുറവാണ് പണികൾ മന്ദഗതിയിലാകാൻ കാരണമായി ഇപ്പോൾ പറയുന്നത്. അക്കിത്തവും എംടിയും ഉൾപ്പെടെയുള്ളവർ പഠിച്ചിറങ്ങിയ വിദ്യാലയത്തിനാണ് ഈ ദുർഗതി എന്നതും ശ്രദ്ധേയമാണ്. പുതിയ അധ്യയന വർഷം ആരംഭിക്കും മുൻപേ പണി പൂർത്തിയാക്കി നൽകുമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂൾ അധികൃതർ. എന്നാൽ അധ്യയനം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒട്ടും മുന്നോട്ട് പോയിട്ടില്ല.
യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മൾട്ടി മീഡിയ റൂം, സ്റ്റോർ റൂം, സ്റ്റേജ് എന്നിവയടക്കം പഠന മുറികളാക്കിയാണ് സ്കൂളിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.പണി പൂർത്തിയാകാത്ത കെട്ടിടത്തിന് സമീപത്തായി കാലപ്പഴക്കം ചെന്ന മറ്റൊരു കെട്ടിടം പൊളിച്ച് 3.50 കോടി രൂപ ചെലവിൽ ഹയർ സെക്കൻഡറിക്കായി പുതിയ കെട്ടിടം നിർമിക്കുന്നുണ്ട്. മൂന്ന് ക്ലാസ് റൂമുകൾ ഈ കെട്ടിടത്തിലായിരുന്നു.