പുതുപ്പരിയാരം ജിഎൽപി സ്കൂൾ: വാടകക്കെട്ടിടത്തിൽ നിന്നു സ്മാർട് ക്ലാസിലേക്ക് ഇനിയെത്ര ദൂരം
Mail This Article
പുതുപ്പരിയാരം ∙ ‘നമ്മുടെ സ്കൂളിലെ സ്മാർട് ക്ലാസ് റൂം എവിടെ’ എന്നു കുട്ടികൾ ചോദിക്കുമ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുതുപ്പരിയാരം ജിഎൽപി സ്കൂളിലെ അധ്യാപകർക്ക് ഉത്തരമില്ല. പുതുപ്പരിയാരം പഞ്ചായത്തിലെ അഞ്ചാം വാർഡ് പാനപ്പന്തലിൽ 1918ൽ തുടങ്ങിയ സ്കൂൾ 105 വർഷം പിന്നിടുമ്പോഴും വാടകക്കെട്ടിടത്തിൽ തന്നെയാണ്. സ്വന്തമായി കെട്ടിടത്തിനായി ഒട്ടേറെ തവണ മന്ത്രിമാരെ ഉൾപ്പെടെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ സ്കൂളുകൾ മുഴുവൻ സ്വന്തം കെട്ടിടത്തിലാക്കുമെന്നു വർഷങ്ങൾക്കു മുൻപുള്ള സർക്കാർ പ്രഖ്യാപനം ഈ വിദ്യാലയത്തിന്റെ കാര്യത്തിൽ ഫലിച്ചില്ല.
അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ മോശമായതോടെ കുട്ടികൾ കുറഞ്ഞു. ഇപ്പോൾ 71 കുട്ടികളാണുള്ളത്. എൽപിയിൽ 43 പേരും പ്രീപ്രൈമറിയിൽ 28 പേരും. കുട്ടികൾക്കു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. നായർ സമാജത്തിന്റെ രണ്ടു കെട്ടിടത്തിലും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമായാണു വിദ്യാർഥികളുടെ പഠനം. പല ചെലവും അധ്യാപകരും പിടിഎയും ചേർന്നാണു വഹിക്കുന്നത്. ശുചിമുറിക്കു മേൽക്കൂര ഇല്ലാതിരുന്നത് അടുത്തിടെ അധ്യാപകരുടെ സ്വന്തം ചെലവിലാണു നേരെയാക്കിയത്.
കുട്ടികൾ ക്ലാസ് മുറിയിൽ നിന്ന് നേരെ ഇറങ്ങുന്നതു റോഡിലേക്കായതിനാൽ അപകട സാധ്യതയും കൂടുതലാണ്. സുരക്ഷയില്ലെന്ന കാരണത്താൽ പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർക്കാൻ മടിക്കുന്നതായി അധ്യാപകർ പറയുന്നു. പ്രധാന അധ്യാപകൻ ഉൾപ്പെടെ മൊത്തം 5 അധ്യാപകരാണുള്ളത്. സ്വന്തം കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് മുറികളിലിരുന്ന് ഈ കുട്ടികൾക്കും എന്നാണു പഠിക്കാൻ കഴിയുക എന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചോദ്യം. അതിനു സർക്കാർ കനിയണം.