ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിൽ ഒരു ഗോവണി കൂടി വേണം
![palakkad-school പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2024/6/24/palakkad-school.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നു നില ഹയർ സെക്കൻഡറി ബ്ലോക്കിലേക്ക് വിദ്യാർഥികൾക്കെത്താൻ ആകെയുള്ള ഒരു ഗോവണി മാത്രം. ഇതുവഴിയാണ് വിദ്യാർഥികളും അധ്യാപകരും പോകേണ്ടത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്രം 900 കുട്ടികൾ പഠിക്കുന്നുണ്ട്. അസംബ്ലിക്കു ശേഷവും ഇടവേളകളിലും ക്ലാസ് വിടുമ്പോഴും വിദ്യാർഥിനികൾ തിങ്ങി ഞെരുങ്ങി വേണം 40 പടികളുള്ള ഗോവണി വഴി പോകാനെന്ന് പിടിഎ പ്രസിഡന്റ് എം.അരവിന്ദാക്ഷൻ പറഞ്ഞു.
ഇതു സുരക്ഷയെ ബാധിക്കുമെന്നാണ് ആശങ്ക. 3 നില കെട്ടിടത്തിലേക്ക് നിലവിലുള്ളതിനു പുറമേ ഒരു വഴികൂടി സജ്ജമാക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പിൻവശം വഴി പുതിയൊരു ഗോവണിയോ, ഓരോ നിലയിലേക്കും നടപ്പാലമോ നിർമിക്കണമെന്നാണു ആവശ്യം. വിദ്യാർഥി സുരക്ഷയ്ക്ക് അനിവാര്യമാണിത്. കെട്ടിടത്തിന്റെ പിന്നിലുള്ള ഗേറ്റ് ഭാഗത്തു നിന്ന് പുതിയ ഗോവണി നിർമിക്കാൻ സ്ഥലമുണ്ട്.
ഇരുമ്പ് ഗോവണിക്ക് ഫണ്ട് വേണം
സ്കൂളിന്റെ ആവശ്യത്തെത്തുടർന്നു നഗരസഭ എൻജിനീയറിങ് വിഭാഗം കെട്ടിടത്തിലേക്കു പുതിയൊരു ഇരുമ്പിന്റെ ഗോവണി കൂടി നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് കണ്ടെത്തണം. ഇതിനായി മൂന്നു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തൽ. നഗരസഭയ്ക്കു ഫണ്ടില്ലെങ്കിൽ എംഎൽഎ, എംപി ഫണ്ടിന്റെ സാധ്യത പരിശോധിക്കണമെന്നും ആവശ്യം ഉണ്ട്. സ്കൂളിലെ ഇതര കെട്ടിടങ്ങളിലേക്കു വന്നു പോകാൻ ഒന്നിലധികം ഗോവണികൾ ഉണ്ട്. അടുത്തടുത്തുള്ള രണ്ട് ഹയർ സെക്കൻഡറി ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കാനും സംവിധാനം ഒരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.